News - 2024

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍, തങ്ങളുടെ താല്‍പര്യങ്ങളും അഭിപ്രായവും ജനങ്ങളിലേക്ക് എത്തിക്കുവാന്‍ കന്യാസ്ത്രീമാര്‍ രംഗത്ത്

സ്വന്തം ലേഖകന്‍ 08-07-2016 - Friday

വാഷിംഗ്ടണ്‍: അടുത്ത് നടക്കുവാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍, തങ്ങളുടെ ആശയങ്ങളും താല്‍പര്യങ്ങളും ജനങ്ങളിലേക്ക് എത്തിക്കുവാന്‍ കന്യാസ്ത്രീമാര്‍ രംഗത്ത് ഇറങ്ങുന്നു. സിസ്റ്റര്‍ സിമോണി ക്യാംപ്‌ബെല്ലിന്റെ നേതൃത്വത്തിലാണ് ഒരു സംഘം കന്യാസ്ത്രീകള്‍ ബസില്‍ യുഎസിന്റെ പലഭാഗത്തും പര്യടനം നടത്തുന്നത്. ഇത്തവണത്തെ യുഎസ് തെരഞ്ഞെടുപ്പിന്റെ പല പ്രചാരണങ്ങളും വംശീയമായ പരാമര്‍ശങ്ങള്‍ നിറഞ്ഞതായിരുന്നു. ആളുകളെ പലതട്ടുകളായി കാണുകയും വിജയത്തിനു വേണ്ടി പല സ്ഥാനാര്‍ത്ഥികളും വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഇതിനെല്ലാം എതിരെയുള്ള ആശയങ്ങള്‍ തന്നെയാകും കന്യാസ്ത്രീമാര്‍ തങ്ങളുടെ പ്രചാരണ യാത്രയിലൂടെ ഉന്നയിക്കുകയെന്നു റിലിജ്യന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എല്ലാവരേയും ഉള്‍ക്കൊള്ളുന്ന അമേരിക്ക എന്നതായിരിക്കും കന്യാസ്ത്രീമാരുടെ ബസ് പ്രചാരണത്തില്‍ മുന്‍തൂക്കം നല്‍കുന്ന സന്ദേശം. സാമൂഹിക പ്രവര്‍ത്തകയായ സിസ്റ്റര്‍ സിമോണി ക്യാംപ്‌ബെല്ലിനൊപ്പം 18 കന്യാസ്ത്രീകള്‍ കൂടി പ്രചാരണങ്ങളില്‍ പങ്കെടുക്കും. ജൂലൈ 11-ാം തീയതി ജാനസ്‌വില്ലില്‍ നിന്നാണ് പ്രചാരണം ആരംഭിക്കുക. റിപ്പബ്ലിക്കന്‍ നേതാവും കത്തോലിക്ക വിശ്വാസിയുമായ പോള്‍ റിയാന്റെ തട്ടകമാണ് ജാനസ്‌വില്ല. എന്നാല്‍ റിയാന്റെ പല നടപടികളേയും സിസ്റ്റര്‍ സിമോണി നേരത്തെ വിമര്‍ശിച്ചിരുന്നു.

ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും വേണ്ടിയുള്ള പ്രചാരണ പരിപാടിയല്ല ഇതെന്ന്‍ നേരത്തെ തന്നെ സി.സിമോണി ക്യാംപ്‌ബെല്ലി വ്യക്തമാക്കിയിരിന്നു. മത്സരരംഗത്തുള്ള രണ്ടു പാര്‍ട്ടികളുടെ യോഗങ്ങളിലും കന്യാസ്ത്രീമാര്‍ പങ്കെടുക്കും. 13 സംസ്ഥാനങ്ങളില്‍ തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി കന്യാസ്ത്രീമാര്‍ യാത്ര ചെയ്യും. 2012-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് ആദ്യമായി ഇത്തരമൊരു ബസ് ടൂര്‍ കന്യാസ്ത്രീമാര്‍ സംഘടിപ്പിച്ചത്. 'ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദേശം തന്നെ എല്ലാവരും ഒത്തൊരുമയോടെ, എല്ലാവരേയും ഉള്‍ക്കൊണ്ട് ജീവിക്കണം എന്നതാണ്. 2016-ലെ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്ന പലവിഷയങ്ങളെ കുറിച്ചും ഞങ്ങള്‍ വോട്ടറുമാരുടെ ഇടയില്‍ പ്രചാരണം നടത്തും'. സിസ്റ്റര്‍ ക്യാംപ്‌ബെല്‍ പറഞ്ഞു.

ദിനംപ്രതി കൂടിവരുന്ന വംശീയ ചിന്തകളിലും കുടിയേറ്റക്കാരും മറ്റും നേരിടുന്ന പ്രശ്‌നങ്ങളിലും തങ്ങള്‍ ഏറെ ദുഃഖിതരാണെന്നു കന്യാസ്ത്രീകള്‍ പറയുന്നു. മുസ്ലീം സഹോദരങ്ങളേയും മറ്റുചില വിഭാഗക്കാരേയും അധിക്ഷേപിക്കുന്ന തരത്തില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രമ്പ് നടത്തുന്ന പ്രസ്താവനകളിലും ഖേദമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എല്ലാവര്‍ക്കും ജീവിക്കുവാന്‍ സാധിക്കുന്ന സമാധാനം നിലകൊള്ളുന്ന ഒരു അമേരിക്ക എന്ന ലക്ഷ്യത്തിനു വേണ്ടിയാണ് തങ്ങള്‍ പ്രചാരണം നടത്തുന്നതെന്നും അവര്‍ പറയുന്നു. കുടുംബ ബന്ധങ്ങളെ ബാധിക്കാത്ത തരത്തില്‍ ജോലി സ്ഥലങ്ങള്‍ കൂടുതല്‍ സൗകര്യപ്രദമുള്ള ഇടങ്ങളായി മാറ്റണമെന്നും നികുതി ഭാരം ജനങ്ങള്‍ക്ക് താങ്ങുവാന്‍ കഴിയുന്നതാകണമെന്നും കന്യാസ്ത്രീകള്‍ ആവശ്യപ്പെടുന്നു.

More Archives >>

Page 1 of 56