Faith And Reason - 2024

“ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു”: പുതിയ മിസിസ്സിപ്പി സംസ്ഥാന പതാകയ്ക്കു വോട്ടെടുപ്പിലൂടെ അംഗീകാരം

പ്രവാചക ശബ്ദം 07-11-2020 - Saturday

മിസിസ്സിപ്പി: “ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു” (ഇന്‍ ഗോഡ് വി ട്രസ്റ്റ്) എന്ന വാക്യത്തോടുകൂടിയ പുതിയ പതാകയ്ക്കു തെക്കന്‍ അമേരിക്കന്‍ സംസ്ഥാനമായ മിസിസ്സിപ്പി ജനത വോട്ടെടുപ്പിലൂടെ അംഗീകാരം നല്‍കി. നീണ്ട വിവാദങ്ങള്‍ക്കും സാംസ്കാരിക ചര്‍ച്ചകള്‍ക്കും ശേഷമാണ് 1894 മുതല്‍ പ്രാബല്യത്തിലിരുന്ന സഖ്യസൈന്യ യുദ്ധ ചിഹ്നത്തോട് കൂടിയ പഴയ കോണ്‍ഫെഡറേറ്റ് പതാക മാറ്റുവാന്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിലൂടെ തീരുമാനമായത്. വോട്ടെടുപ്പില്‍ പങ്കെടുത്ത 78 ശതമാനവും പതാക മാറ്റണമെന്നു ആവശ്യപ്പെട്ടപ്പോള്‍ 22 ശതമാനമാണ് പഴയ പതാക നിലനിര്‍ത്തണമെന്ന് അഭിപ്രായപ്പെട്ടത്. പുതിയ പതാകയുടെ ചിത്രത്തോട് കൂടിയ ബാലറ്റാണ് വോട്ടെടുപ്പിന് ഉപയോഗിച്ചത്.

ഇരുവശങ്ങളിലും സുവര്‍ണ്ണ നിറത്തിലുള്ള വരകള്‍ കൊണ്ട് വേര്‍തിരിക്കപ്പെട്ട ചുവപ്പ് നിറവും കടും നീലനിറത്തിലുള്ള നടുഭാഗത്ത് മിസിസ്സിപ്പി സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമായ മാഗ്നോളിയയുടെ മുകളിലും ഇരുവശങ്ങളിലും നക്ഷത്രങ്ങളും താഴെ “ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു” എന്ന വാക്യത്തോടു കൂടിയ രൂപകല്‍പ്പനയാണ് വോട്ടെടുപ്പിലൂടെ അംഗീകരിക്കപ്പെട്ടത്. വംശീയ അനീതിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ശക്തിപ്പെട്ട സാഹചര്യത്തിലാണ് പുതിയ പതാകയ്ക്കു വേണ്ടിയുള്ള ആവശ്യം ശക്തമായത്. റിപ്പബ്ലിക്കന്‍ ഭൂരിപക്ഷമുള്ള നിയമ സഭ അംഗീകരിച്ച ബില്ലില്‍ മിസിസ്സിപ്പി ഗവര്‍ണര്‍ റ്റേറ്റ് റീവ്സ് ഒപ്പുവെച്ച് പതാകയില്‍ “ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു” എന്ന വാക്യം ആലേഖനം ചെയ്യണമോ എന്നതിനെക്കുറിച്ച് വോട്ടെടുപ്പിലൂടെ തീരുമാനിക്കുവാന്‍ കമ്മീഷനെ നിയമിക്കുകയായിരിന്നു.

തന്റെ ക്രിസ്തീയ വിശ്വാസമാണ് പതാക മാറ്റുവാന്‍ തന്നെ പ്രേരിപ്പിച്ചതെന്നു റീവ്സ് വ്യക്തമാക്കി. പരസ്പരം മനസ്സിലാക്കാത്ത ആളുകളാണ് ഇരുപക്ഷവും നിന്നുകൊണ്ട് പതാകയെ ചൊല്ലി വിവാദമുണ്ടാക്കുന്നതെന്ന്‍ അദ്ദേഹം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഈ ലോകത്തിന്റെ ഭൗതീക പ്രബോധനങ്ങളേക്കാള്‍ ഉയര്‍ന്നതാണ് യേശുവിന്റെ ധാര്‍മ്മിക പ്രബോധനമെന്നും, അതിനാല്‍ പതാക മാറ്റണമെന്ന ആവശ്യം യേശുക്രിസ്തുവിന്റെ അനുയായികളെന്ന നിലയില്‍ ഓരോ ക്രൈസ്തവനേയും ബാധിക്കുന്ന കാര്യമാണെന്നും മിസിസ്സിപ്പി ബാപ്റ്റിസ്റ്റ് കണ്‍വെന്‍ഷന്‍ ബോര്‍ഡ് അടുത്ത നാളില്‍ വ്യക്തമാക്കിയിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 44