News - 2024

ബ്രെക്‌സിറ്റ് ഫലം ആവശ്യപ്പെടുന്നത് നല്ല അയല്‍ക്കാരായി തുടരണമെന്ന ആഹ്വാനം: ഇംഗ്ലണ്ടിലെ ബിഷപ്പുമാര്‍

സ്വന്തം ലേഖകന്‍ 25-06-2016 - Saturday

ലണ്ടന്‍: ബ്രെക്‌സിറ്റ് ഫലത്തെ മാനിക്കുന്നതായി ഇംഗ്ലണ്ടിലേയും വെയില്‍സിലേയും കത്തോലിക്ക ബിഷപ്പുമാരുടെ സമിതി പ്രതികരിച്ചു. ദീര്‍ഘനാളുകള്‍ നടന്ന തീവ്ര പ്രചാരണത്തിനു ശേഷമാണ് ഈ വിധി ഉണ്ടായിരിക്കുന്നത്. പരസ്പരം ബഹുമാനിച്ചും വിനയപൂര്‍വ്വം പെരുമാറിയും പൗരന്‍മാര്‍ക്ക് മുന്നോട്ടു പോകുവാന്‍ കഴിയണമെന്നും ബിഷപ്പുമാര്‍ പറഞ്ഞു. ബിഷപ്പ് കോണ്‍ഫറന്‍സിന്റെ ഔദ്യോഗിക പ്രതികരണം പ്രസിഡന്റ് കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോളാസിന്റെ പേരില്‍ പുറത്തുവന്നിട്ടുണ്ട്.

"കൂടുതല്‍ ഉത്തരവാദിത്വപൂര്‍വ്വം പെരുമാറണമെന്ന് ബ്രെക്‌സിറ്റ് ഫലം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ രാജ്യത്തെ പൗരന്‍മാര്‍ നല്ല അയല്‍ക്കാരാണെന്ന് കൂടുതല്‍ ശക്തിയോടെ നാം പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു. അതിനായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം. 33 മില്യണ്‍ പൗരന്‍മാരാണ് ജനഹിതം അറിയുവാനുള്ള ഈ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തത്. യുകെയുടെ ഭാവി കൂടുതല്‍ ശോഭനമാകുന്നത് യുറോപ്യന്‍ യൂണിയനു പുറത്തായിരിക്കുമ്പോഴാണെന്നാണ് ഏറെ പേരും കരുതുന്നത്. നമ്മുടെ വ്യക്തിപരമായ കാഴ്ച്ചപാട് എന്തു തന്നെ ആയാലും ഈ തീരുമാനത്തെ നാം ബഹുമാനിക്കുകയും ഇതില്‍ നിലകൊള്ളുകയും വേണം. നമ്മുടെ രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ നമുക്ക് വളരെ വലുതാണ്. പ്രത്യാശയുടെ വക്താക്കളെന്ന നിലയില്‍ പ്രാര്‍ത്ഥിക്കേണ്ട സമയമാണിത്". കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോളാസിന്റെ പ്രസ്താവനയില്‍ പറയുന്നു. ഇറ്റാലിയന്‍ ജസ്യൂട്ട് കര്‍ദിനാളായിരുന്ന മരിയ മാര്‍ട്ടിനിയുടെ യൂറോപ്പിനു വേണ്ടിയുള്ള പ്രാര്‍ത്ഥനയോടെയാണ് പ്രസ്താവന അവസാനിക്കുന്നത്.

More Archives >>

Page 1 of 53