News - 2025

മൂന്നു പതിറ്റാണ്ടിന് ശേഷം അമേരിക്കയില്‍ ഭ്രൂണഹത്യകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്: ആശങ്കയറിയിച്ച് പ്രോലൈഫ് പ്രസ്ഥാനങ്ങള്‍

പ്രവാചകശബ്ദം 18-06-2022 - Saturday

വാഷിംഗ്ടണ്‍ ഡി‌.സി നീണ്ട 30 വര്‍ഷങ്ങള്‍ക്കിടയില്‍ ഇതാദ്യമായി അമേരിക്കയിലെ ഭ്രൂണഹത്യകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്‌. കഴിഞ്ഞ മൂന്ന്‍ വര്‍ഷങ്ങള്‍ക്കിടയില്‍ അമേരിക്കയിലെ അബോര്‍ഷനുകളുടെ എണ്ണത്തില്‍ ഏതാണ്ട് 70,000-ത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നു അബോര്‍ഷന്‍ അനുകൂല ഗവേഷക സംഘടനയായ ഗുട്ട്മാച്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇക്കഴിഞ്ഞ ബുധനാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 2017-ല്‍ 8,62,320 ഗര്‍ഭഛിദ്രങ്ങളാണ് രേഖപ്പെടുത്തിയിരുന്നതെങ്കില്‍ 2020 ആയപ്പോഴേക്കും അത് 9,30,160 ആയി ഉയര്‍ന്നു. 8 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഓരോ കുരുന്നുജീവനുകളുടെയും നഷ്ടം കണക്കാക്കാനാവാത്തതാണെന്നു ലിവ് ആക്ഷന്‍ എന്ന പ്രോലൈഫ് സംഘടനയുടെ അധ്യക്ഷയായ ലില റോസ് റിപ്പോര്‍ട്ടിനോടുള്ള പ്രതികരണമെന്ന നിലയില്‍ ട്വീറ്റ് ചെയ്തു.

റിപ്പോര്‍ട്ടനുസരിച്ച് 15-നും 45-നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കിടയിലെ ഗര്‍ഭഛിദ്ര നിരക്ക് 7% ആയി വര്‍ദ്ധിച്ചിട്ടുണ്ട്. 2017-ല്‍ ആയിരം സ്ത്രീകള്‍ക്കിടയിലെ അബോര്‍ഷന്‍ നിരക്ക് 13.5 ആയിരുന്നെങ്കില്‍ 2020 ആയപ്പോഴേക്കും അത് 14.4 ആയി ഉയര്‍ന്നു. 100 ഗര്‍ഭധാരണങ്ങളിലെ ഗര്‍ഭഛിദ്ര നിരക്ക് 2017-ല്‍ 12% ആയിരിന്നപ്പോള്‍ 2020-ല്‍ അത് 20.6% ശതമാനമായി വര്‍ദ്ധിച്ചു. ഇത് അര്‍ത്ഥമാക്കുന്നത് 2020-ല്‍ 5 ഗര്‍ഭസ്ഥ ശിശുക്കളില്‍ ഒരെണ്ണം വീതം ഭ്രൂണഹത്യയ്ക്കു ഇരയായി എന്നാണ് (ഗര്‍ഭാവസ്ഥയിലെ പ്രശ്നങ്ങള്‍ കാരണമുള്ള അബോര്‍ഷനുകള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല). ഓരോ മൂന്ന്‍ വര്‍ഷം കൂടുമ്പോഴും പ്ലാന്‍ഡ് പാരന്റ്ഹുഡിന്റെ സഹകരണത്തോടെ അമേരിക്കയില്‍ അറിയപ്പെടുന്ന എല്ലാ അബോര്‍ഷന്‍ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഗുട്ട്മാച്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇത്തരത്തിലുള്ള വിവരശേഖരണം നടത്താറുണ്ട്.



17% അബോര്‍ഷന്‍ കേന്ദ്രങ്ങളിലെ അബോര്‍ഷനുകളുടെ എണ്ണത്തിനായി സ്റ്റേറ്റ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റിന്റെ വിവരങ്ങളും ഉപയോഗിക്കാറുണ്ട്. പടിഞ്ഞാറന്‍, മധ്യപടിഞ്ഞാറന്‍, തെക്ക്, വടക്കുകിഴക്കന്‍ എന്നീ നാല് മേഖലകളിലും ഭ്രൂണഹത്യയുടെ എണ്ണത്തില്‍ വര്‍ദ്ധനവ്‌ കാണിച്ചിട്ടുണ്ട്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളും (സി.ഡി.സി) ഇത്തരത്തിലുള്ള അബോര്‍ഷന്‍ വിവര ശേഖരണം നടത്താറുണ്ടെങ്കിലും കാലിഫോര്‍ണിയ, മേരിലാന്‍ഡ്, ന്യൂഹാംപ്ഷയര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവരങ്ങള്‍ അവരുടെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നില്ല.

അമേരിക്കയിലെ ഗര്‍ഭഛിദ്ര വിഷയത്തിലെ നിര്‍ണ്ണായകമായ ‘ഡോബ്സ് വി. ജാക്ക്സണ്‍ വിമണ്‍സ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍’ കേസിന്റെ തീരുമാനം പുറത്തുവിടുവാന്‍ അമേരിക്കന്‍ സുപ്രീം കോടതി തയ്യാറെടുത്തുകൊണ്ടിരിക്കേയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഈ വിധിയുടെ കരടുരേഖ അനുസരിച്ച്, രാജ്യത്തു ഭ്രൂണഹത്യ നിയമപരമാക്കിയ 1973-ലെ റോയ്. വി. വേഡ് കേസിന്റെ വിധി റദ്ദാക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഗര്‍ഭഛിദ്രം നിയമപരമാക്കുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുവാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കായിരിക്കും. ഭ്രൂണഹത്യ എന്ന മാരക തിന്‍മയ്ക്കെതിരെ കത്തോലിക്ക സഭയും വിവിധ പ്രോലൈഫ് പ്രസ്ഥാനങ്ങളും ഉയര്‍ത്തുന്ന പ്രതിഷേധം അബോര്‍ഷന്‍ അനുകൂലികളായ ബൈഡന്‍ ഭരണകൂടത്തിന് മുന്നില്‍ ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 766