News - 2024
സിറിയയില്‍ നിന്നും കാണാതായ കത്തോലിക്ക പുരോഹിതന്‍ ജീവനോടെയുണ്ടെന്നു തീവ്രവാദിയുടെ വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍ 04-06-2016 - Saturday
പാരീസ്: സിറിയയില്‍ നിന്നും 2013-ല്‍ കാണാതായ കത്തോലിക്ക വൈദികന്‍ ജീവനോടെ ഉണ്ടെന്നു തീവ്രവാദിയുടെ വെളിപ്പെടുത്തല്‍. ഫ്രഞ്ച് പോലീസില്‍ കീഴടങ്ങിയ ഐഎസ് തീവ്രവാദി സലാഹ് ആണു പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇറ്റാലിയന്‍ വൈദികനായ ഫാദര്‍ പൗലോ ഡാലോഗ്ലിയോ ജീവനോടെ തന്നെ ഇപ്പോഴുമുണ്ടെന്നു തെളിയിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ തന്റെ പക്കല്‍ ഉണ്ടെന്നാണു സലാഹ് പറയുന്നത്. തനിക്ക് വത്തിക്കാന്റെ ഔദ്യോഗിക വക്താക്കളുമായി ഇതിനെ കുറിച്ച് സംസാരിക്കണമെന്നും അദ്ദേഹം പോലീസിനോട് ആവശ്യപ്പെട്ടു.
2013 ജൂലൈയിലാണ് വൈദികനെ ഐഎസ് തട്ടിക്കൊണ്ടു പോയത്. പിന്നീട് പലപ്പോഴും വൈദികനെ സിറിയയില്‍ കണ്ടതായി ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വൈദികന്റെ ജീവന് അപകടമെന്തെങ്കിലും സംഭവിച്ചതായി ഇതുവരെയും റിപ്പോര്‍ട്ടുകള്‍ ഒന്നും വന്നിട്ടില്ല. മറ്റു വിവരങ്ങളും വൈദികനെ കുറിച്ച് ലഭ്യമല്ല. ജര്‍മ്മനിയില്‍ ശക്തമായ സ്‌ഫോടനം ആസൂത്രണം ചെയ്യുവാന്‍ ശ്രമിച്ച തീവ്രവാദി സംഘത്തെ കുറിച്ച് പോലീസിനോട് ഇതിനു മുമ്പ് സലാഹ് വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇത്തരത്തില്‍ പദ്ധതിയിട്ടവരെ തടയുവാന്‍ പോലീസിന് ഇതു മൂലം കഴിഞ്ഞിരുന്നു. 20-ല്‍ അധികം പേരടങ്ങുന്ന സ്ലീപ്പര്‍ സെല്ലിലെ ഒരംഗമാണ് താനെന്നു സലാഹ് കീഴടങ്ങിയപ്പോള്‍ പോലീസിനോട് പറഞ്ഞിരുന്നു.
സിറിയയിലും ഇറാക്കിലും യെമനിലും വൈദികരെ തീവ്രവാദി സംഘടനകള്‍ തട്ടിക്കൊണ്ടു പോകുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ പതിവാണ്. മലയാളി വൈദികനായ ടോം ഉഴുന്നാലിനെ യെമനില്‍ നിന്നും മാര്‍ച്ചില്‍ തട്ടിക്കൊണ്ടു പോയിരുന്നു. അദ്ദേഹത്തിന്റെ മോചനത്തിനായുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ബന്ധികളാക്കുന്ന വൈദികരെ പിന്നീട് നടത്തുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തീവ്രവാദികള്‍ മോചിപ്പിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.