India - 2024

മതസ്വാതന്ത്ര്യം ധ്വംസിക്കുന്ന കേന്ദ്ര സംസ്ഥാന നിലപാടുകള്‍ അംഗീകരിക്കാനാവില്ല: ജാഗ്രതാസമിതി

സ്വന്തം ലേഖകന്‍ 22-03-2019 - Friday

ചങ്ങനാശേരി: ക്രൈസ്തവരുടെ പുണ്യദിവസങ്ങള്‍ പ്രവര്‍ത്തിദിനങ്ങളാക്കുന്നത് അംഗീകരിക്കാനാവില്ലന്നും, ഇത്തരം നീക്കങ്ങള്‍ നടത്തുന്ന കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്‍റുകളുടെ നിലപാടുകള്‍ അത്യന്തം അപലപനീയവും പ്രതിഷേധാര്‍വുമാണെന്നും ചങ്ങനാശേരി അതിരൂപതാ പബ്ലിക് റിലേഷന്‍സ്-ജാഗ്രതാസമിതി. ലോകം മുഴുവനിലുമുള്ള ക്രൈസ്തവര്‍ പുണ്യദിനമായി ആചരിക്കുന്ന പെസഹാ വ്യാഴാഴ്ച്ച ചില സംസ്ഥാനങ്ങളില്‍ ലോകസഭാ ഇലക്ഷന്‍ ക്രമീകരിച്ചതും, ദുഃഖവെള്ളിയാഴ്ച്ച ദാമന്‍ ദിയു, ദാദ്രാനഗര്‍ ഹവേലി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളില്‍ പൊതു അവധി റദ്ദാക്കിയതും മതസ്വാതന്ത്ര്യത്തിനും ആരാധനാ അവകാശത്തിനും നേരെയുള്ള കടന്നുകയറ്റമാണ്.

പെസഹാവ്യാഴം ദുഃഖവെള്ളി ദിവസങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി പരീക്ഷകളുടെ മൂല്യനിര്‍ണ്ണയക്യാമ്പ് നടത്തുന്നത്, ക്രൈസ്തവ ന്യൂനപക്ഷങ്ങളോടുള്ള വെല്ലുവിളിയാണ്. കൂടാതെ സംസ്ഥാനസര്‍ക്കാര്‍ പി.എസ്.സി. പരീക്ഷകളും വിവിധ വകുപ്പുതല പരീക്ഷകളും ഞായറാഴ്ചകളില്‍ നടത്തുവാന്‍ നിശ്ചയ്ച്ചിരിക്കുന്നതും ഒരിക്കലും അംഗീകരിക്കാനാവില്ല.

ഇത്തരം ക്രൈസ്തവ വിരുദ്ധ, വിശ്വാസ വിരുദ്ധ നീക്കങ്ങള്‍ തിരുത്തുവാന്‍ കേന്ദ്ര ഇലക്ഷന്‍ കമ്മീഷനും, കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്‍റുകളും അടിയന്തരമായി തയ്യാറാകണമെന്ന് സമിതി ആവശ്യപ്പെട്ടു. അതിരൂപതാ കേന്ദ്രത്തില്‍ പി.ആര്‍.ഒ. അഡ്വ. ജോജി ചിറയിലിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം, ജാഗ്രതാസമിതി കോര്‍ഡിനേറ്റര്‍ ഫാ. ആന്‍റണി തലച്ചെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ജോബി പ്രാക്കുഴി, സോണി കണ്ടങ്കരി, ഡൊമിനിക്ക് വഴീപ്പറമ്പില്‍ അഡ്വ. ജോര്‍ജ് വര്‍ഗീസ് കോടിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Related Articles »