News - 2025

ഷെയ്ഖ് ഖലീഫയുടെ വിയോഗത്തില്‍ ദുഃഖം അറിയിച്ചും അൽ നഹ്യാന് ആശംസകള്‍ നേര്‍ന്നും ഫ്രാൻസിസ് പാപ്പ

പ്രവാചകശബ്ദം 21-05-2022 - Saturday

വത്തിക്കാന്‍ സിറ്റി: യുഎഇ പ്രസിഡന്‍റും അബുദാബിയുടെ പരമാധികാരിയുമായിരുന്ന ഷെയ്ഖ് ഖലീഫയുടെ നിര്യാണത്തിൽ ഫ്രാൻസിസ് പാപ്പ അനുശോചനം രേഖപ്പെടുത്തി. യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ പുതിയ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ അൽ നഹ്യാന് അയച്ച സന്ദേശത്തിൽ, മുൻ പ്രസിഡന്റിന്റെ ആത്മശാന്തിക്കായി പാപ്പ തന്റെ പ്രാർത്ഥനകൾ വാഗ്ദാനം ചെയ്യുകയും വിയോഗത്തില്‍ വേദനിക്കുന്നവരോട് സഹാനുഭാവം പ്രകടിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ താൻ ദുഃഖിക്കുന്നതായും, തന്റെ അനുശോചനങ്ങളും പ്രാർത്ഥനകളും നേരുന്നുവെന്നും പാപ്പ കുറിച്ചു. ഷെയ്ഖ് ഖലീഫയുടേത്, വിശിഷ്ഠവും ദീര്‍ഘവീക്ഷണമുള്ളതുമായ ഭരണമായിരുന്നുവെന്നും പാപ്പ അനുസ്മരിച്ചു.

പരിശുദ്ധ സിംഹാസനവുമായുള്ള യുഎഇ മുൻ പ്രസിഡന്റിന്റെ പ്രത്യേകമായ ബന്ധത്തിനും, രാജ്യത്തെ കത്തോലിക്ക സമൂഹങ്ങളോടുള്ള ശ്രദ്ധയ്ക്കും നന്ദി രേഖപ്പെടുത്തിയ പാപ്പ, പരസ്പര സംവാദങ്ങൾക്കും, വിവിധ ജനതകൾ തമ്മിലും, മതപരമ്പര്യങ്ങൾ തമ്മിലുമുള്ള ധാരണയ്ക്കും ഷെയ്ഖ് ഖലീഫ കാണിച്ച താല്പര്യവും പ്രത്യേകം അനുസ്മരിച്ചു. രാജ്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന പുതിയ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദിന് തന്റെ പ്രാർത്ഥനകൾ ഉറപ്പു നൽകിയ ഫ്രാൻസിസ് പാപ്പ, ദൈവാനുഗ്രഹങ്ങൾ നേർന്നുകൊണ്ടാണ് തന്റെ സന്ദേശം അവസാനിപ്പിച്ചത്.

2019 ഫെബ്രുവരിയില്‍ പാപ്പ യു‌എ‌ഇയില്‍ സന്ദര്‍ശനം നടത്തിയിരിന്നു. അന്നു അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഉപസർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേരിട്ടുള്ള ക്ഷണം സ്വീകരിച്ചാണ് പാപ്പ അറേബ്യന്‍ മണ്ണിലെത്തിയത്. അദ്ദേഹമാണ് ഇപ്പോള്‍ യു‌എ‌ഇ പ്രസിഡന്‍റായി സ്ഥാനമേറ്റെടുത്തിരിക്കുന്നത്.

More Archives >>

Page 1 of 759