News - 2025
നൈജീരിയയില്‍ നടന്ന ക്രൈസ്തവ നരഹത്യയെ അപലപിച്ച് യുഎഇ
പ്രവാചകശബ്ദം 06-06-2022 - Monday
ഓവോ (നൈജീരിയ): തെക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഓവോയിലെ കത്തോലിക്ക ദേവാലയത്തില്‍ ഇന്നലെ നടന്ന ക്രൈസ്തവ നരഹത്യയെ യുഎഇ അപലപിച്ചു. ഡസൻ കണക്കിന് നിരപരാധികളെ കൊല്ലുകയും പരിക്കേൽപ്പിക്കുകയും ചെയ്ത ഭീകരാക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നതായി യുഎഇ ഭരണകൂടം പ്രസ്താവിച്ചു. യുഎഇ വിദേശകാര്യ - അന്താരാഷ്ട്ര സഹകരണ മന്ത്രാലയം (MoFAIC) ക്രൂരമായ സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും മാനുഷിക മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായി സുരക്ഷയെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള എല്ലാത്തരം അക്രമങ്ങളെയും ഭീകരതയെയും തള്ളിപറയുന്നുവെന്നും പ്രസ്താവിച്ചു.
ഇന്നലെ തെക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഒണ്ടോ സംസ്ഥാനത്തിലെ ഓവോ ടൌണില്‍ സ്ഥിതി ചെയ്യുന്ന സെന്‍റ് ഫ്രാന്‍സിസ് അസീസ്സി ദേവാലയത്തിലാണ് ആക്രമണം നടന്നത്. പെന്തക്കുസ്ത തിരുനാള്‍ ദിനവും കൂടിയായിരിന്ന ഇന്നലെ ഞായറാഴ്ച ദിവ്യബലി മധ്യേ ആയുധധാരികള്‍ സ്ഫോടക വസ്തുക്കളും തോക്കുമായി ദേവാലയത്തില്‍ അതിക്രമിച്ച് കയറുകയും ക്രൂര നരഹത്യ നടത്തുകയുമായിരിന്നു. കുട്ടികളും സ്ത്രീകളും അടക്കം അന്‍പതിലേറെ പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. നൈജീരിയയിലെ ക്രൈസ്തവര്‍ നേരിടുന്ന അപകടകരമായ ഭീഷണിയുടെ നേര്‍സാക്ഷ്യമായാണ് ഇതിനെ വിലയിരുത്തുന്നത്.