News

മലയാളി ക്രൈസ്തവർ ശ്രദ്ധിക്കുക: വാട്സാപ്പില്‍ സാമ്പത്തിക തട്ടിപ്പിന് വൻകെണി

പ്രവാചകശബ്ദം 22-10-2022 - Saturday

ക്രിസ്ത്യന്‍ വാട്സാപ്പ് ഗ്രൂപ്പുകളില്‍ നുഴഞ്ഞു കയറി സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തും സമ്മാനങ്ങള്‍ ഓഫര്‍ ചെയ്തുമുള്ള സാമ്പത്തിക തട്ടിപ്പ് കൂടുതൽ ശക്തി പ്രാപിക്കുന്നു. വിവിധ ക്രിസ്തീയ മാധ്യമങ്ങളുടെയും ക്രിസ്ത്യന്‍ പോസ്റ്റുകള്‍ പങ്കുവെയ്ക്കുന്ന വാട്സാപ്പ് ഗ്രൂപ്പുകളിലും ഇന്‍വിറ്റേഷന്‍ ലിങ്ക് വഴി പ്രവേശിച്ച തട്ടിപ്പുകാരാണ് തന്ത്രപരമായി സാമ്പത്തിക സഹായവും സമ്മാനങ്ങളും വ്യക്തിപരമായി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നത്. വൈദികരുടെയോ, സിസ്റ്റർമാരുടെയോ പ്രൊഫൈൽ ചിത്രങ്ങളുള്ള യൂറോപ്പിൽ നിന്നുള്ള വാട്സാപ്പ് നമ്പറുകളാണ് ഇവർ തട്ടിപ്പിന് പ്രധാനമായും ഉപയോഗിക്കുന്നത്. ബൈബിൾ വചനങ്ങളോ ക്രിസ്ത്യൻ പ്രാർത്ഥനകളോ സന്ദേശം അയച്ചാണ് ഇവർ പ്രധാനമായും വിശ്വാസം നേടിയെടുക്കുന്നതെന്നതും ശ്രദ്ധേയമാണ്.

വിവിധ രീതിയിലുള്ള തട്ടിപ്പുകൾ: ‍

☛ 1. സമ്മാനം അയച്ചു തരുന്ന 'അച്ചന്‍മാരും സിസ്റ്റര്‍മാരും' ‍

ക്രിസ്ത്യന്‍ വാട്സപ്പ് ഗ്രൂപ്പില്‍ നിന്നാണ് താങ്കളുടെ നമ്പര്‍ ലഭിച്ചതെന്ന ആമുഖത്തോടെയാണ് ഇവര്‍ ആദ്യമായി സന്ദേശം അയക്കുന്നത്. മ്യൂച്ചല്‍ ഗ്രൂപ്പുകള്‍ നോക്കിയാല്‍ ഏതെങ്കിലും ക്രിസ്ത്യന്‍ വാട്സാപ്പു ഗ്രൂപ്പുകള്‍ ആയിരിയ്ക്കും ഉണ്ടാകുക. ഈ ഗ്രൂപ്പിലേക്ക് ഇന്‍വിറ്റേഷന്‍ ലിങ്ക് വഴി പ്രവേശിച്ചവരായിരിക്കും തട്ടിപ്പുകാര്‍. നേരത്തെ സൂചിപ്പിച്ചപ്പോലെ വൈദികരുടെയോ സിസ്റ്റർമാരുടെയോ പ്രൊഫൈല്‍ ചിത്രങ്ങള്‍ ആയിരിക്കും ഉണ്ടാകുക. വിശ്വാസ്യത നേടിയെടുക്കാന്‍ വേണ്ടിയാണ് ഗൂഗിളില്‍ നിന്ന്‍ ഡൌണ്‍ലോഡ് ചെയ്ത ചിത്രങ്ങള്‍ ഇവര്‍ ഉപയോഗിക്കുന്നത്.

ബൈബിള്‍ വചനം ആദ്യം അയച്ചു താങ്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്ന വിധത്തിലുള്ള സന്ദേശം ഇവര്‍ അയക്കുന്നു. ഈ മെസേജിന് ആരെങ്കിലും പ്രതികരിച്ചാല്‍ ഉടനെ തന്നെ വ്യക്തിപരമായി ബന്ധം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നു. (ഇനി പ്രതികരിക്കാതെ ഇരിന്നാല്‍ ബൈബിള്‍ വചനങ്ങളോ പ്രാര്‍ത്ഥനകളോ അയക്കുന്നത് തുടരുന്നു). താങ്കള്‍ക്ക് പ്രത്യേകമായി സമ്മാനം തരാന്‍ ആഗ്രഹിക്കുന്നുവെന്ന വിധത്തില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതാണ് തട്ടിപ്പിന്റെ അടുത്ത സ്റ്റേജ്. ഇത് അയക്കുവാന്‍ സമ്മതം മൂളിയാല്‍ ഉടനെ അഡ്രസ്, മറ്റ് വിവരങ്ങള്‍ അയക്കുവാന്‍ ആവശ്യപ്പെടും. വ്യക്തിപരമായ വിവരങ്ങള്‍ നേടിയെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞാല്‍ തന്നെ കെണിയില്‍ വീണുവെന്ന് നിരീക്ഷകര്‍ പറയുന്നു.

അധികംവൈകാതെ വലിയ ഒരു ബോക്സിന്റെ ചിത്രവും പാര്‍സല്‍ കമ്പനിയുടെ അഡ്രസും ഉള്‍പ്പെടുന്ന മെസേജും അയക്കുന്നു. യാഥാര്‍ത്ഥ്യ ബോധത്തോടെ വിഷയത്തെ നോക്കികാണാത്തവര്‍ കാത്തിരിപ്പ് ആരംഭിക്കുന്നു. ഒന്നോ രണ്ട് ദിവസങ്ങള്‍ക്കു ശേഷം കൊറിയര്‍ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ടെന്നും ഇന്‍റര്‍നാഷ്ണല്‍ കൊറിയര്‍ ആയതിനാല്‍ പ്രോസസിംഗ് ചാര്‍ജ്ജായി ഇന്ത്യയിലെ ഒരു അക്കൌണ്ടിലേക്ക് തുക അയച്ചു കൊടുക്കണമെന്നും ആവശ്യപ്പെടുന്നു. ഇതാണ് തട്ടിപ്പിന്റെ ഒരു രീതി. (വൈദികരുടെയും സിസ്റ്റര്‍മാരുടെയും വ്യാജ ചിത്രങ്ങള്‍ പ്രൊഫൈല്‍ പിക്ചറിന് ഉപയോഗിക്കുന്നതിനാല്‍ ഇത് തട്ടിപ്പ് ആണെന്ന്‍ പലരും മനസിലാക്കാതെപോകുന്നു).

☛ 2. പള്ളിയുടെ / കോണ്‍വെന്‍റിന്റെ നടത്തിപ്പിന് സഹായം വേണം ‍

കോവിഡ് പ്രതിസന്ധിയില്‍ പള്ളിയുടെ ദൈനം ദിന ചെലവുകള്‍ക്കു അല്ലെങ്കില്‍ അശരണരായ പാവങ്ങളുടെ അഗതിമന്ദിരങ്ങളുടെ നിലനില്‍പ്പിന് സാമ്പത്തിക സഹായം നല്‍കണമെന്ന അഭ്യര്‍ത്ഥനയോടെയാണ് മറ്റൊരു രീതിയിലുള്ള തട്ടിപ്പ്. വിഷയം ഉന്നയിച്ചുള്ള ഇത്തരമൊരു മെസേജിന് ആരെങ്കിലും അനുഭാവപൂര്‍വ്വം മെസേജ് അയച്ചാല്‍ കൂടുതല്‍ ചിത്രങ്ങള്‍ നല്‍കിയോ സഹതാപ വാക്കുകള്‍ കൊണ്ടോ വിശ്വാസം നേടിയെടുക്കാന്‍ ശ്രമിക്കുന്നു. പ്രത്യേകം സൂക്ഷിക്കുക.

☛ 3. നറുക്കെടുപ്പില്‍ നിങ്ങള്‍ക്ക് സമ്മാനം ‍

ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കു വേണ്ടിയുള്ള പ്രത്യേക നറുക്കെടുപ്പില്‍ നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടുവെന്നും വലിയ ഒരു തുക സമ്മാനമായി ലഭിക്കുമെന്നും അറിയിയ്ക്കുന്നു. സമ്മാന തുക സ്വീകരിക്കുന്നതിനായി നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ അയച്ചു കൊടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശമാണ് രണ്ടാമത് ലഭിക്കുന്നത്. മറുപടി അയക്കും തോറും കെണിയില്‍ അകപ്പെടാന്‍ സാധ്യത കൂടുതലാണെന്ന് മനസിലാക്കുക.

☛ 4. ആന്‍ഡ്ര്യൂ മെത്രാപ്പോലീത്തയും 50,000 പൗണ്ടും ‍

''പാവപ്പെട്ടവരെ സഹായിക്കുന്നതിനായി 100 കോടി പൗണ്ടാണ് ആന്‍ഡ്ര്യൂ എന്ന മെത്രാപ്പോലീത്ത നല്‍കിയിരിക്കുന്നതെന്നും, സഹായത്തിനര്‍ഹരാകുന്ന ഓരോ ഗ്രൂപ്പിനും 50,000 പൗണ്ട് ലഭിക്കുമെന്നും, ഭാഗ്യവശാല്‍ നിങ്ങളുടെ പേരും വാട്ട്സാപ്പ് ഗ്രൂപ്പുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ടെന്നും'' നാലാമത്തെ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പ് വ്യാജ സന്ദേശത്തില്‍ പറയുന്നു. തങ്ങള്‍ ദൈവവേല ചെയ്യുകയാണെന്നും പാവപ്പെട്ടവര്‍ക്ക് അതിജീവനത്തിനുള്ള സഹായങ്ങള്‍ നല്‍കി ഒരിക്കല്‍ കൂടി അവരോട് സ്നേഹം പ്രകടിപ്പിക്കേണ്ട സമയമാണിതെന്നും സന്ദേശത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

തുക ലഭിക്കുന്നതിനായി പേരും, അഡ്രസ്സും, വയസ്സും, തൊഴിലും, ഫോണ്‍ നമ്പറും, ഇ-മെയില്‍ ഐഡിയും ഉള്‍പ്പെടുന്ന വിവരങ്ങളാണ് വ്യാജ സന്ദേശത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പിന്നീട് ആവശ്യപ്പെടുന്നത്. വാട്സാപ്പ് പേരിലുള്ളതും ഫോട്ടോയില്‍ ഉള്ളതുമായ വ്യക്തി 'യഥാര്‍ത്ഥ വൈദികന്‍/ കന്യാസ്ത്രീ' ആണെന്ന്‍ തെറ്റിദ്ധരിക്കുന്നവര്‍ ഇവരെ ബന്ധപ്പെടുന്നതോടെ തട്ടിപ്പിന് ഇരയാകുകയാണ് ചെയ്യുന്നത്. ഇവരുടെ തട്ടിപ്പിന് മലയാളി ക്രൈസ്തവരായ ചിലര്‍ ഇരകളായെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്.

☛☛ എങ്ങനെ പ്രതിരോധിക്കാം: ‍

1 . അജ്ഞാതമായ നമ്പറില്‍ നിന്ന്‍ വ്യക്തിപരമായി സഹായം ആവശ്യപ്പെട്ട്/ വാഗ്ദാനം ചെയ്തു മെസേജ് ലഭിക്കുന്നുണ്ടെങ്കില്‍ പ്രസ്തുത നമ്പര്‍ ഉടനെ ബ്ളോക്ക് ചെയ്യുക.

2. ഒരു കാരണവശാലും മെസേജിന് പ്രതികരണം നല്കാതിരിക്കുക.

3. അഥവാ ആരെങ്കിലും അഡ്രസോ മറ്റ് വ്യക്തിവിവരങ്ങളോ നല്‍കിയിട്ടുണ്ടെങ്കില്‍ അധികം വൈകാതെ ഒരു കൊറിയര്‍ വീട്ടിലെത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് വേണ്ടാന്നു പറഞ്ഞു കൊറിയറുകാരെ മടക്കി അയക്കുക. (കാഷ് ഓണ്‍ ഡെലിവറി രൂപത്തിലായിരിക്കും ഈ തട്ടിപ്പ്).

4. ഗ്രൂപ്പ് അംഗമായ ഏതെങ്കിലും വ്യക്തിയില്‍ നിന്ന്‍ സന്ദേശം ലഭിക്കുകയാണെങ്കില്‍ അത് അഡ്മിന്‍മാരെ ഉടനെ വിവരമറിയിക്കുക.

5. തട്ടിപ്പിന്റെ പുതിയ രീതികള്‍ പുതിയ നമ്പറുകളില്‍ നിന്ന്‍ ഇനിയും ഉണ്ടായേക്കാം. അതിനാല്‍ ജാഗ്രത പുലര്‍ത്തുക.

പ്രവാചകശബ്ദത്തിന്റെ വാട്സാപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക്: ‍

പ്രവാചകശബ്ദം ഗ്രൂപ്പിലെ അംഗമായതിനാൽ സാമ്പത്തിക സഹായം നൽകാൻ തയാറാണ് എന്ന ഉള്ളടക്കത്തോടെ ഏതെങ്കിലും വ്യക്തികൾ നിങ്ങളെ ബന്ധപ്പെടുകയാണെങ്കിൽ ദയവായി സൂക്ഷിക്കുക. ഇത്തരം മെസേജ് അയക്കുന്നവരുമായി പ്രവാചകശബ്ദത്തിന് യാതൊരു ബന്ധവുമില്ല. ദയവായി ആ നമ്പറുകള്‍ ബ്ലോക്ക് ചെയ്യുക.

അത്തരത്തിൽ സന്ദേശം ലഭിക്കുകയാണെങ്കിൽ ദയവായി അഡ്മിൻമാരെ ബന്ധപ്പെടുക, അല്ലെങ്കില്‍ editor@pravachakasabdam.com എന്ന ഇ മെയിൽ അഡ്രസിൽ വിവരങ്ങൾ അറിയിച്ചാലും മതിയാകും. ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവരെ ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്യുന്നതാണ്. അപ്രകാരം സഹായ അഭ്യര്‍ത്ഥനയുള്ള മെസേജ്/ കോളുകള്‍ ആരെങ്കിലും തുടരുകയാണെങ്കില്‍ നിയമ നടപടി സ്വീകരിക്കുന്നതാണ്.

"പ്രവാചകശബ്ദം വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമായതിനാല്‍ നമ്പര്‍ ലഭിച്ചതാണ്, പ്രതിസന്ധിയാണ്, സഹായിക്കണം" - ഇത്തരത്തില്‍ എന്തെങ്കിലും സന്ദേശം ലഭിക്കുകയാണെങ്കില്‍ ദയവായി അവരെ ബ്ളോക്ക് ചെയ്യുക, ഒപ്പം അഡ്മിന്‍സിനെ വിവരമറിയിക്കുകയും ചെയ്യുക. ഗ്രൂപ്പിലുള്ളവരെ വ്യക്തിപരമായോ ഫോണ്‍/ മെസേജ് മുഖേനെയോ ആരെങ്കിലും ഇത്തരത്തില്‍ ബന്ധപ്പെട്ടാല്‍ അക്കാര്യം ടീമിനെ അറിയിക്കുമല്ലോ. അവരെ ഗ്രൂപ്പില്‍ നിന്ന്‍ ഉടന്‍ നീക്കം ചെയ്യുന്നതായിരിക്കും.

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ സാഹചര്യങ്ങള്‍ മനസിലാക്കുന്നു. അവര്‍ക്ക് തക്കതായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ ഇതിന്റെ വിശദാംശങ്ങള്‍ സഹിതം editor@pravachakasabdam.com എന്ന ഇ മെയില്‍ അഡ്രസിലേക്ക് മെയില്‍ ചെയ്യാവുന്നതാണ്. അവരുടെ സാഹചര്യങ്ങള്‍ വിശദമായി പഠനവിധേയമാക്കി സത്യമാണെന്ന് അന്വേഷിച്ച് ഉറപ്പുവരുത്തിയ ശേഷം ഉചിതമെങ്കില്‍ പ്രവാചകശബ്ദം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

< Originally published on 15 June 2022 >

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 765