News - 2025
ക്രിസ്തുമതം അതിവേഗം വളരുന്നത് തടയാൻ ചൈനീസ് ഗവൺമെന്റ് മതവിരുദ്ധ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു
അഗസ്റ്റസ് സേവ്യർ 27-04-2016 - Wednesday
പ്രതികൂല സാഹചര്യത്തിലും ക്രിസ്തുമതം അതിവേഗം വളരുന്നത് നിയന്ത്രിക്കാൻ ചൈനയിൽ, ഗവൺമെന്റിന്റെ നേതൃത്വത്തിൽ മതസ്വാതന്ത്ര്യത്തെ പറ്റിയുള്ള കോൺഫ്രൻസ് സംഘടിപ്പിച്ചു. പതിനഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം ആദ്യമായി സംഘടിപ്പിച്ച ഈ കോൺഫ്രൻസിൽ നടത്തിയ പ്രസംഗത്തിൽ, ചൈനീസ് പ്രസിഡന്റ് ഗ്സീ ജിൻപിങ്ങ് ധീരമായ മതവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന കമ്മ്യൂണിസ്റ്റുകളെ അഭിനന്ദിച്ചു.
കഴിഞ്ഞ കുറെ മാസങ്ങളായി കത്തോലിക്കാ സഭയ്ക്ക് നേരെ, ഗവൺമെന്റ് പിന്തുണയോടെയുള്ള അക്രമങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. പല സ്ഥലങ്ങളിലും ഭൂഗർഭ അറകളിലും ഒളിവീടുകളിലുമാണ് ക്രൈസ്തവർ ദിവ്യബലിയും, ആരാധനയും മതപ്രവർത്തനങ്ങളും നടത്തികൊണ്ടിരിക്കുന്നത്.
മതം ഇല്ലായ്മ ചെയ്ത് യുവജനങ്ങളുടെ മനസ്സിൽ സോഷ്യലിസ്റ്റ് ആശയങ്ങൾ നിറയ്ക്കാൻ കമ്പ്യൂണിസ്റ്റ് പ്രവർത്തകർ ശ്രമിക്കണമെന്ന് പ്രസിഡന്റ് ജിൻപിങ്ങ് അണികളെ ഉപദേശിച്ചു. ചൈനയുടെ സോഷ്യലിസ്റ്റ് ആശങ്ങൾ പ്രചരിപ്പിക്കാനുള്ള വേദിയായി മതങ്ങളെ മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ക്രൈസ്തവ മതം അതിവേഗം ചൈനയില്‍ വളർന്നു കൊണ്ടിരിക്കുന്നതിൽ ഗവൺമെന്റിനുള്ള ഭയം 'The Global Times' എന്ന സർക്കാർ പ്രസിദ്ധീകരണത്തിന്റെ ചില ലേഖനങ്ങളിൽ വ്യക്തമാകുന്നു.
കമ്മ്യൂണിസ്റ്റ് നിയന്ത്രണത്തിലുള്ള പാട്രിയോട്ടിക് ചർച്ചിൽ അംഗമാകാൻ വിസമ്മതിച്ച് ഒളിവിൽ ആരാധനയും മത പ്രവർത്തനങ്ങളും നടത്തുന്ന ആറ് മില്ല്യൻ കത്തോലിക്കർ ചൈനയിലുണ്ടെന്നാണ് കണക്ക്. മാർപാപ്പയുടെ അപ്പസ്തോലികത്വം ആദരവോടെ അംഗീകരിച്ചു കൊണ്ടാണ് ഈ ആറ് മില്ല്യൻ കത്തോലിക്കർ ജീവിക്കുന്നത്.
"കമ്മ്യൂണിസ്റ്റുകൾ ഞങ്ങളെ നയിക്കാൻ ശ്രമിക്കുകയാണ്. ദൈവത്തിൽ വിശ്വസിക്കാത്ത അവർക്ക് അതിന് കഴിയുകയില്ല'." ഫാദർ ഡോംഗ് ബൗലോ എന്ന കത്തോലിക്കാ പുരോഹിതൻ പറയുന്നു.
സർക്കാരിന്റെ പാട്രിയോട്ടിക് ചർച്ചിൽ അംഗമാകാൻ വിസമ്മതിക്കുന്ന കത്തോലിക്കർ പല വിധത്തിൽ പീഠിപ്പിക്കപ്പെടുന്നുണ്ട്. ചിലർ നിഗൂഢ സാഹചര്യങ്ങളിൽ അപ്രത്യക്ഷരാകുന്നു. ഏപ്രിൽ മാസത്തിൽ ഇതേ വരെ അഞ്ചു വൈദികർ ഒരു വിവരവും ശേഷിപ്പിക്കാതെ അപ്രത്യക്ഷരായി. മറ്റൊരു വൈദികൻ ദുരൂഹ സാഹചര്യങ്ങളിൽ മരണമടഞ്ഞു. അത് ഒരു ആത്മഹത്യയാണെന്ന് പോലീസ് റിപ്പോർട്ട് ചെയ്തെങ്കിലും വൈദികനെ അടുത്തറിയാവുന്നവർ ആ വാദം തള്ളിക്കളയുന്നു. കഴിവു തെളിയിക്കുന്ന ആത്മീയ നേതാക്കളെ ഇല്ലായ്മ ചെയ്തു കൊണ്ട് ക്രൈസ്തവ മതത്തെ തകർക്കാനാണ് ചൈനീസ് നേതൃത്വം ലക്ഷ്യമിടുന്നത്.
പക്ഷേ, സർക്കാർ ഒരുക്കുന്ന ഈ പ്രതികൂല കാലാവസ്ഥയിലും കത്തോലിക്കാ സഭ വളരുന്നത് കണ്ട് അത് നിയന്ത്രിക്കാനുള്ള മാർഗ്ഗങ്ങൾ ആരായാനാണ് പതിനഞ്ചു വർഷത്തിനു ശേഷം മതങ്ങളെ പറ്റിയുള്ള കോൺഫ്രൻസ് വിളിച്ചു കൂട്ടിയത്. ഇതിനു മുമ്പുള്ള കോൺഫ്രൻസ് 2001-ലാണ് നടന്നത്.
രണ്ടാഴ്ച്ച മുമ്പ് ദേവാലയം പൊളിച്ച് അവിടെ ഫ്ളാറ്റുകൾ പണിയാനെത്തിയ ചൈനീസ് സർക്കാരിന്റെ സഹായത്തോടെയുള്ള സംഘത്തിന്റെ ബുൾഡോസർ തടഞ്ഞ പാസ്റ്ററുടെ ഭാര്യ ഡിങ്ങ് ക്യൂ മേ ജീവനോടെ കുഴിച്ചുമൂടപ്പെട്ട വാർത്ത പുറത്തു വന്നിരുന്നു. ചൈനയില്‍ നടക്കുന്ന ക്രൈസ്തവപീഡനകഥകൾ വളരെ അപൂർവ്വമായി മാത്രമാണ് പുറംലോകം അറിയുന്നത്.