News - 2025

ക്രൈസ്തവര്‍ ക്രൂരമായി കൊല്ലപ്പെട്ടപ്പോഴും നൈജീരിയന്‍ പ്രസിഡന്‍റ് ആഘോഷ വിരുന്നില്‍: വ്യാപക പ്രതിഷേധം

പ്രവാചകശബ്ദം 06-06-2022 - Monday

അബൂജ: ഇന്നലെ പെന്തക്കുസ്ത തിരുനാള്‍ ദിനത്തില്‍ നൈജീരിയയിലെ കത്തോലിക്ക ദേവാലയത്തില്‍ നടന്ന വെടിവെയ്പ്പില്‍ അന്‍പതോളം ക്രൈസ്തവര്‍ ദാരുണമായി കൊല്ലപ്പെട്ട വാര്‍ത്ത ആഗോള തലത്തില്‍ ചര്‍ച്ചയാകുമ്പോള്‍ ആഘോഷ പരിപാടികളില്‍ പങ്കെടുക്കുന്ന നൈജീരിയന്‍ പ്രസിഡന്‍റ് മുഹമ്മദ് ബുഹാരിയ്ക്കെതിരെ വ്യാപക പ്രതിഷേധം. ആക്രമണം നടന്ന് മണിക്കൂറുകൾക്ക് ശേഷം പ്രസിഡന്റ് മുഹമ്മദ് ബുഹാരി, വൈസ് പ്രസിഡന്റ് യെമി ഒസിൻബാജോ, ഭരണകക്ഷിയായ ഓൾ പ്രോഗ്രസീവ് കോൺഗ്രസിന്റെ (എപിസി) മറ്റ് അംഗങ്ങൾ എന്നിവരോടൊപ്പം ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങളാണ് ട്വിറ്ററില്‍ പുറത്തുവന്നിരിക്കുന്നത്.



വർണ്ണാഭമായ വസ്ത്രം ധരിച്ച രാഷ്ട്രീയക്കാർ പുഞ്ചിരിക്കുന്നത് അടക്കമുള്ള ചിത്രങ്ങള്‍ ഇതിലുണ്ട്. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുന്നതിനുള്ള കൺവെൻഷൻ അബുജയിൽ നടക്കുകയാണ്. ലോകത്തെ നടുക്കിയ ആക്രമണത്തെ കുറിച്ചുള്ള വാര്‍ത്ത അറിഞ്ഞിട്ടും ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന പ്രസിഡന്‍റിനെതിരെ സൈബര്‍ ലോകത്ത് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. രാജ്യത്തെ സുരക്ഷിതത്വമില്ലായ്മയും അക്രമികള്‍ക്ക് ധൈര്യം പകരുന്ന പ്രസിഡന്‍റിന്റെ നിലപാടും ജനങ്ങളുടെ ഇടയില്‍ രോഷത്തിന് കാരണമായിരിക്കുകയാണ്. ബുഹാരിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്ക മെത്രാന്‍മാര്‍ നിരവധി തവണ രംഗത്തുവന്നിരിന്നു.

ലോകത്ത് മതവിശ്വാസത്തിന്റെ പേരില്‍ ഏറ്റവും അധികം ക്രൈസ്തവര്‍ കൊല്ലപെടുന്ന രാഷ്ട്രമായി മാറിയിരിക്കുകയാണ് നൈജീരിയ. 2021 ജനുവരി മുതല്‍ 2022 മാര്‍ച്ച് വരെയുള്ള 15 മാസക്കാലയളവില്‍ 6006 ക്രൈസ്തവര്‍ കൊലചെയ്യപ്പെട്ടിട്ടുണ്ടെന്നു പ്രമുഖ മനുഷ്യാവകാശ സംഘടനയായ ‘ഇന്റര്‍നാഷണല്‍ സൊസൈറ്റീസ് ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ്‌ റൂള്‍ ഓഫ് ലോ’യുടെ (ഇന്റര്‍സൊസൈറ്റി) പുതിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിന്നു. നൈജര്‍, കടൂണ, ടരാബ, ബെന്യു, പ്ലേറ്റോ, അഡാവാമ, കെബ്ബി, ബോര്‍ണോ എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 17,500 ക്രിസ്ത്യന്‍ ദേവാലയങ്ങളും, രണ്ടായിരത്തോളം ക്രിസ്ത്യന്‍ സ്കൂളുകളും നൈജീരിയയില്‍ ആക്രമിക്കപ്പെട്ടിരിന്നു.

More Archives >>

Page 1 of 762