News - 2025

പരിശുദ്ധ കന്യകാമറിയത്തെ അവഹേളിച്ച് സ്വവർഗാനുരാഗികളുടെ റാലി; പ്രതിഷേധവും പരിഹാര ജപമാലയുമായി വിശ്വാസികള്‍

പ്രവാചകശബ്ദം 09-06-2022 - Thursday

ക്രിമോണ: ഇറ്റലിയിലെ ക്രിമോണയിൽ നടന്ന സ്വവർഗാനുരാഗികളുടെ റാലിയിൽ പരിശുദ്ധ കന്യകാമറിയത്തെ അവഹേളിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മാറിടം പുറത്തു കാണിക്കുന്ന തരത്തിലുള്ള ഒരു രൂപം കന്യകാമറിയത്തിന്റെ പ്രതീകമായി റാലിയിൽ നഗരം ചുറ്റിച്ചതാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. ചുവന്ന ചെരിപ്പും, പാവാടയും രൂപത്തില്‍ ധരിപ്പിച്ചിരുന്നു. സംഭവത്തെ തുടര്‍ന്നു രൂക്ഷ വിമര്‍ശനവുമായി ക്രിമോണ ബിഷപ്പ് ആന്റോണിയോ നപ്പോളിയോനി രംഗത്തുവന്നു. പരിശുദ്ധ കന്യാമറിയത്തെ ഈവിധം അവഹേളിച്ചത് ഞെട്ടിക്കുകയും, വേദനിപ്പിക്കുകയും ചെയ്തുവെന്ന് ബിഷപ്പ് ആന്റോണിയോ പ്രതിഷേധക്കുറിപ്പില്‍ പ്രസ്താവിച്ചു.



ഈ പ്രവർത്തികൾ ആർക്കും ഒരു ഉപകാരവും ഉണ്ടാക്കുകയില്ലായെന്ന് മാത്രമല്ല, പരസ്പര ബഹുമാനത്തോടെ വിവേചനമില്ലാത്ത ഒരു സമൂഹത്തിനു വേണ്ടി തങ്ങളെത്തന്നെ സമർപ്പിച്ച അനവധി ആൾക്കാരെ സംഭവം വേദനിപ്പിക്കുമെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി. പരിശുദ്ധ കന്യകാമറിയത്തിനെതിരെ നടത്തിയ അവഹേളനത്തിന് പാപ പരിഹാരമായി ക്രിമോണയിലെ കത്തോലിക്കാ വിശ്വാസികൾ പൊതു ജപമാല പ്രാർത്ഥന സംഘടിപ്പിച്ചുവെന്ന് ഇറ്റാലിയൻ മാധ്യമമായ സ്കൈ ടിജി24 റിപ്പോർട്ട് ചെയ്തു.

ടൊറാസോ, കത്തീഡ്രൽ, ടൗൺ ഹാൾ എന്നിവിടങ്ങളിൽ നിന്നായി നിരവധി വിശ്വാസികളാണ് ഇതില്‍ പങ്കുചേര്‍ന്നത്. ദൈവദൂഷണം നടത്തിയ പരേഡ് പറഞ്ഞറിയിക്കാനാവാത്തതും നഗരത്തിന്റെ ചരിത്രത്തെ വെല്ലുവിളിയ്ക്കുന്നതുമാണെന്ന് മേയര്‍ ഗാലിംബെർട്ടി പറഞ്ഞു. സമാനമായ അവഹേളനങ്ങൾക്കെതിരെ 1917ൽ ഫാത്തിമയിൽ മാതാവ് പ്രത്യക്ഷപ്പെട്ടപ്പോൾ മുന്നറിയിപ്പ് നൽകിയിരുന്നു.

More Archives >>

Page 1 of 763