Faith And Reason - 2024
ക്രൈസ്തവ രക്തസാക്ഷികള്‍ക്കായി 30 ദിവസത്തെ ഗ്രിഗോറിയൻ കുർബാന അർപ്പിക്കാൻ നൈജീരിയൻ മെത്രാന്റെ നിര്‍ദ്ദേശം
പ്രവാചകശബ്ദം 11-06-2022 - Saturday
ഒൺണ്ടോ (നൈജീരിയ): പെന്തക്കുസ്ത ദിനത്തിൽ നൈജീരിയയിലെ ഒൺണ്ടോ സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന സെന്‍റ് ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ ക്രൂരമായി കൊലചെയ്യപ്പെട്ട കത്തോലിക്ക വിശ്വാസികളുടെ ആത്മശാന്തിയ്ക്കായി 50 ഗ്രിഗോറിയൻ കുർബാനകൾ അർപ്പിക്കാൻ ഒൺണ്ടോ രൂപതാധ്യക്ഷന്‍ മോൺസിഞ്ഞോർ ജൂഡ് അരോഗുൺഡാഡേ നിർദേശം നൽകി. ജൂൺ 13 മുതൽ ജൂലൈ 25 വരെ രൂപതയിലെ വിവിധ ദേവാലയങ്ങളിൽ മരിച്ചവരുടെ ആത്മാക്കൾക്കു വേണ്ടി ഗ്രിഗോറിയൻ കുർബാനയുടെ ആരാധനാക്രമം ഉപയോഗിച്ച് വിശുദ്ധ കുർബാന അർപ്പിക്കപ്പെടണമെന്ന് ബിഷപ്പ് നൽകിയ നിർദ്ദേശത്തിൽ പറയുന്നു.
മറ്റ് ഏതെങ്കിലും ഒരു നിയോഗം കൂടി വിശുദ്ധ കുർബാനയിൽ ഉൾപ്പെടുത്താമെന്നും അദ്ദേഹത്തിന്റെ നിർദ്ദേശത്തിൽ പറയുന്നുണ്ട്. ഒരു വ്യക്തിയുടെ മരണശേഷം, ആത്മാവിന്റെ സ്വർഗ്ഗപ്രാപ്തിക്കുവേണ്ടി 30 ദിവസം തുടർച്ചയായി അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനകളെയാണ് ഗ്രിഗോറിയൻ കുർബാനകളെന്ന് വിശേഷിപ്പിക്കുന്നത്. എഡി 590 മുതൽ 604 വരെ സഭയുടെ മാർപാപ്പ ആയിരുന്ന വിശുദ്ധ ഗ്രിഗറിയുടെ പേരിലാണ് കുർബാനയും അറിയപ്പെടുന്നത്.
ശുദ്ധീകരണ സ്ഥലത്തുള്ള ആത്മാക്കൾക്ക് വേണ്ടി ഇപ്രകാരം വിശുദ്ധ കുർബാനകൾ അർപ്പിക്കപ്പെടണമെന്ന് പാപ്പ പ്രത്യേകം നിർദ്ദേശം നൽകുമായിരുന്നു. താൻ മരണമടഞ്ഞ ഒരു സന്യാസിയുടെ ആത്മാവിനു വേണ്ടി 30 ദിവസം പ്രാർത്ഥിച്ചുവെന്നും, ഇതിനുശേഷം ആ സന്യാസിയുടെ സമൂഹത്തിലെ തന്നെ മറ്റൊരു സഹ സന്യാസിക്ക് അദ്ദേഹം പ്രത്യക്ഷപ്പെടുകയും, ശുദ്ധീകരണസ്ഥലത്ത് നിന്ന് സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിച്ചുവെന്ന് പറയുകയും ചെയ്തുവെന്ന് ഗ്രിഗറി മാർപാപ്പ എഴുതിയ ഒരു പുസ്തകത്തിൽ പറയുന്നുണ്ട്.