News - 2025
ഏഴു വര്‍ഷത്തിനിടെ ഭാരതത്തില്‍ ക്രൈസ്തവര്‍ക്ക് നേരെ ഏറ്റവും അധികം ആക്രമണമുണ്ടായത് 2021-ല്‍
പ്രവാചകശബ്ദം 03-01-2022 - Monday
മുംബൈ: കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ഭാരതത്തില്‍ ക്രൈസ്തവര്‍ക്ക് നേരെ ഏറ്റവും അധികം ആക്രമണമുണ്ടായത് 2021-ലാണെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം. 2021ൽ ക്രൈസ്തവർക്ക് നേരെ 486 അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്ന് ക്രൈസ്തവ സംഘടനയായ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 75 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2020ൽ 279 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആക്രമണങ്ങളുടെ ഇരകളാകുന്ന ക്രൈസ്തവർക്ക് പരാതി നൽകാൻ 2014ൽ സംഘടന ഒരു ടോൾഫ്രീ നമ്പർ ലഭ്യമാക്കിയിരിന്നു. ഇതിനുശേഷം ഏറ്റവുമധികം അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട വർഷമായി 2021 മാറിയെന്നും സംഘടന വ്യക്തമാക്കി.
എവിടുന്നെങ്കിലും പരാതി ലഭിച്ചാൽ വിശദമായ അന്വേഷണങ്ങൾക്ക് ശേഷമാണ് അക്രമസംഭവങ്ങളുടെ പട്ടികയിലേക്ക് ലഭിച്ച പരാതിയും കൂട്ടിച്ചേർക്കുന്നത്. 2021ന്റ ഏറ്റവും ഒടുവിലത്തെ രണ്ടു മാസങ്ങളിൽ മാത്രം ഇത്തരത്തില്‍ 104 പരാതികൾ ലഭിച്ചെന്ന് സംഘടന അറിയിച്ചതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ ഇതിലൂടെ ശ്രമം നടന്നുവെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ആശങ്ക പ്രകടിപ്പിച്ചു. ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടന്നത് ഒക്ടോബർ മാസമാണ്. 77 സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
സംസ്ഥാനങ്ങളുടെ പട്ടിക എടുക്കുമ്പോൾ ഉത്തർപ്രദേശ് ആണ് ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. പിന്നാലെ ചത്തീസ്ഗഢുമുണ്ട്. പ്രാർത്ഥനാ കൂട്ടായ്മകളിലേക്ക് സംഘം ചേർന്ന് ഇരച്ചുകയറി ആക്രമിക്കുന്ന പ്രവണതയാണ് ഭൂരിപക്ഷം സ്ഥലങ്ങളിലും കാണാൻ സാധിക്കുന്നത്. മതപരിവർത്തന ആരോപണം ഉന്നയിച്ചുകൊണ്ട് ക്രൈസ്തവരെ മർദ്ദിച്ച് പോലീസിന് കൈമാറുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പോലീസ് സ്റ്റേഷനുകളുടെ മുന്നിൽ പോലും സംഘർഷം ഉണ്ടാകുമ്പോൾ ഉദ്യോഗസ്ഥർ നിഷ്ക്രിയരായി നോക്കിനിൽക്കുന്നു. ഇത്തരത്തില്‍ നിരപരാധികളായ 210 പേരെ തടവിൽ നിന്നും മോചിപ്പിക്കാൻ സാധിച്ചിട്ടുണ്ടെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം പറഞ്ഞു.
തീവ്ര ഹിന്ദുത്വവാദികൾ അടപ്പിച്ച 46 ദേവാലയങ്ങൾ തുറന്നു നൽകാൻ സാധിച്ചു. എന്നാൽ അക്രമികൾക്കെതിരെ 34 കുറ്റപത്രങ്ങൾ മാത്രമാണ് സമർപ്പിക്കാൻ സാധിച്ചതെന്ന് സംഘടന വ്യക്തമാക്കി. തെറ്റായ ആരോപണങ്ങൾ വഴി ആളുകൾക്കിടയിൽ വെറുപ്പ് ഉണ്ടാക്കുന്നത് മതസൗഹാർദ്ദത്തിൽ വിള്ളൽ വീഴ്ത്തുന്ന കാര്യമാണെന്ന് സംഘടനയുടെ അദ്ധ്യക്ഷനും, ഡൽഹി ന്യൂനപക്ഷ കമ്മീഷൻ മുൻ അംഗവുമായ എ.സി. മൈക്കിൾ പറഞ്ഞു. മതപരിവർത്തനം ആരോപിക്കുന്നതാണ് ക്രൈസ്തവർക്ക് നേരെ അക്രമങ്ങൾ വർധിക്കാൻ കാരണമെന്നും, എന്നാൽ ക്രൈസ്തവർ മതപരിവർത്തനം നടത്തിയതായി തെളിവുകൾ ഒന്നും തന്നെ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോള തലത്തില്‍ ക്രൈസ്തവ പീഡനം രൂക്ഷമായ ലോക രാജ്യങ്ങളെ കുറിച്ചുള്ള ഓപ്പൺ ഡോർസ് സംഘടനയുടെ പട്ടികയില്‍ ഇന്ത്യ പത്താം സ്ഥാനത്താണ്.