News

വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഈ ലോകത്തോട് വിടപറഞ്ഞിട്ട് ഇന്നേക്ക് പതിനേഴ് വർഷം

ഫാ. ജിന്‍റോ മുരിയങ്കരി 02-04-2022 - Saturday

വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഈ ലോകത്തോട് വിടപറഞ്ഞിട്ട് ഇന്ന് പതിനേഴ് വർഷം തികയുകയാണ്. "പിതാവിന്റെ ഭവനത്തിലേക്ക് പോകുവാൻ എന്നെ അനുവദിക്കൂ" എന്ന് പോളണ്ട് ഭാഷയിൽ ഉരുവിട്ടതിനുശേഷമായിരുന്നു മാർപാപ്പയുടെ വേർപാട്. ജോൺ പോൾ ഒന്നാമൻ മാർപാപ്പയുടെ വിയോഗത്തോടെ സഭയിൽ ഉടലെടുത്ത അനാഥത്വം മാറ്റാൻ ദൈവം കനിഞ്ഞു നല്കിയ വ്യക്തിയാണ് രണ്ടുനൂറ്റുണ്ടുകളുടെ മധ്യത്തിൽ മാർപാപ്പയായിരിക്കാൻ ഭാഗ്യം ലഭിച്ച പോളണ്ടുകാരനായ കരോൾ വോയ്റ്റീല എന്ന ജോൺ പോൾ രണ്ടാമൻ മാർപാപ്പ.

"എന്റെ ഇറ്റാലിയനിൽ കുറവുകളുണ്ട്, നിങ്ങൾ എന്നെ തിരുത്തുക" എന്ന് പറഞ്ഞുകൊണ്ട് തന്റെ പ്രഥമ കൂടിക്കാഴ്ചയിൽ തന്നെ അദ്ദേഹം ഇറ്റലിക്കാരുടെ ഹൃദയത്തിൽ ഇടം നേടി. നീണ്ട ഇരുപത്തിയെട്ട് വർഷക്കാലത്തെ തന്റെ ഭരണകാലത്ത് കത്തോലിക്കാവിശ്വാസികളെ രണ്ടായിരാം ജൂബിലിവർഷത്തിലൂടെ പുതിയ നൂറ്റാണ്ടിലേക്ക് കൈപിടിച്ച് നടത്തിയത് അദ്ദേഹമാണ്.

"ഭയപ്പെടേണ്ടതില്ല.. ക്രിസ്തുവിനായി നിങ്ങളുടെ വാതിലുകൾ വിശാലമായി തുറന്നിടുക" എന്ന് പറഞ്ഞ് വത്തിക്കാൻ ചത്വരത്തിൽ സമ്മേളിച്ച വിശ്വാസികളെ ധൈര്യപ്പെടുത്തിയ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ എളിമകൊണ്ടും ജീവിതലാളിത്യം കൊണ്ടും സൗഹൃദങ്ങൾകൊണ്ടും എല്ലാവരുടെയും പ്രിയപ്പെട്ടവനായി. അദ്ദേഹം, ലോകയുവജനസമ്മേളനത്തിൽ യുവാക്കൾക്കൊപ്പം നൃത്തം ചെയ്തതിന്റെയും, വത്തിക്കാനിൽ വി. മദർ തെരേസയെ സ്വീകരിച്ചപ്പോൾ സ്നേഹചുംബനം നൽകിയതിൻറെയും ചിത്രങ്ങൾ ഇന്നും ആയിരങ്ങളുടെ ഹൃദയങ്ങളിൽ ഒളിമങ്ങാതെ നിൽക്കുന്നു.

സഭയുടെ സന്ദേശങ്ങളെ ലോകത്തെ അറിയിക്കാൻ സാമൂഹ്യമാധ്യമങ്ങളെ ഫലവത്തായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെ വളരെ പ്രാധാന്യത്തോടെ ഉത്ബോധിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ. 2005 മാർച്ച് മുപ്പതാം തീയതി, മരണത്തിന് മൂന്ന് ദിവസം മുൻപ്, രോഗാസ്വസ്ഥകൾ സമ്മാനിച്ച കഠിനമായ വേദനകൾ ഉളളിലൊതുക്കി, വത്തിക്കാൻ ചത്വരത്തിൽ കൂടിയ വിശ്വാസികളെ അദ്ദേഹം ആശീർവ്വദിച്ച കാഴ്ച ലോകത്തിന് മുഴുവൻ ഹൃദയഭേദകമായിരുന്നു.

1920 മെയ് 18 ന് പോളണ്ടിൽ ജനിച്ച ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ 2005 ഏപ്രിൽ രണ്ടാം തീയതിയാണ് എല്ലാവരെയും കണ്ണീരിലാഴ്ത്തി ഈ ലോകത്തോട് വിടപറഞ്ഞത്. വത്തിക്കാനിലെ വി.പത്രോസിൻറെ ചത്വരത്തിൽ പൊതുദർശനത്തിനു വച്ച അദ്ദേഹത്തിൻറെ ഭൗതികശരീരം കാണുവാൻ ‘എത്രയും വേഗം അദ്ദേഹത്തെ വിശുദ്ധനാക്കണം’ എന്നെഴുതിയ പോസ്റ്ററുകളുമായി അനേകായിരങ്ങൾ കിലോമീറ്ററുകളോളം ക്യൂ നിന്നു.

ഈ ക്യൂവിൽ സ്ഥാനം പിടിക്കാനായി തലേദിവസംതന്നെ റോമൻ തെരുവുകളിൽ കിടന്നുറങ്ങിയ യുവാക്കൾക്ക് ഒരേയൊരു ആഗ്രഹം മാത്രമേ ഉണ്ടായിരിന്നുളളു, എത്ര കഷ്ടപ്പാട് സഹിച്ചാണെങ്ങിലും തങ്ങൾ നെഞ്ചിലേറ്റിയ ആ വലിയ മുക്കുവനെ, തങ്ങളോടൊപ്പം ലോകയുവജനസമ്മേളനങ്ങളിൽ നൃത്തം ചെയ്ത, പ്രാർത്ഥിച്ച, ഹൃദയത്തെ സ്പർശിക്കുന്ന സന്ദേശങ്ങൾ നല്കിയ തങ്ങളുടെ സ്വന്തം ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ അവസാനമായി ഒന്നുകൂടി കാണുക, ഒരു addio (good bye) പറയുക. തങ്ങളുടെ പ്രിയപ്പെട്ട പാപ്പായ്ക്ക് വേണ്ടി തെരുവുകളിൽ ജപമാലചൊല്ലി പ്രാർത്ഥിച്ച് രാത്രിചിലവഴിച്ച യുവജനങ്ങൾ ആക്ഷരാർത്ഥത്തിൽ ഞെട്ടിച്ചത് ലോകം മുഴുവനെയാണ്. ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ ജനങ്ങൾ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു ആ കാഴ്ചകൾ.

2011 മെയ് ഒന്നാം തീയതി ബനഡിക്ട് പതിനാറാമൻ മാർപാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയും 2014 ഏപ്രിൽ 27നു ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിൽ വച്ച് വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തുകയും ചെയ്തു. പതിനാറാം നൂറ്റാണ്ടിൽ മാർപാപ്പയായിരുന്ന അഡ്രിയാൻ പതിനാറാമനുശേഷം ഇറ്റലിയുടെ പുറത്തുനിന്നു തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാർപാപ്പയായിരുന്നു വി. ജോൺ പോൾ രണ്ടാമൻ.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 749