News - 2025

കേരളത്തിലെ ആദ്യ 'പോസ്റ്റ്മിസ്ട്രസ് സിസ്റ്റർ' ഏലിയാമ്മ വിടവാങ്ങി

പ്രവാചകശബ്ദം 23-05-2022 - Monday

കോട്ടയം: 36 വർഷത്തോളം പോസ്റ്റ്മിസ്ട്രസായി ജോലി ചെയ്ത കന്യാസ്ത്രീ സിസ്റ്റർ ഏലിയാമ്മ വിടവാങ്ങി. കേരളത്തിൽ ആദ്യമായി പോസ്റ്റ്മിസ്ട്രസായി ജോലി ചെയ്ത കന്യാസ്ത്രീ എന്ന വിശേഷണവുമായി തെള്ളകം പോസ്റ്റ് ഓഫീസിൽ സേവനം ചെയ്ത സിസ്റ്റർ ഏലിയാമ്മ വെട്ടത്തുകണ്ടത്തിലാണ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. കോട്ടയം അതിരൂപത കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് എന്ന സമർപ്പിത സമൂഹത്തിലെ അംഗമായിരിന്നു. 83-ാം വയസിലാണ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടിരിക്കുന്നത്.

നാല്പതിറ്റാണ്ട് മുന്‍പ് കാരിത്താസ് ആശുപത്രിയുടെ സമീപത്ത് ഒരു പോസ്റ്റ് ഓഫീസ് ഉണ്ടാകേണ്ടതിന്റെ ആവശ്യകത മനസിലാക്കിയ അധികൃതര്‍ ഇതിനായി ശ്രമം ആരംഭിച്ചു. 1968-ല്‍ സര്‍ക്കാര്‍ പോസ്റ്റ് ഓഫീസ് അനുവദിച്ചു ഉത്തരവായി. അവിടെ ജോലിയ്ക്കായുള്ള പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കിയ സിസ്റ്റര്‍ എലിയാമ്മ തന്റെ പോസ്റ്റ്മിസ്ട്രസ് പ്രവര്‍ത്തനം ആരംഭിക്കുകയായിരിന്നു. പ്രതിസന്ധികള്‍ ഏറെ നിറഞ്ഞ കാലഘട്ടമായിരിന്നു അത്. ഏക ജീവനക്കാരി ആയതിനാൽ എ ല്ലാ ജോലികളും ഒറ്റയ്ക്ക് ചെയ്യേണ്ടി വന്നു. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍പ്പോലും അവധി പോലും എടുക്കാൻ കഴിയുമായിരുന്നില്ല.

എന്നാല്‍ സമര്‍പ്പിത ജീവിതത്തിലെ ത്യാഗങ്ങളോടൊപ്പം സിസ്റ്റര്‍ ഏലിയാമ്മ തന്നില്‍ ഭരമേല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങള്‍ വളരെ കാര്യക്ഷമമായി നിര്‍വ്വഹിച്ചു. അര്‍ഹതയ്ക്കുള്ള അംഗീകാരം സിസ്റ്ററിനെ തേടിയെത്തുകയും ചെയ്തു. ജില്ലയിലെ ഏറ്റവും മികച്ച പോസ്റ്റ് ഓഫീസിനുള്ള കേന്ദ്ര ഗവൺമെന്റിന്റെ അവാർഡ് 1974-ലും 75-ലും സിസ്റ്ററിനെ തേടിയെത്തി. എപ്പോഴും നിറഞ്ഞ പുഞ്ചിരിയോടെ ആളുകളെ സ്വീകരിച്ച സിസ്റ്റർ നാട്ടുകാരുടെ മനസിൽ പ്രത്യേക ഇടം നേടി. പരേതരായ അരീക്കര വെട്ടത്തു കണ്ടെത്തിൽ ലൂക്കാച്ചന്റെയും അന്നമ്മയുടെയും മകളാണ് സിസ്റ്റര്‍ എലിയാമ്മ. 1961-ല്‍ അന്നത്തെ കോട്ടയം രൂപതാധ്യക്ഷന്‍ മാർ തോമസ് തറയിലാണ് കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടാണ് സന്യാസ സമൂഹത്തിന് ആരംഭം കുറിക്കുന്നത്.

More Archives >>

Page 1 of 759