News - 2025

സ്വവർഗ്ഗഭോഗ പ്രവണതയുള്ളവരോടുള്ള നിലപാടില്‍ അയവു വരുത്തണം: കര്‍ദ്ദിനാള്‍ റെന്‍ഹാര്‍ഡ് മാര്‍ക്ക്‌സ്

സ്വന്തം ലേഖകന്‍ 25-06-2016 - Saturday

ഡബ്ലിന്‍: സ്വവർഗ്ഗഭോഗ പ്രവണതയുള്ളവരോടുള്ള സഭയുടെ നിലപാടില്‍, നാം അവരോട് മാപ്പ് പറയണമെന്ന് കത്തോലിക്ക ബിഷപ്പ്. ഒരു പൊതുചടങ്ങില്‍ വെച്ചു മ്യൂണിച്ച് രൂപതയുടെ ബിഷപ്പ് കര്‍ദിനാള്‍ റെന്‍ഹാര്‍ഡ് മാര്‍ക്ക്‌സാണ് സ്വവർഗ്ഗഭോഗ പ്രവണതയുള്ളവരോടുള്ള കത്തോലിക്ക സഭയുടെ മനോഭാവം മാറ്റണമെന്ന പ്രസ്താവന നടത്തിയിരിക്കുന്നത്. ജര്‍മ്മന്‍ ബിഷപ്പ്‌സ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്റും മാര്‍പാപ്പയുടെ ഉപദേശക സമിതിയിലെ അംഗം കൂടിയാണ് കര്‍ദ്ദിനാള്‍ റെന്‍ഹാര്‍ഡ് മാര്‍ക്ക്‌സ്.

"സ്വവർഗ്ഗഭോഗ പ്രവണതയുള്ളവരോട് നമ്മള്‍ ഏറെ ദ്രോഹം പ്രവര്‍ത്തിച്ചു. അവരുടെ ആവശ്യങ്ങള്‍ എല്ലാം തന്നെ നാം തള്ളിക്കളയുകയും സമൂഹത്തില്‍ നിന്ന്‍ അവരെ മാറ്റി നിര്‍ത്തുകയും ചെയ്തു. സമീപകാലത്തും നാം അവര്‍ക്കെതിരെ പല ശക്തമായ നിലപാടുകളും സ്വീകരിച്ചു". കര്‍ദ്ദിനാള്‍ റെന്‍ഹാര്‍ഡ് മാര്‍ക്ക്‌സ് സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം നടന്ന മെത്രാന്മാരുടെ സിനഡിലും ഇതു സംബന്ധിക്കുന്ന വാദം താന്‍ ഉന്നയിച്ചിരുന്നതായി കര്‍ദ്ദിനാള്‍ വെളിപ്പെടുത്തുന്നു.

സ്വവർഗ്ഗവിവാഹം പാപമാണെന്ന് ദൈവ വചനത്തിന്റെ വെളിച്ചത്തിൽ സഭ എക്കാലവും പഠിപ്പിക്കുന്നു. സ്വവർഗ്ഗഭോഗ പ്രവണത, അത്തരം അവസ്ഥയിൽ കഴിയുന്നവർക്ക് ഒരു പരീക്ഷണം തന്നെയാണ് എന്ന് സഭ തിരിച്ചറിയുന്നു. ഇതിന്റെ മനശാസ്ത്രപരമായ കാരണം വളരെ അവ്യക്തമായി നിലനിൽക്കുന്നതിനാൽ ഇത്തരം വിഭാഗത്തിൽ പെട്ടവരോട് സഹാനുഭൂതിയോടെയും ആദരവോടെയും നാം പെരുമാറേണ്ടിയിരിക്കുന്നു. സ്വവർഗ്ഗഭോഗ പ്രവണത പാപകരമല്ല പ്രത്യുത, സ്വവർഗ്ഗ രതിക്രിയയാണ് പാപകരം എന്നാണ് സഭ പഠിപ്പിക്കുന്നത്.

More Archives >>

Page 1 of 53