News - 2025

വിമലഹൃദയത്തിന് സമർപ്പിക്കാനുള്ള പാപ്പയുടെ തീരുമാനം രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കും: പ്രതീക്ഷ പങ്കുവെച്ച് റഷ്യന്‍ ആർച്ച് ബിഷപ്പ്

പ്രവാചകശബ്ദം 17-03-2022 - Thursday

മോസ്ക്കോ/ വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽവെച്ച് റഷ്യയെ മാതാവിന്റെ വിമല ഹൃദയത്തിന് സമർപ്പിക്കാനുള്ള ഫ്രാൻസിസ് മാർപാപ്പയുടെ തീരുമാനത്തെ റഷ്യന്‍ തലസ്ഥാനമായ മോസ്കോയിലെ മദർ ഓഫ് ഗോഡ് അതിരൂപതയുടെ ആർച്ച് ബിഷപ്പ് പൗളോ പെസി സ്വാഗതം ചെയ്തു. റഷ്യയിലെ കത്തോലിക്ക മെത്രാൻ സമിതിയുടെ ഒരു കൂടിക്കാഴ്ച സൈബീരിയയിൽ വച്ച് നടന്നിരുന്നു. ഇവിടെനിന്ന് ഫോണിൽ സംസാരിക്കവേയാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ മധ്യസ്ഥ പ്രാർത്ഥനയുടെ ശക്തി രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കുമെന്ന പ്രതീക്ഷ ആർച്ച് ബിഷപ്പ് പ്രകടിപ്പിച്ചതെന്ന് ഇറ്റാലിയൻ മെത്രാൻ സമിതിയുടെ വാർത്താ മാധ്യമം എസ് ഐ ആർ റിപ്പോർട്ട് ചെയ്തു. ഫാത്തിമ പ്രത്യക്ഷീകരണത്തിന് റഷ്യയുമായും, ലോകത്തിൽ എവിടെ സംഘർഷം നടന്നാലും ആ സ്ഥലവുമായും ബന്ധമുണ്ടെന്ന് ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി.

2011 മുതൽ 17 വരെ റഷ്യന്‍ മെത്രാൻ സമിതിയുടെ അധ്യക്ഷ പദവിയിൽ സേവനം ചെയ്ത ആളാണ് പൗളോ പെസി. ഇറ്റലിയിലെ റുസിയിൽ 1960ൽ ജനിച്ച പെസി 1993 മുതൽ റഷ്യയിൽ സേവനം ചെയ്തു വരികയാണ്. 14 വർഷമായി മദർ ഓഫ് ഗോഡ് അതിരൂപതയെ നയിക്കുന്ന അദ്ദേഹത്തിന് 2011ൽ റഷ്യൻ പൗരത്വം ലഭിച്ചു. സൈബീരിയയിലെ കത്തോലിക്കാ പീഡനത്തെ പറ്റിയാണ് റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ സർവകലാശാലയിൽ ഡോക്ടറേറ്റ് നേടാനായി പഠിച്ചപ്പോൾ അദ്ദേഹം ഗവേഷണം നടത്തിയത്. ഇത് പിന്നീട് പുസ്തക രൂപത്തിലാക്കി ഇറ്റാലിയൻ ഭാഷയിൽ പ്രസിദ്ധീകരിച്ചിരിന്നു.

റഷ്യയോടൊപ്പം, യുക്രൈനെയും മാർച്ച് 25നു മാതാവിന്റെ വിമല ഹൃദയത്തിന് സമർപ്പിക്കപ്പെടും. 1984, മാർച്ച് 25നു, വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ റഷ്യയെ മാതാവിന്റെ വിമല ഹൃദയത്തിന് സമർപ്പിച്ചിരുന്നു. മാർച്ച് 25നു മംഗളവാർത്ത ദിനമായാണ് കത്തോലിക്കാസഭയിൽ ആചരിക്കുന്നത്. അതേ ദിവസം തന്നെ പോർച്ചുഗലിലെ ഫാത്തിമ തീർത്ഥാടന കേന്ദ്രത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ കീഴിൽ പ്രവർത്തിക്കുന്ന ഉപവി പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള വിഭാഗഗത്തിന്റെ തലവൻ കർദ്ദിനാൾ കൊൺറാഡ് ക്രജേവ്സ്കിയും ഇരുരാജ്യങ്ങളെയും മാതാവിന്റെ വിമല ഹൃദയത്തിന് സമർപ്പിക്കും.

More Archives >>

Page 1 of 745