News - 2025
യുക്രൈന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ലണ്ടന്‍ കത്തീഡ്രലില്‍ പള്ളിമണികള്‍ മുഴങ്ങി
പ്രവാചകശബ്ദം 22-03-2022 - Tuesday
ലണ്ടന്‍: റഷ്യന്‍ അധിനിവേശത്തേ തുടര്‍ന്നുള്ള യുദ്ധം കൊണ്ട് പൊറുതിമുട്ടിയ യുക്രൈന്‍ ജനതയോടുള്ള ഐക്യത്തിന്റെ അടയാളമായി ഇംഗ്ലണ്ട് ആംഗ്ലിക്കന്‍ സഭയുടെയും, ലണ്ടന്റേയും പൊതു അടയാളങ്ങളിലൊന്നായ സെന്റ് പോള്‍സ് കത്തീഡ്രലിലിലേയും, യുക്രൈനിലെ ലിവിവ് നഗരത്തിലെ ദേവാലയങ്ങളിലെയും പള്ളിമണികള്‍ ഒരുമിച്ച് മുഴങ്ങി. ഇക്കഴിഞ്ഞ മാര്‍ച്ച് 20-ന് ഏതാണ്ട് 15 മിനിറ്റോളമാണ് മണികള്‍ മുഴക്കിയത്. സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ കത്തീഡ്രലിന്റെ വെബ്സൈറ്റില്‍ ഇക്കാര്യം മുന്‍കൂട്ടി അറിയിച്ചിരുന്നു. സെന്റ് പോള്‍സ് കത്തീഡ്രല്‍ ഇടവക സമൂഹം നല്‍കുന്ന പിന്തുണയ്ക്ക് ലണ്ടനിലെ യുക്രൈന്‍ കത്തോലിക്കാ രൂപതയായ ഹോളിഫാമിലി രൂപതാധ്യക്ഷന്‍ കെന്നത്ത് നൊവാകിവ്സ്കി നന്ദി പറഞ്ഞു.
സെന്റ് പോള്‍സ് കത്തീഡ്രലിന്റെ ചരിത്രപരമായ മണികളുടെ മുഴക്കം ഇരുണ്ട നിമിഷങ്ങളിലൂടെ കടന്നുപോകുന്ന യുക്രൈന്‍ സഹോദരീ-സഹോദരന്‍മാരോടുള്ള ഐക്യത്തിന്റെ അടയാളമാണെന്നു നൊവാകിവ്സ്കി കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ലിവിവിലെ ദേവാലയങ്ങളിലെ മണികള്‍ക്കൊപ്പം നമ്മുടെ പള്ളി മണികളും മുഴങ്ങുമ്പോള്‍ യുക്രൈന്‍ സഭയുടേയും, സര്‍ക്കാരിന്റേയും പ്രതിനിധികള്‍ ഇവിടെ ഉള്ളത് സന്തോഷകരമായ കാര്യമാണെന്നു സെന്റ് പോള്‍സ് കത്തീഡ്രലിന്റെ ഡീന്‍ ഫാ. ഡേവിഡ് അയ്‌സണ്‍ ശുശ്രൂഷക്കിടയില്‍ പറഞ്ഞു. നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്ന അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുവാന്‍ വേണ്ടി മാത്രമല്ല, നീതിക്കും സമാധാനത്തിനും വേണ്ടി കൂടിയാണ് നമ്മള്‍ ഇന്ന് ഈ മണിമുഴക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച ശുശ്രൂഷകളിലും, പ്രത്യേക പരിപാടികളിലും മണികള്‍ മുഴുക്കുവാന്‍ സെന്റ് പോള്‍സ് കത്തീഡ്രലിന് പ്രത്യേക സന്നദ്ധ സംഘം തന്നെയുണ്ട്. പരസ്പരം മാറ്റാവുന്ന 12 മണികളുടെ വലയമാണ് സെന്റ് പോള്‍സ് കത്തീഡ്രലിലുള്ളത്. 1878-ല്‍ നിര്‍മ്മിച്ച ഈ മണികള്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പള്ളിമണി വലയമാണ്. ഓരോ മണിക്കും 1 മുതല്‍ 12 വരെ നമ്പര്‍ ഇട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രമാനുസൃതമായിട്ടാണ് മണിയുടെ മുഴക്കം. ഇതില്‍ ഏറ്റവും ചെറിയ ട്രിപ്പിളിന് 800-കിലോയിലധികവും, ഏറ്റവും വലിയ ടെനോറിന് ഒരു ടണ്ണിലധികവും ഭാരമുണ്ട്. യുക്രൈന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് വടക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലെ ദുര്‍ഹാം കത്തീഡ്രലിലെ മണികളും മുഴക്കിയിരിന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക