News
വിവാഹിതരാകുന്ന വലിയൊരു ശതമാനം ആളുകള്‍ക്കും അതിന്റെ അര്‍ത്ഥം എന്താണെന്ന് അറിയില്ലന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
സ്വന്തം ലേഖകന്‍ 17-06-2016 - Friday
വത്തിക്കാന്‍: വിവാഹം എന്ന വിശുദ്ധ കൂദാശയിലേക്ക് കടക്കുന്ന നല്ലോരു ശതമാനം ആളുകള്‍ക്കും അതിന്റെ അര്‍ത്ഥം എന്താണെന്ന് അറിയില്ലന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇതിനാല്‍ തന്നെ വിവാഹത്തിന്റെ അടിസ്ഥാന ആശയങ്ങള്‍ മനസിലാക്കാതെ നടത്തപ്പെടുന്ന പല വിവാഹങ്ങളും പ്രശ്‌നങ്ങളില്‍ അവസാനിക്കുന്നുവെന്നും പാപ്പ പറഞ്ഞു. റോം രൂപതയുടെ പാസ്റ്ററല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു സംസാരിക്കുമ്പോള്‍, ഒരു ചോദ്യത്തിനുള്ള ഉത്തരമായിട്ടാണ് പാപ്പ വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് സംസാരിച്ചത്.
വിവാഹ ജീവിതത്തില്‍ എന്തെല്ലാം പ്രതിസന്ധികളാണ് വിശ്വാസികള്‍ നേരിടുന്നതെന്നും, ഇതില്‍ നിന്നും മോചനം ലഭിക്കുവാന്‍ യുവാക്കളെ സഭ എങ്ങനെ ഒരുക്കിയെടുക്കണമെന്നും മാര്‍പാപ്പയോട് ആല്‍മായനായ ഒരു വ്യക്തി ചോദിച്ചു. താന്‍ നേരില്‍ കണ്ട വ്യക്തികളുടെ ജീവിതവും സഹബിഷപ്പുമാരും വൈദികരും തന്നോട് പറഞ്ഞ മറ്റു വ്യക്തികളുടെ അനുഭവങ്ങളും വിശദീകരിച്ചാണ് വിഷയത്തില്‍ പാപ്പ തന്റെ മറുപടി നല്‍കിയത്. നമ്മള്‍ ഇന്നു ജീവിക്കുന്നത് തന്നെ താല്‍ക്കാലികമായ ഒരു സാംസ്‌കാരിക സംമ്പ്രദായത്തിലാണെന്നു പറഞ്ഞ മാര്‍പാപ്പ, വിവാഹത്തെ പലരും താല്‍ക്കാലികമായാണ് കാണുതെന്നും പറഞ്ഞു. ബിരുദ പഠനത്തിനു ശേഷം ഒരു യുവാവ് ബിഷപ്പിനെ കണ്ട് തനിക്ക് പത്ത് വര്‍ഷത്തേക്ക് വൈദികനായിരുന്നാല്‍ കൊള്ളാമെന്ന ആഗ്രഹം അറിയിച്ച സംഭവവും അദ്ദേഹം പറഞ്ഞു. ആര്‍ക്കും ഒരു സ്ഥിരമായ ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ ഇഷ്ടമല്ലെന്നു പറഞ്ഞ പാപ്പ വിവാഹ ജീവിതം ഇത്തരത്തിലുള്ള ഒന്നല്ലെന്നു പ്രത്യേകം ഓര്‍മ്മിപ്പിച്ചു.
ജീവിതത്തിന്റെ ഇനിയുള്ള കാലം മുഴുവനും ഒപ്പം ഉണ്ടാകുമെന്ന പ്രതിജ്ഞ ദൈവസന്നിധിയില്‍ നിന്ന് എടുക്കുന്നവര്‍ അത് ശരിയായി മനസിലാക്കുന്നില്ലെന്നും പാപ്പ നിരീക്ഷിച്ചു. താന്‍ ബ്യൂണസ് ഐറിസില്‍ ബിഷപ്പായിരുന്നപ്പോള്‍ ഒരു വനിത തന്നോട് വിവാഹത്തെ കുറിച്ച് പറഞ്ഞ സംഭവം അദ്ദേഹം പങ്കുവച്ചു. "വൈദികരാകുവാന്‍ പഠിക്കുന്നവര്‍ വര്‍ഷങ്ങളോളം അതിനു വേണ്ടി കഷ്ടപ്പെടുന്നു. വൈദികനാകുന്നതിനു മുമ്പ് അവര്‍ക്ക് സഭ ഒരു അവസരം കൂടി നല്‍കുന്നു. നിങ്ങള്‍ക്ക് വൈദികനാകണോ വേണ്ടായോ എന്നുള്ള ചോദ്യം അവരുടെ മുന്നില്‍ വീണ്ടും ചോദിക്കപ്പെടുന്നു. വേണ്ടായെന്നു പറയുന്നവര്‍ക്ക് വിവാഹ ജീവിതത്തിലേക്ക് കടക്കാം. പിന്നീട് പലരും ഇങ്ങനെ വിവാഹ ജീവിതത്തിലേക്ക് കടന്നിട്ടുമുണ്ട്. എന്നാല്‍ ആല്‍മായര്‍ക്ക് വിവാഹ ജീവിതത്തില്‍ ഇത്തരം ഒരു തെരഞ്ഞെടുക്കല്‍ സഭ നല്‍കുന്നില്ല. ഒരിക്കല്‍ വിവാഹം കഴിച്ചാല്‍ പിന്നീട് വീണ്ടും തെരഞ്ഞെടുക്കുവാന്‍ സാധ്യമല്ല". തന്നെ കളിയാക്കുന്ന തരത്തില്‍ സംസാരിച്ച സ്ത്രീയുടെ വിവാഹത്തെ കുറിച്ചുള്ള മനോഭാവം ഇത്തരത്തിലാണെന്നു പിതാവ് വിശദീകരിച്ചു.
തന്റെ വിവാഹത്തിനു വധു അണിയുന്ന വസ്ത്രത്തിനു യോജിക്കുന്ന ഒരു പള്ളി കണ്ടെത്തുവാന്‍ സാധിക്കുമോ എന്ന ആവശ്യവുമായി വന്ന യുവാവിന്റെ കഥയും മാര്‍പാപ്പ പറഞ്ഞു. "അത്തരത്തില്‍ ഒരു പള്ളി ഇനി ഉണ്ടെങ്കില്‍ തന്നെ അതിനു മറ്റൊരു പ്രത്യേകത കൂടി ഉള്ളതാവണമെന്ന നിബന്ധനയും യുവാവ് മുന്നോട്ട് വച്ചു. അത് ഭക്ഷണശാലയ്ക്ക് സമീപം തന്നെ സ്ഥിതി ചെയ്യുന്നതായിരിക്കണം. ഇത്തരം ആവശ്യങ്ങളാണ് ഇന്ന് ആളുകള്‍ക്ക് ഉള്ളത്. വിവാഹം സമൂഹത്തില്‍ തങ്ങളുടെ നില ഉയര്‍ത്തികാട്ടുവാന്‍ വേണ്ടി പലരും ഉപയോഗിക്കുന്നു. ഇതെങ്ങനെ മാറ്റിയെടുക്കാമെന്നു നാം ചിന്തിക്കണം". പാപ്പ പറഞ്ഞു.
താന്‍ ആര്‍ച്ച് ബിഷപ്പായിരുന്നപ്പോള്‍ ചില വിവാഹങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നില്ലെന്നും പാപ്പ പറഞ്ഞു. വിവാഹ സമയത്ത് വധു ചിലപ്പോള്‍ ഗര്‍ഭിണിയായിരിക്കും. ഇത്തരം വിവാഹങ്ങള്‍ നടത്തി നല്‍കുവാന്‍ സാധ്യമല്ല. തന്റെ രാജ്യത്ത് പല യുവാക്കളും ആദ്യം കുറെ നാള്‍ ഒരുമിച്ച് താമസിക്കും. പിന്നീട് മുന്നോട്ട് ഒരുമിച്ചു തന്നെ പോകുവാന്‍ സാധിക്കുന്നവരാണെന്നു മനസിലായാല്‍ മാത്രം അവര്‍ നിയമപരമായി വിവാഹം കഴിക്കും. അപ്പോഴേക്കും അവരുടെ മൂത്ത കുഞ്ഞ് സ്‌കൂളില്‍ പഠിക്കുവാന്‍ പോകുന്ന സമയമാകും. ഇതെ ദമ്പതിമാര്‍ക്കു കൊച്ചുമക്കള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് സഭാപരമായി അവര്‍ വിവാഹം കഴിക്കുന്നത്. പോപ്പ് തന്റെ രാജ്യത്തെ ചില സംഭവങ്ങള്‍ വിവരിച്ചു.
"എന്തുകൊണ്ടാണ് വിവാഹം കഴിക്കാതത്ത്? ഈ ചോദ്യത്തിന് പലരും നല്‍കുന്ന മറുപടി എനിക്ക് കാത്തിരിക്കുവാന്‍ സാധിക്കില്ല. എനിക്ക് ഒന്നിച്ചിരിക്കുവാന്‍ സമയമില്ല. പരസ്പരം സഹായിക്കുവാന്‍ സാധിക്കുകയില്ല. ഒരാളോട് ഇണങ്ങി ജീവിക്കുവാന്‍ സാധിക്കുന്നില്ല തുടങ്ങിയ മറുപടികളാണ്. വിവാഹിതരാകുന്നവര്‍ മനസിലാക്കേണ്ട പ്രധാന കാര്യം അത് ഒരിക്കലും മാറ്റമില്ലാത്ത അഴിക്കപ്പെടുവാന്‍ സാധിക്കാത്ത ബന്ധമാണെന്ന തിരിച്ചറിയലാണ്". പാപ്പ വിവാഹത്തെ കുറിച്ചുള്ള വ്യക്തമായ വിശദീകരണം നല്‍കികൊണ്ട് പറഞ്ഞു. വൈദികരുടെ ശുശ്രൂഷ ജീവിതത്തില്‍ വിവാഹം നടത്തുന്നതും കുടുംബങ്ങളെ ദൈവീക പദ്ധതി പ്രകാരം നടക്കുവാന്‍ ശീലിപ്പിക്കുന്നതും വെല്ലുവിളി നിറഞ്ഞ പ്രയത്നമാണെന്നും അദ്ദേഹം പറഞ്ഞു.