News - 2024

നാല് വര്‍ഷം: ക്രൈസ്തവ രക്തസാക്ഷികളെ സ്മരിച്ച് പാക്ക് വിശ്വാസികള്‍

സ്വന്തം ലേഖകന്‍ 19-03-2019 - Tuesday

ലാഹോർ: നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാക്കിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ട ക്രൈസ്തവ രക്തസാക്ഷികളെ സ്മരിച്ചു വിശ്വാസി സമൂഹം. 2015 മാർച്ച് പതിനഞ്ചിന് യോഹന്നാബാദിൽ രണ്ട് ദേവാലയങ്ങളിലായി നടന്ന ആക്രമണത്തില്‍ ഇരുപത്തിയൊന്ന് പേർ മരണമടയുകയും എൺപതോളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിന്നു. പാക്കിസ്ഥാനിൽ ക്രൈസ്തവർ സുരക്ഷിതരല്ലെന്ന ദുഃഖകരമായ സത്യമാണ് ഇത് ഓർമിപ്പിക്കുന്നതെന്ന് ലാഹോർ ആർച്ച് ബിഷപ്പ് സെബാസ്റ്റ്യൻ ഫ്രാൻസിസ് ഷാ അനുസ്മരണ ബലിയില്‍ പറഞ്ഞു.

ദേവാലയത്തിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് സുരക്ഷയൊരുക്കിയ സന്നദ്ധ പ്രവർത്തകരുടെ സമയോചിത ഇടപെടലാണ് ദേവാലയത്തിനകത്തെ ആയിരത്തിയഞ്ഞൂറോളം വിശ്വാസികളുടെ ജീവൻ സംരക്ഷിച്ചത്. ക്രൈസ്തവ വിശ്വാസവും ദേവാലയത്തിലെ വിശ്വാസികളുടെ ജീവനും സംരക്ഷിക്കാൻ രക്തസാക്ഷിത്വം വരിച്ച യുവാക്കൾ അവസാന നിമിഷം വരെയും ക്രിസ്തുവിന് സാക്ഷ്യം വഹിച്ചു. വിശ്വാസത്തിനായി ജീവൻ ത്യജിച്ച പാക്കിസ്ഥാനിലെ ക്രൈസ്തവർ നിത്യജീവന്റെ കിരീടം നേടിയിരിക്കും. രാജ്യത്തുടനീളം ക്രൈസ്തവർക്ക് സുരക്ഷയൊരുക്കുന്ന പാക്കിസ്ഥാൻ സൈന്യത്തിന് നന്ദി അര്‍പ്പിക്കുന്നതായും ആർച്ച് ബിഷപ്പ് പറഞ്ഞു.

ന്യൂസിലൻറ് ഭീകരാക്രമണങ്ങളിൽ ഇരയായവർക്ക് വേണ്ടി പ്രാർത്ഥിക്കുവാനും ആര്‍ച്ച് ബിഷപ്പ് ആഹ്വാനം നല്‍കി. പ്രാർത്ഥനയ്ക്കായി ഒത്തുചേർന്ന മുസ്ളിം സഹോദരങ്ങൾക്ക് നേരെ നടത്തിയ വെടിവെയ്പ്പ് അത്യന്തം ഖേദകരമാണ്. പ്രിയപ്പെട്ടവരുടെ ദുഃഖത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങൾക്ക് ആശ്വാസവും പ്രതിസന്ധിയെ തരണം ചെയ്യാൻ ശക്തിയും ദൈവം നല്കും. പാക്കിസ്ഥാനിലെ ക്രൈസ്തവരും ഇത്തരം പ്രതിസന്ധികളിലൂടെ കടന്നുപോകുന്നതിനാൽ അവരുടെ ദു:ഖത്തിൽ പങ്കുചേരാനാകും. തീവ്രവാദമെന്ന തിന്മയെ ഉന്മൂലനം ചെയ്യാൻ പാക്കിസ്ഥാനിലെയും ന്യൂസീലൻറിലെയും ഭരണകൂടങ്ങൾക്ക് സാധിക്കട്ടെയെന്നും അതുവഴി ലോകത്തിലെ ജനങ്ങൾ സമാധാനത്തിനും സന്തോഷത്തിലും ജീവിക്കാൻ ഇടവരുന്നതിന് പ്രാർത്ഥിക്കുന്നതായും മോൺ. ഷാ കൂട്ടിച്ചേർത്തു.


Related Articles »