News
സ്നേഹസാന്ത്വനത്തിന്റെ 'പോപ്പ് ഫ്രാൻസിസ് എഫക്ട്’ അനുഭവിച്ചറിഞ്ഞ് ബൊളീവിയൻ തടവറ
സ്വന്തം ലേഖകൻ 31-07-2015 - Friday
ഫ്രാൻസിസ് മാർപ്പാപ്പയുടെ ലാറ്റിൻ അമേരിക്കൻ സന്ദർശനത്തിലെ നിരവധി പരിപാടികളിൽ ഒന്നുമാത്രമായിരുന്നു ബൊളീവിയയിലെ ഏറെ കുപ്രസിദ്ധിയാർജ്ജിച്ച ജയിലിൽ ജൂലൈ 10 നു നടത്തിയ സന്ദർശനം. എന്നാൽ സാന്റാക്രൂസ് ഡെ ലാ സിയേരയിലെ പാൽമസോള ജയിലിൽ ഫ്രാൻസിസ് പാപ്പയുടെ സ്നേഹസാന്ത്വനം ഏറ്റുവാങ്ങുവാൻ കഴിഞ്ഞ അനവധി കുറ്റവാളികൾക്കും ജയിൽ ജീവനക്കാർക്കും അത് മറക്കാനാകാത്ത മാനഃസാന്തരത്തിന്റെയും ആശ്വാസത്തിന്റെയും പുതുജീവിതത്തിന്റെയും തുടക്കമായും മാറി.
‘തെറ്റുകൾ ക്ഷമിക്കുവാൻ കഴിയുന്നവനും അനവധി പാപങ്ങളിൽനിന്ന് പൊറുക്കപ്പെടുകയും രക്ഷിക്കപ്പെടുകയും ചെയ്തവനുമാണ് നിങ്ങളുടെ മുന്നിൽ ഇപ്പോൾ നിൽക്കുന്ന ഈ മനുഷ്യൻ’ ഫ്രാൻസിസ് പാപ്പയുടെ ഉള്ളുതുറന്നുള്ള വാക്കുകൾ അനവധി കുറ്റവാളികളുടെ ഹൃദയത്തിൽ ആഴത്തിൽ സ്പർശിച്ചുവെന്ന് തടവറയുടെ ദേശീയ കോ- ഓർഡിനേറ്ററായ ഫാദർ ലിയനാർഡൊ ഡാ സിൽവ കോസ്റ്റ പറഞ്ഞു.
‘സ്വന്തം നാട്ടുഭാഷയിൽത്തന്നെ പാപ്പ തടവുപുള്ളികളോട് സംസാരിക്കുന്നതും ഇടപഴകുന്നതും വളരെ ആശ്ചര്യത്തോടെയാണ് നോക്കിനിന്നത്. പാപ്പയുടെ കരംഗ്രഹിച്ച് പലരും വിങ്ങിപ്പൊട്ടി.. അവിടെ അനുഭവിക്കുന്ന ദുഃഖങ്ങൾ തുറന്നുപറഞ്ഞു. അതുപോലെ തടവറയിലെ സ്ത്രീകളുടേയും പുരുഷന്മാരുടെയും വാർഡുകൾക്കും ഭരണനിർവ്വഹണ ഓഫീസിനും നടുവിലായ് കോപകബാനയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രതിമ കാണുവാനായപ്പോഴും അദ്ദേഹത്തിൽ ഉളവായ വികാരപ്രകടനം വിവരണാതീതമണ്‘ സി.എൻ.എയുമായി ഇക്കാര്യം പങ്കിടുമ്പോൾ ഫാ. ഡാ സിൽവ വികാരാധീനനായി.
പോപ്പ് മടങ്ങിയതിനുശേഷം സന്ദർശനത്തിന്റെ ചാർജ്ജുണ്ടായിരുന്ന ഫാ. ഡാ സിൽവ തടവുപുള്ളികളിൽ വന്ന മാറ്റം പ്രത്യേകം ശ്രദ്ധിച്ചു. അതുവരെ കാണാത്തവിധത്തിൽ അവരെല്ലാവരും പരസ്പരം അതിശയത്തോടെ പാപ്പയെക്കുറിച്ച് സംസാരിക്കുന്നതും അവർക്കുണ്ടായ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നതും പുതിയ പ്രതീക്ഷയോടെ ജീവിതത്തിൽ മുന്നോട്ടുപോകുവാൻ തിരുമാനിക്കുന്നതും കണ്ടു.
“വല്ലാത്തൊരു അനുഭവമായിരുന്നു അത്.. ആളുകൾ പരസ്പരം കെട്ടിപ്പിടിച്ച് കരയുന്നതും അവരുടെ കണ്ണുകളിൽ സന്തോഷവും പ്രത്യാശയും നിറഞ്ഞിരിക്കുന്നതും കാണുവാൻ കഴിഞ്ഞു. ക്രിസ്തുവിന്റെ ഈ ലോകത്തിലെ പ്രതിനിധി എങ്ങനെ തങ്ങളെ സന്ദർശിക്കുവാനെത്തി എന്നതിലെ അത്ഭുതമായിരുന്നു മറ്റുചിലർക്ക്.” പുരോഹിതൻ വിവരിച്ചു. തടവറയിലെ പോലീസുകാരിലും സെക്യൂരിറ്റി ഗാർഡുകളിലും അതുവരെയില്ലാത്ത സന്തോഷവും സഹോദരസ്നേഹവും എപ്പോഴും കർക്കശമായി കണ്ടിരുന്ന അവരുടെ മുഖങ്ങളിൽ പുഞ്ചിരി തൂകുന്നതുമൊക്കെ കാണുവാൻ കഴിഞ്ഞു. ആ അനുഭവങ്ങളിലായിരുന്നു അവരുടെ മടക്കം. യഥാർത്ഥത്തിൽ സ്നേഹവിപ്ളവം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന അവസ്ഥ.. അതാണവിടെ സംഭവിച്ചത്. എത്രവലിയ അനുഗ്രഹമായിരുന്നു ആ സന്ദർശനമെന്ന് അക്രൈസ്തവർ പോലും പറഞ്ഞു.
ഇതിനിടയിലും തടവറയിലെ ദുരിതാനുഭവങ്ങളും സർക്കാരിന്റെ കർശന ജയിൽ നിയമങ്ങളെക്കുറിച്ചും വിവരിക്കുന്ന നിവേദനങ്ങളും മൂന്നോളം തടവുകാർ പാപ്പയ്ക്കുനൽകി. വൻ സുരക്ഷയും കർശന നിയന്ത്രണങ്ങളുമുള്ള തടവറയാണ് പാൽമസോള. അഴിമതിക്കും കൈക്കുലിക്കും സംഘംചേർന്നുള്ള ആക്രമണത്തിനുമൊക്കെ ഏറെ പ്രശസ്തം. അവിടെ സുരക്ഷാഗാർഡുകൾ ജയിലിനു പുറത്താണ് കഴിയുന്നത്. മതിൽക്കെട്ടിനകമാകട്ടെ ഒരു ജയിൽ ഗ്രാമം എന്നുതന്നെ വിശേഷിപ്പിക്കുവാനും കഴിയും.
സാധാരണ ഗ്രാമങ്ങളിലെന്നപോലെ തടവുകാരുടെ റൗഡിസംഘങ്ങളും ഒറ്റപ്പെട്ട ഗുണ്ടകളുമൊക്കെത്തന്നെയായിരുന്നു ജയിലറയ്ക്കുള്ളിലെ ഭരണകർത്താക്കൾ. സാധാരണ ജയിലുകളെപ്പോലെ ഓരോരുത്തർക്കും പ്രത്യേക അറയും ബെഡ്ഡുകളും ഭക്ഷണവുമൊക്കെ നൽകേണ്ടിവരുന്നത് വലിയ പണച്ചിലവുള്ള കാര്യമായതിനാൽ അതൊഴിവാക്കാനായിരുന്നു സർക്കാർ ഈ സ്വതന്ത്രമായ രീതി അവലംബിച്ചത്. അതിനാൽത്തന്നെ തടവുകാർ തമ്മിലുള്ള സംഘർഷങ്ങളും ഏറ്റുമുട്ടലുകളും പിടിച്ചുപറികളുമൊക്കെ അവിടെ പതിവുമാണ്. രണ്ടുവർഷംമുമ്പ് ജയിലിനുള്ളിൽ നടന്ന ഒരുകലാപത്തിൽ മുപ്പതിലധികംപേർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇതുതന്നെയാണ് ബൊളീവിയയിലെ ഒട്ടുമിക്ക ജയിലുകളിലേയും അവസ്ഥ. അതുകൊണ്ടുതന്നെ തടവുപുള്ളികളുടെ പരാതികളിൽ പുതിയതായൊന്നും ഉണ്ടായിരുന്നില്ല. സഹായത്തിനും ആശ്വാസത്തിനും രക്ഷയ്ക്കും വേണ്ടിയുള്ള ഒരു നിലവിളി തന്നെയായിരുന്നു അത്. ഫാദർ പറഞ്ഞു. അതുകൊണ്ടുതന്നെ മാർപ്പാപ്പയുടെ സന്ദർശനം അവർക്ക് വലിയൊരു അനുഗ്രഹമായി.. ആശ്വാസമായി... നിലവിലെ ദാരുണ സാഹചര്യങ്ങളിൽ മാറ്റംവരുമെന്ന പ്രതീക്ഷയും അവരിലുയർന്നു.
ജയിലിലെ യഥാർത്ഥ ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞതിനാൽ ഭരണകർത്താക്കളിൽനിന്ന് എന്തെങ്കിലും പ്രതികാര നടപടികളുണ്ടാകുമോയെന്ന ചോദ്യത്തിന് ‘ഞാനിപ്പോഴും ജനാധിപത്യത്തിൽ വിശ്വസിക്കുന്നു.. അവരുടെ ദുരിതങ്ങളെക്കുറിച്ച് സർക്കാരിനോട് സംസാരിക്കാനുള്ള പ്രതിനിധിയായി അവർ മാർപ്പാപ്പയെ കണ്ടു.. മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് അവിടെ നടക്കുന്നതെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തി. അതിൽ ഭയപ്പെടേണ്ടതില്ല‘ ഫാദർ ഡാ സിൽവ പറഞ്ഞു.
പോപ്പിന്റെ സന്ദർശനം കഴിഞ്ഞ് ഏതാനും ആഴ്ചകളായപ്പോൾത്തന്നെ ചില മാറ്റങ്ങൾ തടവറയ്ക്കുള്ളിൽ കണ്ടുതുടങ്ങി. പാപ്പയോട് പരാതിപറഞ്ഞവർക്കൊന്നും പഴയ ദുരനുഭവങ്ങളിലേക്ക് തിരികെപ്പോകേണ്ടി വരില്ല. ജയിലഴികളുടെയും മതിലുകളുടേയും എണ്ണം കുറയ്ക്കുവാനും സമാധാനപ്രിയരെ നിയമത്തിനുമുന്നിലെത്തിച്ച് സ്വതന്ത്രരാക്കുവാനുമാണ് ഞങ്ങളുടെ പരിശ്രമം. എല്ലാവരുടേയും മുറിവുകൾ ഉണക്കുവാൻ കഴിയുമെന്നുതന്നെയാണ് വിശ്വാസമെന്നും ഫാദർ പറഞ്ഞു.
മാർപ്പാപ്പ നൽകിയ സന്ദേശം പ്രസിദ്ധീകരിച്ച് എല്ലാവരിലും എത്തിക്കുവാനും അത് വീണ്ടും വീണ്ടും വായിക്കുവാനും അതനുസരിച്ച് ജീവികുവാനും പ്രാർഥിക്കുവാനും നന്ദി പ്രകാശിപ്പിക്കുവാനും കുറ്റവാളികൾക്കിടയിൽ കമ്മിറ്റികളും തൊഴിൽ ഗ്രൂപ്പുകളുണ്ടാക്കുവാനും ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ആവിധത്തിലൊക്കെ മാർപ്പാപ്പയുടെ സന്ദർശനം പരമാവധി പ്രയോജനപ്പെടുത്തുവാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു.
സ്നേഹം എന്താണെന്ന് അവരെ പഠിപ്പിക്കുവാനും നിലവിലെ ജയിൽ രീതികളും നിയമങ്ങളും പരിഷ്കരിച്ച് തടവുകാരുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുന്നതിനും ജയിൽ മന്ത്രാലയത്തിൽ നിന്നുള്ള ശക്തമായ നടപടികൾതന്നെ വേണ്ടതുണ്ട്. സാമൂഹിക അസമത്വങ്ങളും പട്ടിണിയും ആക്രമവും തൊഴിൽ തടസ്സങ്ങളുമൊക്കെ ഇല്ലാതാക്കുന്ന പുതിയ നിയമങ്ങൾ അതിവേഗം നടപ്പിലാക്കുന്നതിനായും ഭരണാധികാരികളെ സമീപിക്കുമെന്നും ഫാ. ഡാ സിൽവ പറഞ്ഞു.
അതിനായി പ്രവാചക ഉൾക്കാഴ്ചയുള്ള വൈദിക സമൂഹത്തിന്റേയും ക്രിസ്തുചിന്തയിലും വിശ്വാസത്തിലും അധിഷ്ഠിതമായ സമഗ്രമായ സുവിശേഷവൽക്കരണവും പ്രഘോഷണങ്ങളും ദണ്ഡനവിധികളും അർപ്പണബോധവും ഒക്കെയുള്ള പ്രവർത്തനമാണ് പാൽമസോള തടവറയ്ക്കുള്ളിൽ ആവശ്യം.