News - 2025

യുദ്ധം അവസാനിപ്പിക്കുവാന്‍ പാപ്പയുടെ ഇടപെടല്‍ തേടി യുക്രൈന്‍ പ്രസിഡന്റ് സെലെൻസ്കി

പ്രവാചകശബ്ദം 24-03-2022 - Thursday

കീവ്: റഷ്യയുടെ ആക്രമണം അവസാനിപ്പിക്കാൻ വത്തിക്കാൻ മധ്യസ്ഥത വഹിക്കണമെന്നു അഭ്യര്‍ത്ഥിച്ച് യുക്രൈന്‍ പ്രസിഡന്റ് സെലെൻസ്കി. കഴിഞ്ഞ ദിവസം മാർപാപ്പയെ ഫോണിൽ വിളിച്ച സെലൻസ്കി രാജ്യം കടന്നുപോകുന്ന നിലവിലെ അവസ്ഥ വ്യക്തമാക്കി മാര്‍പാപ്പയുടെ സഹായം തേടി. മാർപാപ്പയുമായി സംസാരിച്ച കാര്യം സെലൻസ്കി ട്വിറ്ററിലൂടെയാണ് സ്ഥിരീകരിച്ചത്. യുദ്ധമേഖലകളിൽ ജനങ്ങൾ നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും റഷ്യൻ സൈനികര്‍ സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങളും സെലെൻസ്കി മാർപാപ്പയോടു വിശദീകരിച്ചു. റഷ്യ- യുക്രൈന്‍ സമാധാന ചർച്ചകൾ വിശുദ്ധ നാടായ ജറുസലെമില്‍ നടത്തുന്നത് ഉചിതമായിരിക്കുമെന്ന് പ്രസ്താവിച്ചതിന് പിന്നാലെയാണ് വത്തിക്കാന്റെ മധ്യസ്ഥത തേടിയ വിവരം സെലെൻസ്കി അറിയിച്ചത്.

യുദ്ധം അവസാനിപ്പിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ നിരവധി തവണ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. റഷ്യൻ ഓർത്തഡോക്സ് സഭയുടെ അധ്യക്ഷന്‍ പാത്രിയാര്‍ക്കീസ് കിറിലുമായി മാർപാപ്പയും ഈ മാസം ആദ്യം ചർച്ച നടത്തിയിരുന്നു. ഇതിനിടെ യുക്രൈന്‍ തലസ്ഥാനമായ കീവിലെ മേയര്‍ വിറ്റാലി ക്ളിസ്ത്കോ അടുത്ത ദിവസം ഫ്രാന്‍സിസ് പാപ്പയെ കീവിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിരിന്നുവെന്നതും ശ്രദ്ധേയമാണ്. സമാധാനത്തിന്റെ ദൂതനെന്ന നിലയിലാണ് ലോകം ഫ്രാന്‍സിസ് പാപ്പയെ കാണുന്നതെന്നും, പാപ്പ ഉക്രൈനില്‍ വന്നാല്‍ യുദ്ധം അവസാനിക്കുമെന്നാണ് ജനങ്ങളുടെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞിരിന്നു.

More Archives >>

Page 1 of 747