News

ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ ക്രൂര നരഹത്യയില്‍ നീതി കിട്ടണമെന്ന് നൈജീരിയന്‍ ക്രൈസ്തവര്‍: പ്രതികളെ കുറ്റവിമുക്തരാക്കണമെന്ന് മതമൗലികവാദികള്‍

പ്രവാചകശബ്ദം 16-05-2022 - Monday

സൊകോട്ട; മതനിന്ദ നടത്തിയെന്ന ആരോപണത്തിന്റെ പേരില്‍ നൈജീരിയയില്‍ കല്ലെറിഞ്ഞു കൊലപ്പെടുത്തി മൃതദേഹം അഗ്നിക്കിരയാക്കിയ നൈജീരിയന്‍ ക്രൈസ്തവ വിദ്യാര്‍ത്ഥിനിയ്ക്കു നീതി ലഭിക്കണമെന്ന ആവശ്യവുമായി നൈജീരിയയില്‍ ക്രിസ്ത്യന്‍ സമൂഹങ്ങളുടെ കൂട്ടായ്മയായ ‘ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ’ (സി.എ.എന്‍) രംഗത്ത്. കൊലപാതകികളെ ഉടന്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി തക്കതായ ശിക്ഷ നല്‍കണമെന്ന്‍ സി.എ.എന്‍ ആവശ്യപ്പെട്ടു. കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് കരുതപ്പെടുന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും വിഷയത്തില്‍ പോലീസ് മെല്ലപ്പോക്ക് നയം തുടരുകയാണെന്ന ആക്ഷേപമുണ്ട്.

ഷെഹു ഷാഗിരി കോളേജിലെ വിദ്യാർത്ഥിനി ദെബോറ യാക്കുബുവാണ് ക്രൂരമായ കൊലപാതകത്തിന് ഇരയായത്. ഇസ്ലാമിക പ്രവാചകനായ മുഹമ്മദിനെ നിന്ദിക്കുന്ന പരാമർശം വിദ്യാർത്ഥികളുടെ വാട്സ്ആപ്പ് കൂട്ടായ്മയിൽ ദെബോറ നടത്തിയെന്ന ആരോപണമാണ് അക്രമത്തിലേക്ക് നയിച്ചത്. എന്നാല്‍ വാട്സാപ്പ് ഗ്രൂപ്പില്‍ “യേശു ക്രിസ്തു ഏറ്റവും മഹത്വമുള്ളവനാണ്, എന്റെ പരീക്ഷകള്‍ പാസാകുവാന്‍ അവന്‍ എന്നെ സഹായിച്ചു” എന്ന വോയിസ് മെസേജ് പോസ്റ്റ്‌ ചെയ്തതിനാണ് വര്‍ഗ്ഗീയവാദികളായ സഹപാഠികള്‍ കൊലപ്പെടുത്തിയതെന്ന് ആഗോള ക്രൈസ്തവ പീഡനം നിരീക്ഷിക്കുന്ന ഓപ്പണ്‍ ഡോര്‍സിന്റെ പ്രാദേശിക ഘടകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അക്കാദമിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട വാട്സാപ്പ് ഗ്രൂപ്പില്‍ തന്റെ സഹപാഠി ഇസ്ലാമിക കാര്യങ്ങള്‍ പ്രചരിപ്പിച്ചതിനോടുള്ള പ്രതികരണം എന്ന നിലയിലായിരുന്നു യാക്കുബുവിന്റെ പോസ്റ്റ്‌. നിയമവിരുദ്ധവും നിന്ദ്യവുമായ ഈ നടപടിയെ ശരിയായി ചിന്തിക്കുന്നവര്‍ അപലപിക്കുമെങ്കിലും ‘അള്ളാഹു അക്ബര്‍’ എന്നാര്‍ത്തുവിളിച്ചുകൊണ്ട് യാക്കുബുവിനെ കല്ലെറിയുകയും, മര്‍ദ്ദിക്കുകയും, തീകൊളുത്തി കൊലപ്പെടുത്തുകയും ചെയ്തവരെ കണ്ടെത്തി വിചാരണ ചെയ്യേണ്ടത് സുരക്ഷാ സേനയാണെന്നു സി.എ.എന്‍ ജനറല്‍ സെക്രട്ടറി ഫാ. ജോസഫ് ഡാരമോല പ്രസ്താവിച്ചു.

രക്തത്തില്‍ കുളിച്ച് ബോധരഹിതയായി കിടക്കുന്ന യാക്കുബുവിനെ കൊലപ്പെടുത്തുന്നതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ജീവന് ഭീഷണി ഉണ്ടായതിനെ തുടര്‍ന്ന്‍ യാക്കുബുവിനെ കോളേജ് അധികാരികള്‍ ഒളിപ്പിച്ചിരുന്ന സെക്യൂരിറ്റി മുറിയില്‍ നിന്നും പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയാണ്‌ കൊലപ്പെടുത്തിയത്. സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരും, പോലീസും യാക്കുബുവിനെ രക്ഷപ്പെടുത്തുവാന്‍ ശ്രമിച്ചെങ്കിലും രോഷാകുലരായ വര്‍ഗ്ഗീയവാദികളുടെ മുന്‍പില്‍ നിസ്സഹായരാവുകയായിരുന്നു.

മതസ്വാതന്ത്ര്യ സന്നദ്ധ സംഘടനയായ ക്രിസ്റ്റ്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ്-നൈജീരിയയും (സി.എസ്.ഡബ്ലിയു.എന്‍) ക്രൂര നരഹത്യയെ ശക്തമായ ഭാഷയില്‍ അപലപിച്ചു. സംസ്കാരവും, സഹിഷ്ണുതയും ഉറപ്പുനല്‍കുന്ന അക്കാദമിക പരിതസ്ഥിതിയില്‍ ഇത്തരമൊരു കൊലപാതകം നടന്നതിനെ കുറിച്ച് ചിന്തിക്കണമെന്നും, വടക്കന്‍ നൈജീരിയ അറിയപ്പെട്ടിരുന്ന സമാധാനത്തിനും, പരസ്പര സൗഹാര്‍ദ്ദത്തിനും, മതനിരപേക്ഷതക്കും ഈ കൊലപാതകം ഒരു വെല്ലുവിളിയാണെന്നും സംഘടന പ്രസ്താവിച്ചു.

സൊകോട്ടോയിലെ സുല്‍ത്താനേറ്റ് കൗണ്‍സിലും, സൊകോട്ടോ രൂപതാധ്യക്ഷന്‍ മാത്യു കുക്കായും ഈ കൊലപാതകത്തെ അപലപിച്ചിട്ടുണ്ട്. ഇതിനിടെ അറസ്റ്റ് ചെയ്ത പ്രതികളെ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ സംഘടിച്ച് രംഗത്തുവന്നു. പക്ഷപാതരഹിതമായ അന്വേഷണം നടക്കുമെന്നു നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ്‌ ബുഹാരി പറഞ്ഞിട്ടുണ്ടെങ്കിലും ക്രൈസ്തവ സമൂഹത്തിന് വലിയ പ്രതീക്ഷയില്ല. തുടര്‍ച്ചയായി ക്രൈസ്തവര്‍ക്ക് നേരെ ഉണ്ടാകുന്ന അക്രമ പരമ്പരകളില്‍ മൗനം പാലിക്കുന്ന ബുഹാരിയ്ക്കെതിരെ രാജ്യത്തെ വിവിധ മെത്രാന്‍മാര്‍ വിമര്‍ശനം നടത്തിയിരിന്നു. ഇതിനിടെ അടുത്ത വര്‍ഷത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാനിരിക്കുന്ന അതികു അബൂബക്കര്‍ കൊലപാതകത്തെ അപലപിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് പിന്‍വലിച്ചു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 757