News - 2025
അസിയ ബീബി വധശിക്ഷ: പാക്കിസ്ഥാനിൽ മതങ്ങൾ തമ്മിലുള്ള ആശയവിനിമയം അനിവാര്യമെന്ന് പുരോഹിതൻ
സ്വന്തം ലേഖകൻ 31-07-2015 - Friday
പാക്കിസ്ഥാനിൽ മതനിന്ദയരോപിച്ച് ജയിലടക്കപ്പെട്ട അസിയ ബീബിയുടെ വധശിക്ഷ താൽക്കാലികമായി തടഞ്ഞ സുപ്രീംകോടതി വിധിയെ അവിടത്തെ ഡൊമിനിക്കൻ സഭാപുരോഹിതൻ പ്രശംസിച്ചു. വിധി വളരെ ആശ്വാസകരമാണെന്ന് അഭിപ്രായപ്പെട്ട ഫാ. ജെയിംസ് ചന്നൻ, പാക്കിസ്ഥാനിൽ വിവിധ മതവിഭാഗക്കാർ തമ്മിലുള്ള ആശയവിനിമയവും സൗഹൃദസംഭാഷണങ്ങളും അനിവാര്യമാണെന്നും ചൂണ്ടിക്കാണിച്ചു.
‘വ്യക്തിവൈരാഗ്യം തീർക്കുവാനായിരുന്നു ബീബിയുടെ മേൽ മതനിന്ദ ആരോപിക്കപ്പെട്ടത്. എങ്കിലും നീതി നടപ്പിലാകുമെന്നാണ് എന്റെ വിശ്വാസം. നിരപരാധിയാണെന്ന് തെളിയിക്കപ്പെട്ട് അവൾ സ്വതന്ത്രയാക്കപ്പെടും’ അന്താരാഷ്ട്ര കത്തോലിക്കാ ചാരിറ്റി സംഘടനയായ എയ്ഡ് ടു ദ് ചർച്ച് നീഡുമായി ജൂലൈ 23 നുനടത്തിയ അഭിമുഖത്തിൽ ഫാ. ജെയിംസ് പറഞ്ഞു.
മതനിന്ദയാരോപിച്ച് കഴിഞ്ഞ അഞ്ചുവർഷമായി അസിയ ബീബിയെ ജയിലിൽ അടച്ചിരിക്കുകയായിരുന്നു. ഒരു വാഗ്വാദത്തിനിടെ ഇസ്ളാം പ്രവാചകനായ മുഹമ്മദ് നബിയെ അവഹേളിച്ചു എന്നതായിരുന്നു അവർക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം. എന്നാൽ ഈ കുറ്റം ആദ്യംമുതലേ ബീബി നിഷേധിച്ചു. തനിക്കെതിരെ വ്യക്തിപരമായ വിദ്വേഷം തീർക്കുവാൻ ചിലർ മനഃപ്പൂർവ്വം കുറ്റം ആരോപിച്ചതാണെന്നും അസിയ പറയുന്നു.
കഴിഞ്ഞയാഴ്ചയാണ് സുപ്രീംകോടതി അസിയ ബീബിയുടെ വധശിക്ഷ നടപ്പാക്കൽ താൽക്കാലികമായി തടഞ്ഞത്. ഉടന്തന്നെ ഈ കേസിൽ ബീബിയുടെ അപ്പീൽ പരിഗണിക്കുമെന്നും കോടതി അറിയിച്ചു. എന്നിരുന്നാലും കോടതി വെറുതെവിട്ടാലും ഞങ്ങൾ അവളെ ശിക്ഷിക്കുമെന്ന മുന്നറിയിപ്പുമായി ചില യാഥാസ്ഥിതിക മുസ്ളീം പാക്കിസ്ഥാനികളും രംഗത്തെത്തിയിട്ടുണ്ട്.
‘ഒരിക്കൽ ആരെങ്കിലും മതനിന്ദക്കേസിൽ വിചാരണ ചെയ്യപ്പെട്ടാൽ നിയമങ്ങളും കോടതിവിധിയുമൊന്നും മാനിക്കാതെ ചില മതഭ്രാന്തന്മാർ അവരെക്കൊല്ലുവാൻ തക്കംപാർത്ത് നടക്കും.. പാക്കിസ്ഥാനിലെ നമ്മുടെ ജനത കൂടുതൽ വിദ്യാഭ്യാസം നേടേണ്ടതും കോടതി വിധികളെ ബഹുമാനിക്കേണ്ടതുമായുണ്ട്’ ഫാദർ ജെയിംസ് ചന്നൻ കൂട്ടിച്ചേർത്തു.
പാക്കിസ്ഥാനിലെ അനവധി മതനിന്ദക്കേസുകളിൽ ഒന്നുമാത്രമാണ് ബീബിയുടേത്. മിക്കപ്പോഴും വ്യക്തിതാല്പര്യങ്ങൾക്കും പകതീർക്കലിനും മാത്രമായി മതനിന്ദ നിയമം ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്യുന്നു. ആരോപണങ്ങൾ ഒട്ടുമിക്കപ്പോഴും അടിസ്ഥാനരഹിതവുമായിരിക്കും.
‘നിലവിൽ 130 ഓളം ക്രിസ്ത്യാനികൾ ഈ നിയമത്തിൻ കീഴിൽ അവിടെ നിയമനടപടികൾ നേരിടുന്നുണ്ട്. അതേസമയം മതനിന്ദയാരോപിച്ച് പിടിക്കപ്പെട്ട മുസ്ളീം വിശ്വാസികളുടെ എണ്ണം 950 മാണ്‘ ഫാദർ അറിയിച്ചു. വ്യക്തിപരമായ താല്പര്യങ്ങൾക്കുവേണ്ടി ഈ നിയമം ദുരുപയോഗം ചെയ്യുന്നത് തീർച്ചയായും നിരോധിക്കേണ്ടതുമുണ്ടെന്ന് ഫാദർ ആവശ്യപ്പെട്ടു.
അതുപോലെ ഭരണഘടനയിൽത്തന്നെ മാറ്റംവരുത്തി പാക്കിസ്ഥാൻ ഗവണ്മെന്റ് ക്രിസ്ത്യാനികളേയും മറ്റ് ന്യൂനപക്ഷ മതവിഭാഗങ്ങളേയും രണ്ടാംകിട പൗരന്മാരായി കണക്കാക്കുന്നതും നിർത്തലാക്കേണ്ടതുണ്ട്. നിരപരാധികൾക്കുമേൽ തെറ്റായി മതനിന്ദ ആരോപിക്കുന്നവരെ ശിക്ഷിക്കുന്നതിനുള്ള നിയമം കൊണ്ടുവരുവരണമെന്ന ആവശ്യത്തിന് പിന്തുണയുമായി നിലവിൽ അനവധി മുസ്ളീം വിശ്വാസികളും മതപുരോഹിതന്മാരും മുന്നോട്ടുവന്നിട്ടുമുണ്ട്.
വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള കാര്യക്ഷമാമായ ആശയവിനിമയവും സൗഹാർദ്ദ സംഭാഷണങ്ങളും ഇത്തരം അന്യായ മതനിന്ദ ആരോപണങ്ങൾ ഇല്ലാതാക്കുന്നതിന് വളരെയേറെ സഹായകരമാകുമെന്നും ഫാദർ പറഞ്ഞു. ലാഹോറിൽ ഡൊമിനിക്കൻ സഭയുടെ പീസ് സെന്ററിന്റെ നിയന്ത്രകൻ കൂടിയാണ് ഫാദർ ജെയിംസ് ചന്നൻ. പീസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പാക്കിസ്ഥാനിലെ മുസ്ളീം ഭൂരിപക്ഷവുമായി കൂടുതൽ ബന്ധങ്ങളുണ്ടാക്കുവാൻ ശ്രമിച്ചുവരികയുമാണെന്നും ഫാദർ അറിയിച്ചു.
പാക്കിസ്ഥാൻ ഉലാമ കൗൺസിലിന്റെ ചെയർമാനായ ഹഫീസ് താഹിർ മെഹ്മൂദ് അഷ്രാഫിയും ലാഹോറിലെ ബാദ്ഷാഹി മോസ്കിന്റെ ഗ്രാൻഡ് ഇമാം ആയ മൗലാന അബ്ദുൾ ഖബീർ ആസാദും അടക്കമുള്ള ഏതാനും പ്രമുഖ മുസ്ളീം മതനേതാക്കളും ക്രിസ്ത്യൻ - മുസ്ളീം സംഭാഷണങ്ങൾക്ക് മുൻകൈയെടുക്കുന്നതിനേയും ഫാദർ ജെയിംസ് ചന്നൻ അഭിനന്ദിച്ചു.
‘സൗഹൃദ സംഭാഷണങ്ങളില്ലാതെ പാക്കിസ്ഥാനിലെ ക്രിസ്ത്യൻ സഭയ്ക്ക് ഭാവിയില്ല. മതപരമായ വേർതിരിവോടെ ഇപ്പോൾ നിരന്തരം നടന്നുവരുന്ന ആക്രമണങ്ങളിൽ ഭയചകിതരായാണ് ക്രിസ്ത്യാനികൾ കഴിഞ്ഞുവരുന്നത്. മുസ്ളീം വിഭാഗങ്ങളുമായി നല്ലബന്ധങ്ങൾ സ്ഥാപിക്കുവാനും വിവിധ വിശ്വാസ സമൂഹങ്ങളെ തമ്മിൽ പരസ്പരം ബന്ധപ്പെടുത്തുന്ന പാലങ്ങളും ഇവിടെ നിർമ്മിക്കേണ്ടതുണ്ട്.’ അല്പം ആശങ്കയോടെതന്നെ ഫാ. ജെയിംസ് ചന്നൻ വ്യക്തമാക്കി.
മുസ്ളീം രാഷ്ട്രമായ പാക്കിസ്ഥാനിലെ ജനവിഭാഗങ്ങളിൽ 97% വും വിവിധ മുസ്ളീം വിഭാഗങ്ങളാണ്. മുസ്ളീം വിശുദ്ധഗ്രന്ഥമായ ഖുറാൻ മോശമായി ഉപയോഗിക്കുകയും പ്രവാചകൻ മുഹമ്മദിനെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്നതാണ് മതനിന്ദ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
മതനിന്ദാനിയമം പ്രധാനമായും ഉപയോഗിച്ചുവരുന്നതാകട്ടെ ക്രിസ്ത്യാനികൾ അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരേയും. രാജ്യത്തെ 14% മതനിന്ദാക്കേസുകളും ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെയാണ് എടുത്തിട്ടുള്ളത്. എന്നാൽ ഈ ന്യൂനപക്ഷങ്ങളാകട്ടെ പാക്കിസ്ഥാനിലെ ആകെ ജനസംഖ്യയുടെ വെറും 3% മാത്രമേ വരുന്നുമുള്ളൂ. അതുപോലെ മതനിന്ദ ആരോപിക്കപ്പെടുന്നവരിൽ ഭൂരിഭാഗം പേരേയും കൊലപ്പെടുത്തുകയുമാണ് പതിവ്. ഈ നിയമത്തിന്റെ മാറ്റത്തിനായ് വാദിക്കുന്നവരേയും മതഭ്രാന്തന്മാർ ആക്രമണത്തിനിരയാക്കുന്നു.
2011 ൽ പഞ്ചാബ് ഗവർണറും മതനിന്ദാ നിയമത്തിന്റെ വിമർശകനുമായിരുന്ന സൽമാൻ ടാസീറിനെ യാഥാസ്ഥിതികർ കൊലപ്പെടുത്തിയിരുന്നു. അതുപോലെ പാക്കിസ്ഥാൻ മന്ത്രിസഭയിലെ ഒരേയൊരു ക്രിസ്തുമത വിശ്വാസിയായിരുന്ന ഷഹ്ബാസ് ഭാട്ടിയേയും മതനിന്ദാ നിയമത്തിന്റെ പേരിൽ ഭീകരപ്രവർത്തകർ കൊലപ്പെടുത്തി.