News
രണ്ട് മാര്‍പാപ്പമാരുടെ കീഴില്‍ സ്റ്റേറ്റ് സെക്രട്ടറിയായിരിന്ന കർദ്ദിനാൾ ആഞ്ചലോ സോഡാനോ ദിവംഗതനായി
പ്രവാചകശബ്ദം 28-05-2022 - Saturday
വത്തിക്കാന്‍ സിറ്റി: വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെയും ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയുടെയും കീഴിൽ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയായും കർദ്ദിനാൾ കോളേജ് ഡീനായും സേവനമനുഷ്ഠിച്ചിട്ടുള്ള കർദ്ദിനാൾ ആഞ്ചലോ സോഡാനോ അന്തരിച്ചു. 94 വയസ്സായിരിന്നു. റോമിലെ കൊളംബസ് ഹോസ്പിറ്റൽ-ജെമെല്ലിയിൽ കോവിഡ് -19 ബാധയ്ക്കു പിന്നാലെ ന്യുമോണിയയ്ക്കു ചികിത്സയിലായിരിന്നു. ഇന്നലെ വൈകുന്നേരത്തോടെയായിരിന്നു അന്ത്യം. 1991 മുതൽ 2006 വരെ വത്തിക്കാൻ സെക്രട്ടേറിയറ്റിന്റെ അമരത്തും 2005 മുതൽ 2019 കാലഘട്ടത്തില്‍ കർദ്ദിനാൾ കോളേജ് ഡീനുമായും അദ്ദേഹം സേവനം ചെയ്തിരിന്നു.
1927 നവംബർ 23-ന് ഇറ്റാലിയൻ വടക്കൻ പ്രദേശമായ പീഡ്‌മോണ്ടിലെ ഐസോള ഡി ആസ്തിയിൽ ആറ് മക്കളിൽ രണ്ടാമനായാണ് ജനനം. അദ്ദേഹത്തിന്റെ മാതാപിതാക്കളായ ജിയോവാനിയും ഡെൽഫിന സോഡാനോയും ഗ്രാമീണ കുടുംബത്തിൽ നിന്നുള്ളവരായിരിന്നു. 1948 മുതൽ 1963 വരെ മൂന്ന് തവണ ഇറ്റാലിയൻ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയായിരിന്നു പിതാവായ ജിയോവാനി. അസ്തിയിലെ എപ്പിസ്കോപ്പൽ സെമിനാരിയിൽ ചേര്‍ന്ന സോഡാനോ തത്ത്വചിന്തയും ദൈവശാസ്ത്രപരവുമായ പഠനങ്ങൾ പൂർത്തിയാക്കി.
തുടർന്ന് റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ സർവകലാശാലയിൽ ദൈവശാസ്ത്രത്തിലും പൊന്തിഫിക്കൽ ലാറ്ററൻ സർവകലാശാലയിൽ കാനൻ നിയമത്തിലും അദ്ദേഹം ബിരുദം നേടി. 1950-ൽ പുരോഹിതനായി അഭിഷിക്തനായി. യൂറോപ്പിലെ സുരക്ഷയും സഹകരണവും സംബന്ധിച്ച കോൺഫറൻസിന്റെ വിദേശകാര്യ മന്ത്രിമാരുടെ യോഗങ്ങൾ ഉൾപ്പെടെ വിവിധ അന്താരാഷ്ട്ര സമ്മേളനങ്ങളിൽ അദ്ദേഹം വത്തിക്കാനെ പ്രതിനിധീകരിച്ചു. 1990 ഡിസംബറിൽ, അദ്ദേഹം പ്രോ-സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി ചുമതലയേറ്റു. കർദിനാളായി നിയമിക്കപ്പെട്ടതിന് പിന്നാലെ 1991 ജൂൺ 29നാണ് അദ്ദേഹം ആദ്യമായി സ്റ്റേറ്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്.
കര്‍ദ്ദിനാളിന്‍റെ വിയോഗത്തില്‍ ഫ്രാന്‍സിസ് പാപ്പ അനുശോചനം രേഖപ്പെടുത്തി. സംഭാഷണവും അനുരഞ്ജനവും പ്രോത്സാഹിപ്പിച്ചുകൊണ്ട് തീക്ഷ്ണതയോടെ ജനതകളുടെ നന്മയ്ക്കായി സ്വയം സമർപ്പിച്ച വ്യക്തിയായിരിന്നു കർദ്ദിനാൾ ആഞ്ചലോ സോഡാനോയെന്ന് പാപ്പ അനുസ്മരിച്ചു. കൂരിയയയിൽ അദ്ദേഹം തന്റെ ദൗത്യം മാതൃകാപരമായ സമർപ്പണത്തോടെ നിർവഹിച്ചു. എല്ലാ മേഖലകളിലും സുവിശേഷത്തിന്റെ പുളിപ്പ് വ്യാപിപ്പിക്കാനുള്ള ആഗ്രഹത്താൽ സജീവമായി പ്രവര്‍ത്തിച്ച വ്യക്തിയായിരിന്നു അദ്ദേഹം. കര്‍ദ്ദിനാളിന്റെ വിയോഗത്തില്‍ കുടുംബത്തോടും സ്വദേശമായ അസ്തിയിലെ സമൂഹത്തോടും പ്രാര്‍ത്ഥനകള്‍ അറിയിക്കുകയാണെന്നും കർദ്ദിനാളിന്റെ സഹോദരി മരിയയ്ക്ക് ഇന്നു ടെലിഗ്രാമിൽ അയച്ച അനുശോചനത്തില്‍ പാപ്പ കുറിച്ചു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക