News - 2025

റഷ്യ യുക്രൈന്‍ വിമലഹൃദയ സമര്‍പ്പണം: മാര്‍പാപ്പയോടൊപ്പം ഭാഗഭാക്കാകുമെന്ന് ലാറ്റിന്‍ അമേരിക്കന്‍ മെത്രാന്‍ സമിതി

പ്രവാചകശബ്ദം 17-03-2022 - Thursday

വത്തിക്കാന്‍ സിറ്റി: മാര്‍ച്ച് 25ന് റഷ്യയേയും യുക്രൈനേയും ഫ്രാന്‍സിസ് പാപ്പ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുമ്പോള്‍, പരിശുദ്ധ പിതാവിനൊപ്പം സമര്‍പ്പണത്തില്‍ പങ്കുചേരുമെന്ന് ലാറ്റിന്‍ അമേരിക്കയിലെയും, കരീബിയന്‍ രാഷ്ട്രങ്ങളിലെയും കത്തോലിക്ക മെത്രാന്മാര്‍. വത്തിക്കാനില്‍ നിന്നുള്ള വാര്‍ത്ത വളരെയേറെ ആനന്ദത്തോടും സന്തോഷത്തോടും കൂടിയാണ് തങ്ങള്‍ സ്വീകരിക്കുന്നതെന്നും, ഫ്രാന്‍സിസ് പാപ്പയുടെ നിയോഗം മുന്‍നിറുത്തിക്കൊണ്ട് ഈ സമര്‍പ്പണത്തില്‍ പങ്കുചേരുവാന്‍ കത്തോലിക്ക വിശ്വാസികളെയും, സഭാ സംഘടനകളെയും, ഇരുപത്തിരണ്ടോളം മെത്രാന്‍ സമിതികളെയും തങ്ങള്‍ ക്ഷണിച്ചിട്ടുണ്ടെന്നും ലാറ്റിന്‍ അമേരിക്കന്‍ മെത്രാന്‍ സമിതി (സി.ഇ.എല്‍.എ.എം) പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

സമാധാനത്തിനും ആഗോള സാഹോദര്യത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥന വര്‍ദ്ധിപ്പിക്കേണ്ട സമയമാണിതെന്ന് മെത്രാന്‍ സമിതി ചൂണ്ടിക്കാട്ടി. റോമിന്റെ മെത്രാനുമായുള്ള തങ്ങളുടെ സ്നേഹവും സഭാപരമായ ഐക്യവും ഉറപ്പിച്ചുകൊണ്ട്, പരിശുദ്ധ കന്യകാമാതാവിന്റെ മധ്യസ്ഥതയാലുള്ള അപേക്ഷ പിതാവായ ദൈവം കൈകൊള്ളുവാനും, സമാധാനമെന്ന വരദാനം ചൊരിയപ്പെടുവാനും പ്രാര്‍ത്ഥിക്കും. പ്രാര്‍ത്ഥനയോടും, ഐക്യദാര്‍ഢ്യത്തോടും കൂടി ദുര്‍ബ്ബലരായ സഹോദരന്മാരെയും, അക്രമത്തിനിരയായവരെയും തങ്ങള്‍ ചേര്‍ത്ത് പിടിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

മംഗളവാര്‍ത്ത തിരുനാള്‍ ദിനമായ മാര്‍ച്ച് 25ന് വൈകിട്ട് 5 മണിക്ക് റോമിലെ സെന്റ്‌ പീറ്റേഴ്സ് ബസിലിക്കയില്‍ നടക്കുന്ന അനുതാപ ശുശ്രൂഷാ വേളയില്‍ ഫ്രാന്‍സിസ് പാപ്പ റഷ്യയെയും യുക്രൈനേയും മാതാവിന്റെ വിമല ഹൃദയത്തിന് സമര്‍പ്പിക്കുമെന്ന വാര്‍ത്ത ഇക്കഴിഞ്ഞ ദിവസമാണ് വത്തിക്കാന്‍ പ്രസ്സ് ഓഫീസ് പുറത്തുവിട്ടത്. അന്നേദിവസം അതേസമയത്ത് ഫാത്തിമായിലും സമര്‍പ്പണം നടക്കും. ലാറ്റിന്‍ അമേരിക്കയിലേയും കരീബിയന്‍ രാഷ്ട്രങ്ങളിലേയും പ്രാദേശിക സമയങ്ങള്‍ക്കു അനുസൃതമായിട്ടായിരിക്കും തങ്ങള്‍ സമര്‍പ്പണത്തില്‍ പങ്കെടുക്കുകയെന്ന്‍ ലാറ്റിന്‍ അമേരിക്കന്‍ മെത്രാന്‍ സമിതി വ്യക്തമാക്കി.

More Archives >>

Page 1 of 745