Faith And Reason - 2024
വിശുദ്ധ കുര്‍ബാനയിലേക്ക് എത്രയും പെട്ടെന്ന് മടങ്ങേണ്ടത് അത്യാവശ്യം: മെത്രാന്മാര്‍ക്ക് കര്‍ദ്ദിനാള്‍ സാറയുടെ കത്ത്
പ്രവാചക ശബ്ദം 13-09-2020 - Sunday
വത്തിക്കാന്‍ സിറ്റി: സാഹചര്യങ്ങള്‍ അനുകൂലമായാല്‍ വിശുദ്ധ കുര്‍ബാനയിലേക്ക് മടങ്ങേണ്ടത് അത്യാവശ്യമാണെന്നും, സഭയുടെ കൂട്ടായ്മയിലൂടെയും വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിലൂടെയും അല്ലാതെ ക്രിസ്തീയ ജീവിതം നിലനില്‍ക്കുകയുമില്ലെന്നും വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ. വേള്‍ഡ് എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സ് നേതാക്കള്‍ക്കയച്ച കത്തിലൂടെയാണ് കര്‍ദ്ദിനാള്‍ ഇക്കാര്യം പറഞ്ഞത്. സാഹചര്യങ്ങള്‍ അനുകൂലമാകുന്ന മുറക്ക് എത്രയും പെട്ടെന്ന്‍ തന്നെ സാധാരണ ക്രിസ്തീയ ജീവിതത്തിലേക്ക് മടങ്ങേണ്ടത് അത്യാവശ്യമാണെന്നും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു.
“ആനന്ദത്തോടുകൂടി നമുക്ക് വിശുദ്ധ കുര്‍ബാനയിലേക്ക് മടങ്ങാം” എന്ന തലക്കെട്ടോട് കൂടി ഓഗസ്റ്റ് 15ന് കര്‍ദ്ദിനാള്‍ സാറ എഴുതിയ കത്ത് സെപ്റ്റംബര്‍ മൂന്നിന് ഫ്രാന്‍സിസ് പാപ്പയുടെ അംഗീകാരം ലഭിച്ച ശേഷമാണ് എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സ് നേതാക്കളായ മെത്രാന്മാരുടെ കൈകളില്‍ എത്തിയത്. പകര്‍ച്ചവ്യാധിയെ കണക്കിലെടുത്തുകൊണ്ട് സിവില്‍ അധികാരികളുമായി സഹകരിച്ച് വേണം നടപടിയെടുക്കാനെന്നും കര്‍ദ്ദിനാള്‍ പറയുന്നു. ആരാധനാപരമായ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് സിവില്‍ അധികാരികളല്ല, സഭാധികാരികളാണെങ്കിലും ആരോഗ്യപരമായ നിര്‍ദ്ദേശങ്ങള്‍ താല്‍ക്കാലികമായി ഉള്‍പ്പെടുത്തുവാനും അതനുസരിക്കുവാനും മെത്രാന്മാര്‍ക്കവകാശമുണ്ടെന്ന്‍ കത്തില്‍ പറയുന്നു.
വിശുദ്ധ കുര്‍ബാന കൂടാതെ യേശുവിന്റെ വിരുന്നില്‍ പങ്കെടുക്കുവാനോ ക്രൈസ്തവരായിരിക്കുവാനോ സാധ്യമല്ലെന്നും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു. ഓണ്‍ലൈനിലൂടെയും ടെലിവിഷനിലൂടെയും സംപ്രേഷണം ചെയ്ത വിശുദ്ധ കുര്‍ബാനകള്‍ വലിയൊരു സേവനമാണ് ചെയ്തതെന്നും, എന്നാല്‍ ഓണ്‍ലൈന്‍ ശുശ്രൂഷ നേരിട്ടുള്ള കുര്‍ബാന അര്‍പ്പണത്തിനു പകരമാകില്ലെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. മുന്‍രുതലുകള്‍ ഒരുക്കിക്കൊണ്ട് വളരെക്കാലമായി ദേവാലയങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്നവരുടെ ഭയം അകറ്റുകയും ദേവാലയ പ്രവര്‍ത്തനങ്ങളില്‍ സജീവമാക്കുകയുമാണ് വേണ്ടതെന്നും കര്‍ദ്ദിനാള്‍ കത്തില്‍ ഓര്‍മ്മിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക