Life In Christ - 2025
ബ്രിട്ടനിൽ ഈസ്റ്ററിന് കത്തോലിക്ക വിശ്വാസം സ്വീകരിക്കുവാന്‍ ആയിരങ്ങൾ
സ്വന്തം ലേഖകന്‍ 15-03-2019 - Friday
ലണ്ടന്‍, യു.കെ: ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ദേവാലയങ്ങളില്‍ വരുന്ന ഈസ്റ്റര്‍ ദിനത്തില്‍ കത്തോലിക്കാ വിശ്വാസം സ്വീകരിക്കുവാൻ തയ്യാറെടുക്കുന്ന ‘റൈറ്റ് ഓഫ് ഇലക്ഷ’നില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. ആയിരത്തിനടുത്ത് വിശ്വാസികളാണ് ഈസ്റ്ററിനോട് അനുബന്ധിച്ച് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുക. കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളിലായി വെസ്റ്റ്മിൻസ്റ്റര്‍ കത്തീഡ്രലില്‍ നടന്ന റൈറ്റ് ഓഫ് ഇലക്ഷനില്‍ മാത്രം നാനൂറോളം പേരാണ് പങ്കെടുത്തത്. ഇതില്‍ ഇരുനൂറു പേര്‍ മാമ്മോദീസ സ്വീകരിച്ചിട്ടില്ലാത്ത അക്രൈസ്തവരും, 219 പേര്‍ മാമോദീസ സ്വീകരിച്ചിട്ടുണ്ടെങ്കിലും ദിവ്യകാരുണ്യ സ്വീകരണം നടത്താത്തവരുമാണ്.
കത്തോലിക്കാ സഭയിലേക്ക് പരിവര്‍ത്തനം ചെയ്യുവാനാഗ്രഹിക്കുന്ന മുതിര്‍ന്ന കുട്ടികള്‍ക്കും, പ്രായപൂര്‍ത്തിയായവര്‍ക്കും കത്തോലിക്ക വിശ്വാസത്തെ പരിചയപ്പെടുത്തുകയും, ദിവ്യകാരുണ്യം, സ്ഥൈര്യലേപനം തുടങ്ങിയ കൂദാശകള്‍ സ്വീകരിക്കുവാന്‍ വേണ്ടി തയ്യാറാക്കുകയും ചെയ്യുന്ന പരിശീലന പരിപാടിയാണ് ‘റൈറ്റ് ഓഫ് ഇലക്ഷന്‍’. നോമ്പ് കാലത്തിന്റെ ആരംഭത്തിലാണ് സാധാരണയായി ഈ വിശ്വാസ പരിശീലന പരിപാടി നടത്തുന്നത്. വിശ്വാസ പരിവര്‍ത്തനത്തിന് വ്യക്തികളെ തയ്യാറാക്കുന്ന ‘റൈറ്റ് ഓഫ് ക്രിസ്റ്റ്യന്‍ ഇനീഷ്യേഷന്‍ ഓഫ് അഡള്‍ട്സ്’ (RCIA)ന്റെ അവസാനഘട്ടങ്ങളിലൊന്നാണിത്.
ക്ലിഫ്ടണില്‍ നടന്ന റൈറ്റ് ഓഫ് ഇലക്ഷനില്‍ മാമോദീസ സ്വീകരിക്കാത്ത 19 പേരുള്‍പ്പെടെ 47 പേരാണ് പങ്കെടുത്തത്. ലങ്കാസ്റ്ററില്‍ 32 പേര്‍ പങ്കെടുത്തു. ഇതില്‍ 17 പേര്‍ മാമോദീസ സ്വീകരിക്കാത്തവരും, 15 പേര്‍ മാമ്മോദീസ സ്വീകരിച്ചവരുമാണ്. കിഴക്കന്‍ ആംഗ്ലിയായില്‍ 60 പേരാണ് പങ്കെടുത്തത്. ബര്‍മിംഗ്ഹാമിലെ സെന്റ് ചാഡ്‌സ് ദേവാലയത്തില്‍ നടന്ന പരിപാടിയില്‍ 181 പേര്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷത്തേക്കാളും കൂടുതലാണിത്. നോട്ടിംഹാമില്‍ 151 പേരാണ് തയ്യാറെടുപ്പുകള്‍ നടത്തിയത്. മുന്‍ വര്‍ഷത്തേക്കാളും 30 പേര്‍ കൂടുതല്‍.
ക്രൈസ്തവ വിശ്വാസത്തിന് വിള്ളല്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന യൂറോപ്പിനു പുതു പ്രതീക്ഷയേകുന്നതാണ് പുതിയ കണക്കുകള്‍. വെസ്റ്റ്മിൻസ്റ്റര്‍ കത്തീഡ്രലില്‍ റൈറ്റ് ഓഫ് ഇലക്ഷന്റെ ഭാഗമായി നടന്ന വിശുദ്ധ കുർബാനക്ക് കര്‍ദ്ദിനാള്‍ നിക്കോള്‍സ് നേതൃത്വം നല്‍കി. മെത്രാന്മാരായ ജോണ്‍ ഷെറിംഗ്ടണ്‍, നിക്കോളാസ് ഹഡ്സന്‍, പോള്‍ മക് അലീനന്‍, ജോണ്‍ വില്‍സന്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.