News - 2025

സമാധാന രാജ്ഞിയുടെ മുന്നില്‍ ഫ്രാന്‍സിസ് പാപ്പയുടെ ജപമാല സമര്‍പ്പണം ഇന്ന്

പ്രവാചകശബ്ദം 31-05-2022 - Tuesday

വത്തിക്കാന്‍ സിറ്റി: ജപമാല മാസത്തിന്റെ സമാപന ദിനമായ ഇന്ന്‍ റോമിലെ സെന്റ്‌ മേരി മേജര്‍ ബസിലിക്കയില്‍ ‘സമാധാനത്തിന്റെ രാജ്ഞി’യുടെ (റെജിന പാസിസ്) രൂപത്തിന് മുന്നില്‍ പാപ്പ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കും. ഒന്നാം ലോക മഹായുദ്ധത്തിന്റെ അന്ത്യത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ വേണ്ടി നിര്‍മ്മിച്ച രൂപമാണ് സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ കന്യകാമാതാവിന്റെ രൂപം.

റോമന്‍ സമയം വൈകിട്ട് 6 മണിക്ക് പാപ്പയുടെ നേതൃത്വത്തില്‍ നടക്കുന്ന ജപമാല നവസുവിശേഷവത്കരണത്തിന്റെ ചുമതലയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയാണ് ഏകോപിപ്പിക്കുന്നത്. പ്രഥമ ദിവ്യകാരുണ്യ, വിശ്വാസ സ്ഥിരീകരണം നടത്തിയ കുട്ടികള്‍, റോമിലെ യുക്രൈന്‍ സമൂഹത്തില്‍ നിന്നുള്ള കുടുംബങ്ങള്‍, റോമിലെ വിവിധ ഇടവകാംഗങ്ങള്‍, റോമന്‍ കൂരിയ, സ്വിസ്സ് ഗാര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പാപ്പയ്ക്കൊപ്പം ജപമാലയില്‍ പങ്കുചേരും.

യുക്രൈന്‍ യുദ്ധത്തിനിരയായവരുമായി ബന്ധപ്പെട്ട ഒരു യുക്രൈന്‍ കുടുംബവും, മിലിട്ടറി ചാപ്ലൈന്‍മാരുമാണ് ജപമാലയിലെ രഹസ്യങ്ങള്‍ ചൊല്ലുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മരിയന്‍ ദേവാലയങ്ങളിലും ഇതേസമയം തന്നെ ജപമാലകള്‍ അര്‍പ്പിക്കും. ഗ്വാഡലൂപ്പ, ലൂര്‍ദ്ദ്, നോക്ക്, ഹോളി ഹൗസ് ഓഫ് ലൊറെറ്റോ, ജസ്ന ഗോര, കൊറിയന്‍ മാര്‍ട്ടിയേഴ്സ് തുടങ്ങിയ മരിയന്‍ ദേവാലയങ്ങളും ജപമാലയില്‍ പങ്കുചേരും. ഇറ്റാലിയന്‍ ആംഗ്യഭാഷയിലുള്ള തര്‍ജ്ജമക്കൊപ്പം വത്തിക്കാന്റെ ഔദ്യോഗിക ചാനലുകളിലെല്ലാം പരിപാടി തത്സമയ സംപ്രേഷണം നടത്തും.

1918-ല്‍ ഒന്നാം ലോകമഹായുദ്ധത്തിന്റെ അന്ത്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനായി ബെനഡിക്ട് പതിനഞ്ചാമന്‍ പാപ്പ ചുമതലപ്പെടുത്തിയതനുസരിച്ച് അന്നത്തെ വത്തിക്കാന്‍ മ്യൂസിയത്തിന്റെ ഡെപ്യൂട്ടി ഡയറക്ടറും, ശില്‍പ്പിയുമായ ഗുയിഡോ ഗാല്ലിയാണ് സമാധാനത്തിന്റെ രാജ്ഞിയുടെ രൂപം നിര്‍മ്മിച്ചത്.

More Archives >>

Page 1 of 761