News - 2025

രാമക്ഷേത്രത്തില്‍ ക്രൈസ്തവര്‍ പ്രാര്‍ത്ഥന നടത്തിയെന്ന് ബിജെപി ദേശീയ സെക്രട്ടറിയുടെ വിദ്വേഷ പ്രചരണം: ആരോപണം വ്യാജമാണെന്ന് ഈസ്റ്റ് ഗോദാവരി എസ്.പി

പ്രവാചകശബ്ദം 03-04-2022 - Sunday

ഗംഗാവരം: ആന്ധ്രാപ്രദേശിലെ ഗംഗാവരം ഗ്രാമത്തിലെ രാമ ക്ഷേത്രത്തില്‍ ക്രൈസ്തവര്‍ പ്രാര്‍ത്ഥന നടത്തിയെന്ന ബി.ജെ.പി ദേശീയ സെക്രട്ടറിയും, ആന്ധ്രാപ്രദേശിന്റെ സഹ ചുമതലയുമുള്ള സുനില്‍ ദിയോധറിന്റെ പ്രസ്താവന വ്യാജ വിദ്വേഷ പ്രചരണമായിരിന്നുവെന്ന് തെളിഞ്ഞു. പമാരു പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള രാമ ക്ഷേത്രത്തില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥന സംഘടിപ്പിച്ചുവെന്ന ആരോപണം വ്യാജവും, തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന ഈസ്റ്റ് ഗോദാവരി എസ്.പി രവീന്ദ്രനാഥ്‌ ബാബു മാധ്യമങ്ങളെ അറിയിച്ചതോടെയാണ് ബി‌ജെ‌പി ദേശീയ നേതാവിന്റെ പ്രസ്താവന വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കുവാന്‍ വേണ്ടിയാണെന്ന് സ്ഥിരീകരിക്കപ്പെട്ടത്.

“ഗംഗാവരത്തിലെ രാമക്ഷേത്രത്തില്‍ അന്യായമായി കടന്നുകയറി ക്രിസ്ത്യന്‍ പ്രാര്‍ത്ഥന നടത്തിക്കൊണ്ട് സഭ പരിധി ലംഘിക്കുന്നു” എന്നായിരുന്നു സുനില്‍ ദിയോധര്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ട്വിറ്ററില്‍ കുറിച്ചത്. ക്ഷേത്രത്തിന് സമീപമുള്ള റോഡിന്റെ എതിര്‍വശത്ത് പ്രദേശവാസികള്‍ കൂട്ടംചേര്‍ന്ന് പ്രാര്‍ത്ഥിക്കുന്നതിന്റെ ഒരു ഫോട്ടോയും അദ്ദേഹം ടാഗ് ചെയ്തിരുന്നു. ഈ വ്യാജ ആരോപണം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് അന്വേഷണത്തെ തുടര്‍ന്നു സത്യാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് എസ്.പി രംഗത്തെത്തിയത്. അടിസ്ഥാനരഹിതമായ ഇത്തരം പ്രചാരണങ്ങള്‍ മതസൗഹാര്‍ദ്ദം തകര്‍ക്കും എന്ന് എസ്.പി രവീന്ദ്രനാഥ്‌ ചൂണ്ടിക്കാട്ടി.

“ആരോപണത്തിന്റെ നിജസ്ഥിതിയേക്കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചു. ക്രിസ്ത്യാനികളുടെ പ്രാര്‍ത്ഥന നടന്നത് ക്ഷേത്രത്തിനകത്തല്ല, ക്ഷേത്രത്തിന്റെ എതിര്‍വശത്ത് മുന്‍പില്‍ വെച്ചാണ്. രാമ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കാഡ മംഗമ്മ എന്ന പരിവര്‍ത്തിത ക്രിസ്ത്യന്‍ സ്ത്രീ മാര്‍ച്ച് 30-ന് ക്ഷേത്രത്തോട് ചേര്‍ന്നുള്ള അവരുടെ വീടിനു മുന്നിലാണ് പ്രാര്‍ത്ഥന സംഘടിപ്പിച്ചത്. കഴിഞ്ഞ നാല് വര്‍ഷങ്ങളായി ഗ്രാമത്തില്‍ ഇവര്‍ പ്രാര്‍ത്ഥന നടന്നുവരുന്നുണ്ട്.”- എസ്‌പി വെളിപ്പെടുത്തി. ഇത്തരം വ്യാജപ്രചാരണങ്ങള്‍ അവസാനിപ്പിച്ച് ഗ്രാമത്തിലെ മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കുവാന്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്നും എസ്.പി അഭ്യര്‍ത്ഥിച്ചു. ക്ഷേത്രത്തിന് സമീപം പ്രാര്‍ത്ഥന നടത്തുന്നത് വര്‍ഷങ്ങളായിട്ടുള്ള ഗ്രാമത്തിലെ പതിവാണെന്നും, ഇതിന് രാമക്ഷേത്രവുമായി യാതൊരു ബന്ധവുമില്ലെന്നും അറിയിച്ചുകൊണ്ട് നാട്ടുകാരും രംഗത്ത് വന്നിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 749