News
അതിർത്തികൾ ഇല്ലാത്ത സ്നേഹം: പാക്കിസ്ഥാന്‍ ആര്‍ച്ച് ബിഷപ്പും സംഘവും ഇന്ത്യയില്‍ സന്ദര്‍ശനം നടത്തി
സ്വന്തം ലേഖകന്‍ 09-05-2016 - Monday
അമൃത്സര്‍: രാജ്യങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും ക്രിസ്തുസ്‌നേഹത്തില്‍ യോജിച്ച് വിശ്വാസ സമൂഹത്തിന്റെ ഒത്തുചേരല്‍. പാക്കിസ്ഥാനിലെ ലാഹോറില്‍ നിന്നും അതിര്‍ത്തി കടന്ന്, ലാഹോര്‍ ആര്‍ച്ച് ബിഷപ്പും വൈദികരുമടങ്ങുന്ന സംഘം ഭാരതത്തിലേക്ക് എത്തിയപ്പോൾ അവർക്ക് ലഭിച്ചത് 'അതിർത്തികൾ ഇല്ലാത്ത' സ്നേഹം. പഞ്ചാബില്‍ ഇന്ത്യക്കാരായ വിശ്വാസികളുടെ സ്‌നേഹം നിറഞ്ഞ സ്വീകരണമാണ് ലാഹോര്‍ രൂപത ആര്‍ച്ച് ബിഷപ്പിനും പുരോഹിതര്‍ക്കും ലഭിച്ചത്. ലോകത്തിന്റെ അറ്റത്തോളം പ്രസംഗിക്കപ്പെട്ട സ്‌നേഹ സുവിശേഷം അതിര്‍ത്തികളില്ലാതാക്കുന്ന സ്‌നേഹ സംഗമത്തിനു വേദിയാകുന്നതിന്റെ കാഴ്ചയാണു പിന്നീട് കാണാന്‍ കഴിഞ്ഞത്.
130 വര്‍ഷങ്ങള്‍ക്കു മുമ്പാണു ലാഹോര്‍ രൂപത രൂപീകൃതമാകുന്നത്. ക്രിസ്തുവിലൂടെ സ്‌നേഹവാനായ പിതാവ് ലോകത്തിനൊരുക്കിയ രക്ഷയുടെ സന്ദേശം ഇവിടേക്ക് എത്തിച്ചത് വിദേശത്തുനിന്നുള്ള വൈദികരും സുവിശേഷകരുമാണ്. 1886-ല്‍ ഫ്രാന്‍സില്‍ നിന്നും ഇറ്റലിയില്‍ നിന്നുമെത്തിയ മിഷ്‌നറിമാരും ബെല്‍ജിയത്തില്‍ നിന്നും വന്ന കപ്യൂചീന്‍ വൈദികരും രൂപതയ്ക്ക് അടിസ്ഥാന ശിലകളിട്ടു. അന്നു പാക്കിസ്ഥാന്‍ രൂപീകൃതമായിരുന്നില്ല. 1947-ല്‍ മുസ്ലീം രാഷ്ട്രമായി പാക്കിസ്ഥാന്‍ രൂപീകൃതമായപ്പോള്‍ ലാഹോര്‍ രൂപത പാക്കിസ്ഥാന്റെ ഭൂപ്രദേശത്തായി.
തങ്ങളുടെ സന്ദര്‍ശനത്തിനു മൂന്നു ലക്ഷ്യങ്ങളാണുള്ളതെന്നു ലാഹോര്‍ ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍ ഷ്വാ പറയുന്നു. 'ഇന്ത്യയിലെ സഹോദരങ്ങളെ നേരില്‍ കാണുക, പഞ്ചാബിലെ സഭയുമായി സ്‌നേഹബന്ധം ശക്തമാക്കുക, സെമിനാറുകളിലും ചര്‍ച്ചകളിലും പങ്കെടുക്കുക'. ഇരുരാജ്യങ്ങളിലേയും വൈദികരുടേയും കന്യാസ്ത്രീകളുടേയും സേവനങ്ങള്‍ സാധ്യമാകുന്ന മേഖലകളില്‍ ഐക്യപ്പെടുത്തുവാനും തീരുമാനമായിട്ടുണ്ട്.
ആഗ്രാ, ജലന്തര്‍ രൂപതകളിലെ സന്ദര്‍ശനത്തിനു ശേഷം പാക്കിസ്ഥാനില്‍ നിന്നുള്ള സംഘം ന്യൂഡല്‍ഹിയും സന്ദര്‍ശിക്കും. കരുണയുടെ ഈ വര്‍ഷത്തില്‍ വിശ്വാസത്തിന്റെയും ഭക്തിയുടെയും ചരിത്രത്തിന്റെയും പങ്കിടല്‍ നടക്കുന്നതില്‍ സന്തുഷ്ടരാണെന്നും ലാഹോറില്‍ നിന്നും ഭാരത്തില്‍ എത്തിയ സംഘം പറഞ്ഞു. ഭാരതത്തില്‍ നിന്നുള്ള വൈദീകരുടെ സംഘവും അടുത്തു തന്നെ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുമെന്നാണു കരുതപ്പെടുന്നത്.