News - 2024

രോഗവും വൈകല്യവും നേരിടുന്നവര്‍ക്ക് സ്‌നേഹമാണ് ആവശ്യമെന്ന് ഓര്‍മ്മപ്പെടുത്തി കൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ

സ്വന്തം ലേഖകന്‍ 13-06-2016 - Monday

വത്തിക്കാന്‍: രോഗവും വൈകല്യവും ക്ഷീണവുമുള്ള വ്യക്തികള്‍ ആഴമായി സ്‌നേഹിക്കപ്പെടേണ്ടവരാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. രോഗവും ക്ഷീണവും വൈകല്യങ്ങളും അനുഭവിക്കുന്നവര്‍ക്കു വേണ്ടി ഇന്നലെ നടന്ന പ്രത്യേക ശുശ്രൂഷകള്‍ക്കിടയിലുള്ള വിശുദ്ധ കുര്‍ബാനയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. വൈകല്യവും രോഗവും ക്ഷീണവുമുള്ളവരെ സമൂഹത്തിൽ നിന്നും ഒഴിച്ചു നിര്‍ത്തുന്നതിനെ മാര്‍പാപ്പ നിശിതമായി വിമര്‍ശിച്ചു. വൈകല്യങ്ങള്‍ അനുഭവിക്കുന്ന വ്യക്തികളെ പരിചരിക്കുവാന്‍ ആവശ്യമായി വരുന്ന വന്‍ സാമ്പത്തിക ചെലവുകള്‍ മൂലം അവരെ കുടുംബാംഗങ്ങള്‍ ഒഴിവാക്കുവാനുള്ള വഴികള്‍ നോക്കുന്നത് ഏറെ ദുഃഖകരമാണെന്നു പിതാവ് പറഞ്ഞു.

"രോഗവും ക്ഷീണവും വൈകല്യങ്ങളുമുള്ളവരെ സമൂഹത്തില്‍ നിന്നും ഒഴിവാക്കണമെന്ന ചിന്ത തെറ്റാണ്. വീടുകളില്‍ തന്നെ ഇവര്‍ ഒഴിഞ്ഞ കോണുകളിലേക്ക് മാറ്റി പാര്‍പ്പിക്കപ്പെടുന്നു. വൈകല്യം നേരിടുന്ന വലിയ ഒരു വിഭാഗവും പല സ്ഥാപനങ്ങളിലായി ഏകാന്ത വാസത്തിനു വിധിക്കപ്പെടുന്നു. നമ്മുടെ ഹൃദയത്തില്‍ നിന്നുള്ള സ്‌നേഹമാണ് ഇവര്‍ക്ക് ആവശ്യം. പുഞ്ചിരി കൊണ്ടുള്ള തെറാപ്പി ഇവരുടെ ജീവിതം സുന്ദരമാക്കും. നമ്മുടെ പുഞ്ചിരി അവര്‍ക്ക് ഏറെ ആശ്വാസം നല്കും" പരിശുദ്ധ പിതാവ് പറഞ്ഞു.

ജനക്കൂട്ടം കല്ലെറിഞ്ഞു കൊല്ലുവാന്‍ ശ്രമിച്ച പാപിനിയായ സ്ത്രീയുടെ സംഭവ കഥയ്ക്കാണു വചന പ്രഭാഷണത്തില്‍ പാപ്പ ഊന്നല്‍ നല്‍കിയത്. ക്രിസ്തു അവളിൽ മനസ് അലിഞ്ഞ്, പാപം ക്ഷമിച്ച സംഭവം പിതാവ് വിശദീകരിച്ചു. സമൂഹത്തില്‍ നിന്നും ഒഴിവാക്കപ്പെടുന്നവരേ കൂടി ചേര്‍ത്തു നിര്‍ത്തിയ കര്‍ത്താവിനെയാണ് നമുക്ക് ഈ സംഭവത്തിലൂടെ കാണുവാന്‍ സാധിക്കുന്നതെന്നും പിതാവ് പറഞ്ഞു. സമൂഹത്തില്‍ ഒഴിവാക്കപ്പെടേണ്ടവരായി ആരും തന്നെ ഇല്ലെന്ന സന്ദേശമാണ് ക്രിസ്തു ഇതിലൂടെ നല്‍കുന്നതെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.

"വിശുദ്ധ പൗലോസ് ശ്ലീഹാ ഗലാത്തിയക്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍ സൂചിപ്പിക്കുന്നതു പോലെ ക്രിസ്തുവില്‍ സ്‌നാനം സ്വീകരിച്ചിരിക്കുന്ന എല്ലാവരും അവനോടു കൂടി മരിച്ച് അടക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുവില്‍ നമുക്ക് പുനര്‍ജീവന്‍ ലഭിച്ചിരിക്കുകയാണ്. രോഗത്തില്‍ നിന്നും മരണത്തില്‍ നിന്നുമെല്ലാം നാം പുനര്‍ജനിച്ചിരിക്കുന്നു. വലിയ ആശയങ്ങളാണ് ഈ വരികളില്‍ അടങ്ങിയിരിക്കുന്നത്. ഇതിനാല്‍ തന്നെ രോഗികള്‍ക്കും വൈകല്യമുള്ളവര്‍ക്കും ക്ഷീണമുള്ളവര്‍ക്കും ക്രിസ്തുവില്‍ ആശ്വസിക്കാന്‍ കഴിയും". പിതാവ് പറഞ്ഞു.

കരുണയുടെ വര്‍ഷത്തില്‍ വിവിധ ചടങ്ങുകളില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം പങ്കെടുക്കുവാന്‍ വന്ന എല്ലാവരേയും പാപ്പ തന്റെ ആശംസകള്‍ അറിയിച്ചു. റോമിന്റെ വിവിധ ഭാഗങ്ങളില്‍ വിദേശത്തു നിന്നുമെത്തുന്ന വിശ്വാസികള്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കുവാന്‍ സൗജന്യമായി സേവനം ചെയ്യുന്ന ഡോക്ടറുമാരേയും മറ്റ് ആരോഗ്യപ്രവര്‍ത്തകരേയും പിതാവ് തന്റെ നന്ദി അറിയിച്ചു. 'ഹാന്‍സെന്‍സ്' രോഗം നേരിടുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തികളേയും ഫ്രാന്‍സിസ് പാപ്പ തന്റെ പ്രസംഗത്തിന്റെ അവസാനം പ്രത്യേകം പരാമര്‍ശിച്ചു.

More Archives >>

Page 1 of 48