Faith And Reason - 2024
താന്‍ ഉച്ചഭക്ഷണം ഉപേക്ഷിക്കുന്നു, കൊറോണക്കെതിരെ ഉപവാസ പ്രാര്‍ത്ഥനക്കു ആഹ്വാനവുമായി ലൂയിസിയാന ഗവര്‍ണര്‍
പ്രവാചക ശബ്ദം 18-07-2020 - Saturday
ലൂയിസിയാന: കൊറോണ രൂക്ഷമാകുന്നതിനിടെ ക്രിസ്തുവില്‍ ശരണം വെയ്ക്കുന്ന നേതാക്കന്മാരുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കൊറോണ രോഗബാധിതര്‍ക്ക് വേണ്ടി മൂന്നു ദിവസത്തെ പ്രാര്‍ത്ഥനാചരണത്തിനും ഉപവാസത്തിനും ആഹ്വാനം ചെയ്തുകൊണ്ട് ലൂയിസിയാന ഗവര്‍ണര്‍ ജോണ്‍ ബെല്‍ എഡ്വേര്‍ഡ്സാണ് ഏറ്റവും അവസാനമായി രംഗത്തെത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച കൊറോണയെ പ്രതിരോധിക്കുവാന്‍ സംസ്ഥാനം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിവരിക്കുവാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് ത്രിദിന ഉപവാസ പ്രാര്‍ത്ഥനയ്ക്കു അദ്ദേഹം ആഹ്വാനം നല്‍കിയിരിക്കുന്നത്.
കൊറോണ ബാധിതര്‍ക്ക് വേണ്ടി ജൂലൈ 20 മുതല്‍ 22 വരെ പ്രാര്‍ത്ഥനയിലും ഉപവാസത്തിലും തന്നോടൊപ്പം പങ്കുചേരുവാന്‍ സംസ്ഥാന ജനതയെ ക്ഷണിച്ച ഗവര്‍ണര്‍ രോഗികള്‍ക്കും, അവരെ പരിചരിക്കുന്നവര്‍ക്കും, മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് അടുത്ത തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ താന്‍ ഉച്ചഭക്ഷണം ഉപേക്ഷിക്കുകയാണെന്നു വ്യക്തമാക്കി. തന്റെ ഈ നടപടി അസാധാരണമായി തോന്നിയേക്കാമെങ്കിലും സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഇത് ഫലവത്തായേക്കാമെന്ന്‍ താന്‍ പ്രതീക്ഷിക്കുന്നതായും എഡ്വേര്‍ഡ്സ് പറഞ്ഞു. കൊറോണക്കെതിരായ പോരാട്ടത്തില്‍ ആത്മീയ മാര്‍ഗ്ഗങ്ങള്‍ കൂടി പരിഗണിക്കണമെന്ന്‍ വിവിധ മതനേതാക്കള്‍ തന്നോട് ആവശ്യപ്പെട്ടിരുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതാദ്യമായല്ല കൊറോണക്കെതിരായ പോരാട്ടത്തില്‍ എഡ്വേര്‍ഡ്സ് ദൈവീക ഇടപെടല്‍ യാചിക്കുന്നത്. മാര്‍ച്ച് 24നു കൊറോണ രോഗബാധിതര്‍ക്ക് വേണ്ടിയുള്ള സംസ്ഥാന വ്യാപക പ്രാര്‍ത്ഥനാ, ഉപവാസ ദിനമായി ആചരിക്കുവാനും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. അതേസമയം ഗവര്‍ണറുടെ നടപടിയെ പിന്തുണച്ചുകൊണ്ട് ന്യൂ ഓർലിയൻസ് മെത്രാപ്പോലീത്ത ഗ്രിഗറി ഏയ്മണ്ട് രംഗത്ത് വന്നിട്ടുണ്ട്. ഗവര്‍ണറോറൊപ്പം പ്രാര്‍ത്ഥനയിലും ഉപവാസത്തിലും പങ്കുചേരുവാന്‍ മെത്രാപ്പോലീത്ത വിശ്വാസികളോട് ആഹ്വാനം ചെയ്തു. മാര്‍ച്ചില്‍ കൊറോണ സ്ഥിരീകരിക്കുകയും ഏപ്രിലില്‍ രോഗവിമുക്തി നേടുകയും ചെയ്ത ഏയ്മണ്ട് മെത്രാപ്പോലീത്ത, രോഗവിമുക്തനായ ശേഷം രണ്ടാം ലോകമഹായുദ്ധ കാലത്തെ ഒരു വിമാനത്തില്‍ ന്യൂ ഓര്‍ളീന്‍സ് നഗരത്തിനു മീതെ സഞ്ചരിച്ച് നഗരത്തെ വെഞ്ചരിക്കുകയും, ആശീര്‍വദിക്കുകയും ചെയ്തത് ആഗോള ശ്രദ്ധ നേടിയിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക