News - 2024

'ക്രിസ്തുമതം സമാധാനത്തിന്റെ മതമല്ല': ക്രൈസ്തവ വിരുദ്ധ നിലപാടില്‍ ബ്രിട്ടീഷ് ഹോം ഓഫീസ്

സ്വന്തം ലേഖകന്‍ 22-03-2019 - Friday

ലണ്ടന്‍: ‘ക്രിസ്തുമതത്തില്‍ സമാധാനവും ക്ഷമയും കരുണയുമുണ്ട്’ എന്ന വാക്യം എഴുതി ബ്രിട്ടനില്‍ അഭയം തേടി സമര്‍പ്പിച്ച ഇറാന്‍ സ്വദേശിയുടെ അപേക്ഷ തള്ളിയ ബ്രിട്ടീഷ് ഹോം ഓഫീസിന്റെ നിലപാടില്‍ വ്യാപക പ്രതിഷേധം. ബൈബിള്‍ വാക്യങ്ങള്‍ ഉപയോഗിച്ച് അപേക്ഷ നിരസിച്ച ബ്രിട്ടീഷ് ഇമ്മിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ നടപടിയാണ് വന്‍ വിവാദത്തിലായിരിക്കുന്നത്. ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഇറാന്‍ സ്വദേശിക്കെതിരെയാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഈ കടുത്ത നീതിനിഷേധം.

2016-ലാണ് ഇറാന്‍ സ്വദേശി ബ്രിട്ടനില്‍ അഭയം തേടി അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ബ്രിട്ടീഷ് ഹോം ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ ബൈബിള്‍ സമാധാനത്തിന്റെ മതമാണ്‌ എന്ന്‍ എഴുതിയതിനെ ഖണ്ഡിച്ച് അപേക്ഷ നിരസിക്കുകയായിരിന്നു. യുദ്ധത്തെക്കുറിച്ചുള്ള പഴയ നിയമഭാഗങ്ങളും, “ഭൂമിയില്‍ സമാധാനമാണ് ഞാന്‍ കൊണ്ടുവന്നിരിക്കുന്നതെന്ന് നിങ്ങള്‍ വിചാരിക്കരുത്; സമാധാനമല്ല, വാളാണ് ഞാന്‍ കൊണ്ടുവന്നിരിക്കുന്നത്” (മത്തായി 10:34) എന്ന ബൈബിള്‍ വാക്യവും പരാമര്‍ശിച്ചുകൊണ്ട് 'ക്രിസ്തുമതം സമാധാനത്തിന്റെ മതമാണെന്ന താങ്കളുടെ വാദത്തിനു ചേരുന്നതല്ല ഈ ബൈബിള്‍ വാക്യങ്ങള്‍' എന്ന് പറഞ്ഞാണ് അപേക്ഷ നിരസിച്ചത്.

ബൈബിള്‍ ഉപയോഗിച്ച് അപേക്ഷ നിരസിച്ച സര്‍ക്കാര്‍ നടപടിയെ അപലപിച്ചുകൊണ്ട് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് രംഗത്തെത്തിയിട്ടുണ്ട്. മതവിശ്വാസത്തെ സംബന്ധിച്ചുള്ള തങ്ങളുടെ ബോധ്യത്തില്‍ ഹോം ഓഫീസ് മാറ്റം വരുത്തേണ്ടിയിരിക്കുന്നുവെന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നതെന്നാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ കത്തയച്ചതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് സര്‍ക്കാര്‍ വാദം. ഇതിനെതിരെ അപ്പീലിന് പോകുവാനാണ് ഇറാന്‍ സ്വദേശിയുടെ തീരുമാനം.

ഇതാദ്യമായിട്ടല്ല ബ്രിട്ടീഷ് ഹോം ഓഫീസിനെതിരെ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉയരുന്നത്. ഇറാഖ്-സിറിയ എന്നിവിടങ്ങളില്‍ നിന്നുള്ള 3 സിറിയക് ഓര്‍ത്തഡോക്സ് മെത്രാപ്പോലീത്തമാര്‍ക്കും, രോഗിയായ തന്റെ സഹോദരിയെ സന്ദര്‍ശിക്കുവാന്‍ വിസക്ക് അപേക്ഷിച്ചിരുന്ന ഇറാഖി കന്യാസ്ത്രീക്കും വിസ നിഷേധിച്ച ബ്രിട്ടീഷ് ഹോം ഓഫീസിന്റെ നടപടി ആഗോളതലത്തില്‍ വന്‍ വിമര്‍ശനത്തിന് കാരണമായിരിന്നു.


Related Articles »