News - 2025

അപ്പസ്തോലിക പ്രതിനിധിയെ നിക്കാരാഗ്വേ ഭരണകൂടം പുറത്താക്കി: നീതീകരിക്കുവാന്‍ കഴിയാത്ത നടപടിയെന്ന് വത്തിക്കാൻ

പ്രവാചകശബ്ദം 14-03-2022 - Monday

വത്തിക്കാന്‍ സിറ്റി: മധ്യ അമേരിക്കന്‍ രാഷ്ട്രമായ നിക്കാരാഗ്വേയിലെ വത്തിക്കാന്‍ നയതന്ത്രജ്ഞനെ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള ഭരണകൂടം പുറത്താക്കി. അപ്പസ്തോലിക ന്യൂൺഷോയായ മോണ്‍. വാള്‍ഡെമാര്‍ സ്റ്റാനിസ്ലോ സോമ്മര്‍ടാഗിനോട് ഉടന്‍ തന്നെ രാഷ്ട്രം വിട്ടുപോകണമെന്ന് നിക്കാരാഗ്വേ ഭരണകൂടം ആവശ്യപ്പെട്ടിരിന്നുവെന്നു വത്തിക്കാന്‍ മാര്‍ച്ച് 12-ന് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. 2018 മുതല്‍ അപ്പസ്തോലിക പ്രതിനിധിയായി സേവനമനുഷ്ടിക്കുന്ന മോണ്‍. സോമ്മര്‍ടാഗിനുള്ള നയതന്ത്ര അനുവാദം (ഉടമ്പടി) റദ്ദ് ചെയ്ത നടപടി ആശ്ചര്യജനകവും, ഖേദകരവുമാണെന്ന് പ്രസ്താവിച്ച വത്തിക്കാന്‍, തീരുമാനം നീതീകരിക്കാൻ കഴിയാത്തതാണെന്നും പ്രസ്താവിച്ചു.

അതേസമയം നിക്കാരാഗ്വേയിലെ തന്റെ നയതന്ത്ര സേവനം അവസാനിപ്പിച്ച മോണ്‍. സോമ്മര്‍ടാഗ് മാര്‍ച്ച് 6-ന് രാഷ്ട്രം വിട്ടുവെന്നും, അദ്ദേഹമിപ്പോള്‍ റോമിൽ തുടരുകയാണെന്നും കത്തോലിക്ക ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമമായ ‘ക്രക്സ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. പോളണ്ട് സ്വദേശിയും അൻപത്തിനാലുകാരനുമായ മെത്രാപ്പോലീത്ത സോമ്മര്‍ടാഗ് 2000 മുതല്‍ വത്തിക്കാന്റെ നയതന്ത്ര വിഭാഗത്തില്‍ സേവനം ചെയ്തു വരികയാണ്. സഭയുടേയും നിക്കരാഗ്വെന്‍ ജനതയുടെ, പ്രത്യേകിച്ച് പാവപ്പെട്ടവരുടെ നന്മക്ക് വേണ്ടി പ്രതിജ്ഞാബദ്ധനായിരുന്ന മോണ്‍. സോമ്മര്‍ടാഗ്, സഭയും നിക്കരാഗ്വേ അധികാരികളും തമ്മിലുള്ള ഊഷ്മള ബന്ധം നിലനിര്‍ത്തുവാന്‍ ശ്രദ്ധിച്ചിരുന്നെന്നും വത്തിക്കാന്റെ പ്രസ്താവനയില്‍ പറയുന്നുണ്ട്. നടപടി ക്രിസ്ത്യന്‍ ഭൂരിപക്ഷ രാഷ്ട്രമായ നിക്കാരാഗ്വേയിലെ ക്രിസ്ത്യാനികളുടെ വികാരത്തിന്റെ പ്രതിഫലനമല്ലെന്ന് തങ്ങള്‍ക്കറിയാമെന്ന് പറഞ്ഞ വത്തിക്കാന്‍, പാപ്പായുടെ പ്രതിനിധിയില്‍ തങ്ങള്‍ക്ക് പൂര്‍ണ്ണമായ ആത്മവിശ്വാസമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

നിക്കാരാഗ്വെ സര്‍ക്കാരും, പ്രതിപക്ഷവും തമ്മില്‍ 2019-ല്‍ നടന്ന ചര്‍ച്ചയുടെ സാക്ഷി എന്ന നിലയില്‍ മോണ്‍. സോമ്മര്‍ടാഗ് വഹിച്ച പങ്കിനെക്കുറിച്ചും വത്തിക്കാന്റെ പ്രസ്താവനയില്‍ പരാമര്‍ശിക്കുന്നുണ്ട്. നിക്കരാഗ്വയിലെ രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധി ഉടലെടുത്തിട്ട്‌ മൂന്നു വര്‍ഷത്തോളമായി. നിക്കാരാഗ്വേ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗക്കെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ അര്‍ദ്ധസൈനിക വിഭാഗങ്ങളേയും, പോലീസിനേയും ഉപയോഗിച്ച് അടിച്ചമര്‍ത്തുവാന്‍ പ്രസിഡന്റ് ശ്രമിച്ചതോടെയാണ് രാജ്യം കലാപത്തിന് സാക്ഷ്യം വഹിക്കുവാന്‍ ആരംഭിച്ചത്. സര്‍ക്കാര്‍ പ്രക്ഷോഭം അടിച്ചമര്‍ത്തുവാന്‍ ശ്രമിച്ചതിന്റെ ഫലമായി നൂറുകണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുകഴിഞ്ഞു.

. ജനാധിപത്യത്തെ പിന്തുണച്ചുകൊണ്ട് കത്തോലിക്കാ സഭ സ്വീകരിച്ച നിലപാടാണ് വത്തിക്കാന്‍ നയതന്ത്രജ്ഞനെ പുറത്താക്കിയതിന്റെ പിന്നിലെ കാരണമെന്ന് നയതന്ത്ര ഉറവിടങ്ങളെ ഉദ്ധരിച്ച് ‘റോയിട്ടേഴ്സ്’ റിപ്പോർട്ട് ചെയ്യുന്നു. ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള നിക്കാരാഗ്വേന്‍ സര്‍ക്കാരും വത്തിക്കാനും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ വഷളാകുമെന്നതിന്റെ സൂചനയായിട്ടാണ് ഈ നടപടിയെ കണക്കാക്കുന്നത്. നിക്കാരാഗ്വേന്‍ ജനസംഖ്യയുടെ പകുതിയോളം കത്തോലിക്ക വിശ്വാസികളാണ്.

More Archives >>

Page 1 of 744