Faith And Reason

മെയ് 31നു സമാധാന രാജ്ഞിയുടെ മുന്നില്‍ ജപമാല സമര്‍പ്പണത്തില്‍ ഫ്രാന്‍സിസ് പാപ്പ പങ്കുചേരും

പ്രവാചകശബ്ദം 27-05-2022 - Friday

റോം: ഒന്നാം ലോക മഹായുദ്ധത്തിന്റെ അന്ത്യത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ വേണ്ടി നിര്‍മ്മിച്ച സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ കന്യകാമാതാവിന്റെ രൂപത്തിന് മുന്നില്‍ മെയ് 31നു ഫ്രാന്‍സിസ് പാപ്പ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നതോടെ ജപമാല മാസത്തിന് ഔദ്യോഗിക സമാപനമാകും. റോമിലെ സെന്റ്‌ മേരി മേജര്‍ ബസിലിക്കയിലാണ് ‘സമാധാനത്തിന്റെ രാജ്ഞി’യുടെ (റെജിന പാസിസ്) രൂപമുള്ളത്. മെയ് മാസത്തിന്റെ തുടക്കത്തില്‍ എല്ലാദിവസവും സമാധാനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് ലോകമെമ്പാടുമുള്ള വിശ്വാസികളോട് പാപ്പ ആഹ്വാനം ചെയ്തിരുന്നു.

യുക്രൈനിലെ യുദ്ധം കാരണം ഏറെ കഷ്ട്ടപ്പെടുകയും, ഇപ്പോഴും സജീവമായിട്ടുള്ള നിരവധി യുദ്ധങ്ങള്‍ കാരണം ആഴത്തില്‍ മുറിവേറ്റിരിക്കുന്ന ലോകത്തിന് പ്രതീക്ഷയുടെ അടയാളം നല്‍കുവാനും റോമന്‍ സമയം വൈകിട്ട് 6 മണിക്ക് പാപ്പയുടെ നേതൃത്വത്തില്‍ ജപമാല ഉണ്ടായിരിക്കുമെന്ന് നവസുവിശേഷവത്കരണത്തിന്റെ ചുമതലയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയാണ് നേരത്തെ അറിയിച്ചത്. മുഴുവന്‍ ദൈവജനത്തേയും പ്രതിനിധീകരിച്ചു കൊണ്ട് പ്രഥമ ദിവ്യകാരുണ്യ, വിശ്വാസ സ്ഥിരീകരണം നടത്തിയ കുട്ടികള്‍, റോമിലെ യുക്രൈന്‍ സമൂഹത്തില്‍ നിന്നുള്ള കുടുംബങ്ങള്‍, റോമിലെ വിവിധ ഇടവകാംഗങ്ങള്‍, റോമന്‍ കൂരിയ, സ്വിസ്സ് ഗാര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പാപ്പയ്ക്കൊപ്പം ജപമാലയില്‍ പങ്കുചേരും.

യുക്രൈന്‍ യുദ്ധത്തിനിരയായവരുമായി ബന്ധപ്പെട്ട ഒരു യുക്രൈന്‍ കുടുംബവും, മിലിട്ടറി ചാപ്ലൈന്‍മാരുമാണ് ജപമാലയിലെ രഹസ്യങ്ങള്‍ ചൊല്ലിക്കൊടുക്കുവാന്‍ സഹായിക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മരിയന്‍ ദേവാലയങ്ങളിലും ഇതേസമയം തന്നെ ജപമാലകള്‍ അര്‍പ്പിക്കും. യുക്രൈനിലെ മദര്‍ ഓഫ് ഗോഡ് ദേവാലയം, ഇറാഖിലെ സയിദാത്ത് അല്‍-നജാത്ത് കത്തീഡ്രല്‍, സിറിയയിലെ ഔര്‍ ലേഡി ഓഫ് പീസ്‌ കത്തീഡ്രല്‍, ബഹറൈനിലെ മേരി ക്വീന്‍ ഓഫ് അറേബ്യ കത്തീഡ്രല്‍ തുടങ്ങിയ മരിയന്‍ ദേവാലയങ്ങളെ തത്സമയ സംപ്രേഷണത്തിലൂടെ ബന്ധിപ്പിച്ചിട്ടുണ്ട്.

ഗ്വാഡലൂപ്പ, ലൂര്‍ദ്ദ്, നോക്ക്, ഹോളി ഹൗസ് ഓഫ് ലൊറെറ്റോ, ജസ്ന ഗോര, കൊറിയന്‍ മാര്‍ട്ടിയേഴ്സ് തുടങ്ങിയ മരിയന്‍ ദേവാലയങ്ങളും ജപമാലയില്‍ പങ്കുചേരും. ഇറ്റാലിയന്‍ ആംഗ്യഭാഷയിലുള്ള തര്‍ജ്ജമക്കൊപ്പം വത്തിക്കാന്റെ ഔദ്യോഗിക ചാനലുകളിലെല്ലാം ഈ പരിപാടിയുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും. 1918-ല്‍ ഒന്നാം ലോകമഹായുദ്ധത്തിന്റെ അന്ത്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനായി ബെനഡിക്ട് പതിനഞ്ചാമന്‍ പാപ്പ ചുമതലപ്പെടുത്തിയതനുസരിച്ച് അന്നത്തെ വത്തിക്കാന്‍ മ്യൂസിയത്തിന്റെ ഡെപ്യൂട്ടി ഡയറക്ടറും, ശില്‍പ്പിയുമായ ഗുയിഡോ ഗാല്ലിയാണ് സമാധാനത്തിന്റെ രാജ്ഞിയുടെ രൂപം നിര്‍മ്മിച്ചത്.

യുദ്ധം അവസാനിപ്പിക്കുവാന്‍ ഉത്തരവിടും വിധം ഇടതു കരം ഉയര്‍ത്തിപ്പിടിച്ചും, സമാധാനത്തിന്റെ പ്രതീകമായ ഒലിവ് ശിഖരം നിലത്തിടുവാന്‍ തയ്യാറായി നില്‍ക്കുന്ന ഉണ്ണിയേശുവിനെ വലതുകരത്തില്‍ വഹിക്കുകയും ചെയ്യുന്ന രീതിയിലാണ് രൂപം നിര്‍മ്മിച്ചിരിക്കുന്നത്. രൂപത്തിന്റെ താഴെ ഭാഗത്തു കാണുന്ന പൂക്കള്‍ യുദ്ധത്തിന്റെ അവസാനത്തോടൊപ്പം വിടര്‍ന്നു വരുന്ന ജീവിതത്തേയാണ് സൂചിപ്പിക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 69