News

''നൈജീരിയ രക്തത്തിൽ കുതിർന്നിരിക്കുന്നു'': വേദന പങ്കുവെച്ച് രാജ്യത്തെ ബിഷപ്പുമാര്‍

പ്രവാചകശബ്ദം 11-06-2022 - Saturday

അബൂജ: രാജ്യത്തെ ക്രൈസ്തവ സമൂഹം കടന്നുപോകുന്ന അതിദയനീയമായ അവസ്ഥയില്‍ ദുഃഖം പങ്കുവെച്ച് നൈജീരിയയിലെ കത്തോലിക്ക ബിഷപ്പുമാർ.അരക്ഷിതാവസ്ഥയിൽ രാജ്യം വിലപിക്കുകയാണെന്നും രക്തത്തിൽ കുതിർന്നിരിക്കുകയാണെന്നും ബിഷപ്പുമാര്‍ പറഞ്ഞു. ഒൻഡോ രൂപതയിലെ സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയത്തില്‍ നടന്ന ക്രൂരമായ നരഹത്യയുടെ പശ്ചാത്തലത്തിലാണ് കത്തോലിക്കാ ബിഷപ്പുമാരുടെ പ്രതികരണം. ''നൈജീരിയ രക്തത്തിൽ കുതിർന്നിരിക്കുന്നു. വടക്ക് നിന്ന് തെക്കോട്ട്, കിഴക്ക് നിന്ന് പടിഞ്ഞാറ്, രക്തം നദി പോലെ ഒഴുകുന്നു. നൈജീരിയക്കാർ ഇപ്പോൾ ഭയത്തിലും ഉത്കണ്ഠയിലും ജീവിക്കുകയാണ്.'' അനിശ്ചിതത്വത്തിന്റെ ഇരുണ്ട മേഘം രാജ്യത്തിന് മുകളിൽ തൂങ്ങിക്കിടക്കുകയാണെന്നും നൈജീരിയന്‍ മെത്രാന്‍ സമിതിയുടെ വൈസ് പ്രസിഡന്‍റ് ആര്‍ച്ച് ബിഷപ്പ് ലൂസിയസ് ഇവെജുരു ഉഗോർജി പറഞ്ഞു.

“നമ്മുക്ക് എവിടെയും സുരക്ഷിതമല്ല. വീടുകൾ, ഹൈവേകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ പോലും സുരക്ഷിതമല്ല. എല്ലാവരുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള ഉത്തരവാദിത്തമുള്ള ഒരു സർക്കാർ ഉള്ളപ്പോൾ നമ്മുടെ രാജ്യം ഇത്ര അരക്ഷിതാവസ്ഥയിലായത് എന്തുകൊണ്ട്?". നിരായുധരും നിയമം അനുസരിക്കുന്നവരുമായ പൗരന്മാരെ കശാപ്പ് ചെയ്യുന്ന ആളുകളെ സ്വതന്ത്രരായി വിഹരിക്കാന്‍ വിടുന്നത് എന്തിനാണ്? ഏതാനും ആഴ്‌ചകൾക്ക് മുമ്പ്, മതനിന്ദ ആരോപിച്ച് തീവ്ര ഇസ്ലാമിസ്റ്റുകള്‍ കൊലപ്പെടുത്തിയ ക്രൈസ്തവ വിദ്യാര്‍ത്ഥി ദെബോറയുടെ ഹൃദയശൂന്യമായ കൊലപാതകവും സൊകോട്ടോയിലെ പള്ളികളില്‍ നടന്ന ക്രൂരമായ ആക്രമണവും ബിഷപ്പ് ചൂണ്ടിക്കാട്ടി.

സുരക്ഷ ഭീഷണി പരിഹരിക്കാന്‍ ഫലപ്രദമായ ഒരു മാർഗം പൊതു തിരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാൻ ശ്രമിക്കുക എന്നതാണ്. അനാസ്ഥയും നിസ്സംഗതയും ഒഴിവാക്കി സ്വഭാവവും കഴിവും കാര്യപ്രാപ്തിയുമുള്ള വിശ്വസനീയരായ സ്ഥാനാർത്ഥികളെ മാത്രം തിരഞ്ഞെടുക്കാൻ ഒരുമിച്ച് നിൽക്കുക. സ്വകാര്യവും സ്വാർത്ഥവുമായ താൽപ്പര്യങ്ങൾക്ക് മുകളിൽ പൊതുനന്മയ്ക്ക് പ്രാധാന്യം നൽകുന്നവരുമായ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാൻ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒവേരിയിലെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ആർച്ച് ബിഷപ്പ് ആന്റണി ജോൺ വാലന്റൈൻ ഒബിന്നയുടെ സുവർണ ജൂബിലി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിച്ച മറ്റ് മെത്രാന്‍മാരും ഒൻഡോ പള്ളിയിലെ കൂട്ടക്കൊലയെ അപലപിച്ചു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



More Archives >>

Page 1 of 764