News - 2024

നേപ്പാള്‍ ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭവനം നിര്‍മ്മിച്ച് നല്‍കി ഇന്ത്യയിലെ കത്തോലിക്ക സഭ

സ്വന്തം ലേഖകന്‍ 04-06-2016 - Saturday

കാഠ്മണ്‍ഠു: ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ നേപ്പാളിന്റെ പുനര്‍നിര്‍മ്മാണത്തിന് ഇന്ത്യയിലെ കത്തോലിക്ക സഭയും സംഘടനകളും മുന്നിട്ടിറങ്ങുന്നു. ഇതിനോടകം തന്നെ നിരവധി പേര്‍ക്ക് ഭവനങ്ങള്‍ താല്‍ക്കാലികമായി നിര്‍മ്മിച്ചു നല്‍കിയ സംഘം രണ്ടാംഘട്ടത്തിലെ സ്ഥിരനിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുകയാണ്. വൈദികരുടെയും ആല്‍മായരുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് നേപ്പാളിലെ ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് സഭ സഹായം എത്തിച്ചു നല്‍കുന്നത്. കാഠ്മണ്ഠുവിന്റെ പുറത്തായി സ്ഥിതി ചെയ്യുന്ന ബുണ്ടനേല്‍കാന്ത എന്ന സ്ഥലത്ത് കുഷ്ഠരോഗികളെ ചികിത്സിക്കുന്ന സ്ഥാപനത്തിനായി സഭയുടെ നേതൃത്വത്തില്‍ 50 താല്‍ക്കാലിക വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയതായി വൈദികനായ ജോര്‍ജ് കണ്ണന്താനം യുസിഎ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

"നേപ്പാളിന്റെ വിവിധ ഭാഗങ്ങളില്‍ സഭയുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി 450-ല്‍ അധികം വീടുകള്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു നിര്‍മ്മിച്ചു നല്‍കി. രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൂടുതലായും നടത്തുന്നതു സ്ഥിരമായി ആളുകള്‍ക്കു പാര്‍ക്കുവാന്‍ സാധിക്കുന്ന കെട്ടിടങ്ങള്‍ പണിയുക എന്ന ലക്ഷ്യത്തില്‍ അടിസ്ഥാനപ്പെടുത്തിയാണ്. മതുരഭരി-പുല്‍ഫാരി എന്ന പ്രദേശത്ത് ഒരു സ്‌കൂള്‍ നിര്‍മ്മിച്ചു നല്‍കുവാനും ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. ഭൂകമ്പം ഏറ്റവും അധികം നഷ്ടങ്ങള്‍ വരുത്തിയ പ്രദേശമാണിത്. സ്‌കൂള്‍ നിര്‍മ്മിച്ചു നല്‍കുവാന്‍ പ്രദേശവാസികള്‍ സഭയോട് ആവശ്യപ്പെടുകയായിരുന്നു". ഫാദര്‍ ജോര്‍ജ് കണ്ണന്താനം പറഞ്ഞു. നേപ്പാളിലെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം ബംഗളൂരുവില്‍ അദ്ദേഹം മടങ്ങിയെത്തിയിട്ടുണ്ട്.

നേപ്പാളിന്റെ പുനര്‍നിര്‍മ്മാണത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റുക എന്നതായിരിക്കണമെന്നും ഫാദര്‍ ജോര്‍ജ് കണ്ണന്താനം പറയുന്നു. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുവാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുവാന്‍ സഭ പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേപ്പാളില്‍ നിന്നും ആളുകള്‍ ജോലിക്കായി മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്നതു മൂലം ജോലിക്ക് നാട്ടില്‍ ആളെ ലഭിക്കുന്നില്ലെന്ന പ്രശ്‌നവും നിലനില്‍ക്കുന്നു. ഇതിനാല്‍ തന്നെ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനവും നേപ്പാളിന് ആവശ്യമാണ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 25-നാണ് നേപ്പാളിനെ തകര്‍ത്ത ഭൂചലനമുണ്ടായത്. ഒന്‍പതിനായിരത്തോളം ആളുകള്‍ കൊല്ലപ്പെട്ട ഭൂചലനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഭൂകമ്പം ഉണ്ടായി ഒരു വര്‍ഷം കഴിഞ്ഞ ശേഷവും നാലു മില്യണ്‍ ആളുകള്‍ താല്‍ക്കാലിക കെട്ടിടങ്ങളിലാണ് താമസിക്കുന്നത്. ഏഴു ലക്ഷം വീടുകള്‍ കൂടി ഇനിയും രാജ്യത്ത് നിര്‍മ്മിക്കേണ്ടതുണ്ട്.

More Archives >>

Page 1 of 45