News - 2025

നൈജീരിയയിലെ ക്രൈസ്തവ കൂട്ടക്കുരുതിയെ അപലപിച്ച് അയർലണ്ട് പ്രസിഡന്റ്

പ്രവാചകശബ്ദം 09-06-2022 - Thursday

ഡബ്ലിന്‍: പെന്തക്കോസ്ത് ഞായറാഴ്ച നൈജീരിയയിലെ കത്തോലിക്ക ദേവാലയത്തില്‍ നടന്ന ക്രൈസ്തവ കൂട്ടക്കുരുതിയെ അപലപിച്ച് അയർലൻഡ് പ്രസിഡന്റ് മൈക്കിൾ ഡി. ഹിഗ്ഗിൻസ്. ആരാധനാലയത്തിൽ ഇത്തരമൊരു ആക്രമണം നടത്തിയത് പ്രത്യേകം അപലപനീയമാണ്. പശ്ചിമാഫ്രിക്കൻ രാജ്യത്തിലെ സുരക്ഷാ പ്രശ്‌നങ്ങളോടുള്ള അവഗണന, വളരെക്കാലമായി പ്രതിസന്ധിയിലേക്ക് കൊണ്ടുപോകുകയാണെന്നും അത് ഇപ്പോൾ പോരാട്ടങ്ങളെ അടിസ്ഥാനമാക്കി ആഭ്യന്തരവും പ്രാദേശികവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും ഐറിഷ് പ്രസിഡന്‍റ് പറഞ്ഞു. അന്തര്‍ദേശീയ കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ചർച്ച് ഇൻ നീഡ് ആക്രമണത്തെ അപലപിക്കാൻ ലോക നേതാക്കളോട് അഭ്യർത്ഥിച്ചിരിന്നു.

അന്‍പതോളം പേരാണ് ദേവാലയത്തില്‍ ഉണ്ടായ വെടിവെയ്പ്പില്‍ ദാരുണമായി കൊല്ലപ്പെട്ടത്. ആശുപത്രികളില്‍ നിരവധി പേരാണ് ഇപ്പോഴും ചികിത്സയില്‍ കഴിയുന്നത്. പൊട്ടാത്ത ബോംബുകളും എകെ 47 തോക്കുകളിൽ ഉപയോഗിച്ച ബുള്ളറ്റുകളും പോലീസ് കണ്ടെടുത്തിരിന്നു. ദാരുണമായ സംഭവം നടന്ന് നാലു ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെ പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ലായെന്നത് നൈജീരിയയിലെ സുരക്ഷിതത്വമില്ലായ്മ ആഴത്തില്‍ വ്യക്തമാക്കുന്നതാണ്. ലോകത്ത് ക്രൈസ്തവര്‍ ഏറ്റവും അധികം കൂട്ടക്കൊല ചെയ്യപ്പെടുന്ന രാജ്യമാണ് നൈജീരിയ. ബൊക്കോഹറാം, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിന്‍സ്, ഫുലാനി ഹെര്‍ഡ്സ്മാന്‍ തുടങ്ങീയ ഇസ്ളാമിക തീവ്രവാദ സംഘടനകളാണ് രാജ്യത്തെ ക്രൈസ്തവര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നത്.

More Archives >>

Page 1 of 763