News - 2025
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ തടവിൽ നിന്നും 22 ക്രൈസ്തവർക്ക് മോചനം
ഷാജു പൈലി 13-08-2015 - Thursday
ബെയ്റൂട്ട് (റോയിട്ടേഴ്സ്) : സിറിയയുടെ വടക്ക് കിഴക്കൻ ഭാഗത്തുള്ള ഗ്രാമപ്രദേശങ്ങളിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ഈ വർഷാരംഭത്തിൽ പിടികൂടി തടവിലാക്കിയ അനേകം അസ്സീറിയൻ ക്രിസ്ത്യാനികളിൽ പെട്ട 22 പേരെ മോചിപ്പിച്ചതായി, ഒരു നിരീക്ഷണ സംഘം അറിയിച്ചു.
അത്യധികം തീവ്രമായ നിലപാടുകൾ വച്ച് പുലർത്തുന്ന ഈ ഇസ്ലാമിക തീവ്രവാദികളുടെ തടവിൽ എത്രത്തോളം അസ്സീറിയക്കാർ ഉണ്ടെന്നതിനെ കുറിച്ച് വ്യക്തമായ കണക്കൊന്നും ഇല്ല. ബ്രിട്ടണ്‍ ആസ്ഥാനമായുള്ള സിറിയൻ മനുഷ്യാവകാശ സംഘടനയുടെ തലവനായ റാമി അബ്ദുൾ റഹ്മാന്റെ അഭിപ്രായത്തിൽ ഏതാണ്ട് 150ൽ അധികം പേർ ഇവരുടെ തടവിലുണ്ട് .
കഴിഞ്ഞ ഫെബ്രുവരിയിൽ വടക്ക് കിഴക്കൻ ഭാഗത്തെ 'കുർദ്ദിഷ്' അധീനതയിലുണ്ടായിരുന്ന 'ഹസാക'ക്ക് അടുത്തുള്ള പുരാതന ക്രൈസ്തവ സമൂഹം ഇടതിങ്ങി പാർത്തിരുന്ന ഗ്രാമങ്ങൾ ആക്രമിച്ചപ്പോൾ ഏതാണ്ട് 200 ഓളം അസ്സീറിയൻ ക്രൈസ്തവരെ ഇവർ ബന്ദികളാക്കിയതായാണ് സൂചന.
പ്രായമായമേറിയ പുരുഷന്മാരേയും സ്ത്രീകളേയുമാണ് വിട്ടയച്ചതെന്നു സ്വീഡനിലെ സിറിയൻ അസ്സീറിയൻ ഗ്രൂപ്പിന്റെ ചെയർമാനായ, അഫ്രാം യാക്കൂബ് ഈ വാർത്ത സ്ഥിരീകരിച്ചു കൊണ്ട് പറഞ്ഞു.
മോചനദ്രവ്യം നൽകിയതുകൊണ്ടാണ് വിട്ടയച്ചതെന്നു അബ്ദുൾ റഹ്മാൻ പറഞ്ഞെങ്കിലും അഫ്രാം യാക്കൂബ് ഇത് നിഷേധിച്ചതായാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളുമായിരിക്കാം വിട്ടയച്ചതിന്റെ കാരണമെന്ന് വിട്ടയക്കപെട്ടവർ പ്രായമേറിയവരാണെന്നത് ചൂണ്ടികാട്ടിക്കൊണ്ട് അദ്ദേഹം ടെലിഫോണ്‍ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.
ഈ മോചനം പ്രതീക്ഷയുടെ ചെറിയ അടയാളമാണെന്നും ഇത് ഭാവിയിൽ ബാക്കുയുള്ളവരുടെ മോചനത്തിലേക്കുള്ള നേർത്ത പ്രതീക്ഷ നമുക്ക് നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇക്കഴിഞ്ഞ മാർച്ചിൽ 19-ഓളം വരുന്ന തടവുകാരെയും ഇവർ മോചിപ്പിച്ചിരുന്നു.