News - 2024

ന്യൂസിലൻഡ് ആക്രമണം: ക്രൈസ്തവ ദേവാലയം ഇസ്ലാം പള്ളിയാക്കുവാന്‍ പ്രകടനം

സ്വന്തം ലേഖകന്‍ 18-03-2019 - Monday

ഇസ്താംബൂള്‍: ന്യൂസിലാന്റിലെ മോസ്ക്കുകളില്‍ നടന്ന ഭീകര ആക്രമണത്തിന് പിന്നാലെ വിചിത്ര ആവശ്യവുമായി തുര്‍ക്കിയില്‍ ഇസ്ലാമിക സംഘടനകളുടെ പ്രതിഷേധ പ്രകടനം. തുർക്കിയിലെ പ്രശസ്ത ക്രൈസ്തവ ദേവാലയമായ ഹഗിയ സോഫിയ, മുസ്ലിം പള്ളി ആക്കണമെന്നാവശ്യപ്പെട്ടാണ് വിവിധ ഇസ്ളാമിക സംഘടനകളിലെ നൂറുകണക്കിനാളുകളാണ് പ്രതിഷേധ പ്രകടനത്തിനായി എത്തിയത്. തീവ്ര വലതുപക്ഷ ചിന്താഗതി പുലർത്തിയ വംശീയവാദി, ന്യൂസിലൻഡിലെ മുസ്ലിം പള്ളിയിൽ നടത്തിയ ആക്രമണത്തിൽ 49 ആളുകൾ കൊല്ലപ്പെട്ടതിനു പിന്നാലെയായിരിന്നു പ്രകടനം.

1453ൽ മനോഹരമായി പണികഴിപ്പിച്ച ഈ ക്രൈസ്തവ ദേവാലയം ബൈസന്‍റൈന്‍ ഭരണാധികാരികളിൽ നിന്നും ഒട്ടോമൻ തുർക്കികൾ പിടിച്ചടക്കുകയായിരുന്നു. അവർ ഹഗിയ സോഫിയ ഒരു മുസ്ലിം പള്ളി ആക്കിമാറ്റി. പിന്നീട് പത്തൊന്‍പതാം നൂറ്റാണ്ടിൽ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന തുർക്കി ഭരണാധികാരിയായിരുന്ന മുസ്തഫ കമാൽ അത്താതുർക്ക്, ഹഗിയ സോഫിയ ഒരു മ്യൂസിയമാക്കി സന്ദർശകർക്ക് തുറന്നുകൊടുക്കുകയായിരിന്നു. വർഷംതോറും ലക്ഷക്കണക്കിന് സന്ദർശകരാണ് സ്വദേശത്തുനിന്നും, വിദേശത്തുനിന്നും ഇവിടെ എത്തിച്ചേരുന്നത്.

തീവ്ര ഇസ്ലാമിക ചിന്ത വെച്ചുപുലർത്തുന്ന ഇപ്പോഴത്തെ തുർക്കി ഭരണാധികാരിയായ, തയിബ് എർഡോഗൻ ഹഗിയ സോഫിയ ദേവാലയം വീണ്ടുമൊരു മുസ്ലിം പള്ളി ആക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും അന്താരാഷ്ട്ര സമ്മർദ്ധങ്ങളെ ഭയപ്പെട്ട് നിലപാട് ഉപേക്ഷിക്കുകയായിരിന്നു. എന്നാല്‍ ഈ ആവശ്യവുമായി രാജ്യത്തു ഇസ്ലാം മതസ്ഥര്‍ സംഘടിക്കുന്നത് വീണ്ടും ആരംഭിച്ചിരിക്കുകയാണ്. 1931-ൽ പുറത്തിറങ്ങിയ ലോകാത്ഭുതങ്ങളുടെ പട്ടികയില്‍ ഇടം നേടിയ കെട്ടിടം കൂടിയായിരിന്നു ഹഗിയ സോഫിയ.


Related Articles »