News - 2024

പട്ടാള വാഹനങ്ങളെ ബലിപീഠമാക്കി മാറ്റിയ വൈദികന്‍: ഫാ. എമില്‍ കപൗനെ ധന്യനായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു

സ്വന്തം ലേഖകന്‍ 05-07-2016 - Tuesday

വത്തിക്കാന്‍: 1951-ലെ കൊറിയന്‍ യുദ്ധത്തിനിടെ പട്ടാള വാഹനങ്ങളെ ബലിപീഠമാക്കി മാറ്റിയ വൈദികന്‍, ഫാ. എമില്‍ കപൗനെ ധന്യനായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. യുഎസ് സൈന്യത്തില്‍ ചാപ്ലിനായി സേവനം ചെയ്തു കൊണ്ടിരിക്കെ കൊറിയന്‍ ജയിലില്‍ വെച്ചു മരണമടഞ്ഞ വൈദികന്‍ എമില്‍ കപൗനെ ധന്യനായി പ്രഖ്യാപിക്കുന്നതിനുള്ള പ്രാരംഭ നടപടികളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. 1993-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ 'ദൈവ ദാസനായി' പ്രഖ്യാപിച്ചിരുന്നു.

ഫാദര്‍ എമിന്‍ കപൗന്റെ പഠിപ്പിക്കലുകളും ജീവചരിത്രവും മറ്റ് സന്ദേശങ്ങളും അടങ്ങുന്ന രേഖകള്‍ ധന്യപദവി സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന സംഘം റോമില്‍ കൂടിയ യോഗത്തില്‍ പരിശോധിക്കുകയും സമര്‍പ്പിച്ച രേഖകള്‍ക്ക് അംഗീകാരം നല്‍കുകയും ചെയ്തു.

യുഎസിലെ വിച്ചിറ്റാ രൂപതയില്‍ 1940-ല്‍ ആണ് വൈദികനായി എമിന്‍ കപൗന്‍ സ്ഥാനമേറ്റത്. പിന്നീട് അദ്ദേഹം യുഎസ് പട്ടാളക്കാരുടെ ആത്മീയകാര്യങ്ങള്‍ക്ക് സേവനം ചെയ്തു നല്‍കുന്നതിനായി പട്ടാളത്തില്‍ ചാപ്ലിനായി പ്രവര്‍ത്തിച്ചു. 1951-ല്‍ കൊറിയന്‍ യുദ്ധത്തിനിടെ കൊറിയയിലെ ജയിലില്‍ കിടന്നാണ് അദ്ദേഹം മരിച്ചത്. 2013 ഏപ്രില്‍ 11-ന് അദ്ദേഹത്തിന് പ്രത്യേക മരണാനന്തര ബഹുമതി നല്‍കി സര്‍ക്കാര്‍ ആദരിച്ചിരുന്നു. യുദ്ധ സമയത്ത് അനവധി ത്യാഗങ്ങൾ സഹിച്ചുകൊണ്ട് പട്ടാളക്കാര്‍ക്ക് ആവശ്യമായ ദൈവീക വചനവും കൂദാശ ശുശ്രൂഷകളും അദ്ദേഹം വിരോചിതമായ തന്റെ പ്രവര്‍ത്തിയിലൂടെ നിര്‍വഹിച്ചു.

വിച്ചിറ്റാ രൂപത സമര്‍പ്പിച്ച ഫാദര്‍ എമിന്‍ കപൗന്റെ ജീവിത സംഭവങ്ങളാണ് വത്തിക്കാനില്‍ പ്രാരംഭ പരിശോധനകള്‍ക്ക് വിധേയമാക്കിയത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് വിച്ചിറ്റാ ബിഷപ്പ് കാരള്‍ എ. കെമ്മി വത്തിക്കാനിലെത്തി വൈദികന്റെ ജീവിത ചരിത്രവും പ്രവര്‍ത്തികളും രേഖപ്പെടുത്തിയ, 1066 പേജുകളുള്ള രേഖ കര്‍ദിനാള്‍ ആഞ്ചിലോ അമാട്ടോയ്ക്ക് സമര്‍പ്പിച്ചത്. വിശുദ്ധപദവി നല്‍കുന്ന തീരുമാനങ്ങള്‍ കൈകൊള്ളുന്ന സമിതിയുടെ അധ്യക്ഷനാണ് കര്‍ദിനാള്‍ ആഞ്ചിലോ അമാട്ടോ.

വത്തിക്കാന്റെ നടപടികളോട് വിച്ചിറ്റ രൂപതയിലെ വൈദികനായ ജോണ്‍ ഹോറ്റ്‌സ് പ്രതികരിച്ചത് ഇങ്ങനെയാണ്. "തങ്ങളുടെ രൂപതയിലെ ഒരു വൈദികനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചുവെന്ന വാര്‍ത്ത വിച്ചിറ്റാ രൂപതയുടെ കീഴിലുള്ള എല്ലാവരേയും ഒരേ പോലെ സന്തോഷിപ്പിക്കുന്നതാണ്. ഫാദര്‍ എമിന്‍ കപൗന്റെ സേവനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണിത്". കാലതാമസം ഇല്ലാതെ തന്നെ എമിന്‍ കപൗന്‍ വിശുദ്ധ പദവിയിലേക്കും എത്തുമെന്നാണ് പ്രതീക്ഷയെന്നും ഫാദര്‍ ജോണ്‍ ഹോറ്റ്‌സ് കൂട്ടിച്ചേര്‍ത്തു.

More Archives >>

Page 1 of 55