News

മൃതസംസ്കാരത്തിനെത്തിയത് വന്‍ജനാവലി: കൊല്ലപ്പെട്ട ക്രൈസ്തവ വിശ്വാസികൾക്ക് നൈജീരിയ കണ്ണീരോടെ വിട നൽകി

പ്രവാചകശബ്ദം 18-06-2022 - Saturday

ഒൺണ്ടോ (നൈജീരിയ) ജൂൺ അഞ്ചാം തീയതി പെന്തക്കുസ്ത തിരുനാൾ ദിനത്തില്‍ നൈജീരിയന്‍ ദേവാലയത്തില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ക്രൈസ്തവ കൂട്ടക്കൊലയില്‍ രക്തസാക്ഷികളായവരുടെ സംസ്കാര ചടങ്ങുകൾ ഇന്നലെ നടന്നു. ഒൺണ്ടോ രൂപതയും, സംസ്ഥാന സർക്കാരും സംയുക്തമായാണ് മരണാനന്തര ചടങ്ങുകൾ ക്രമീകരിച്ചത്. മൈഡാസ് എന്ന റിസോർട്ടിൽ നടന്ന സംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കാൻ നൈജീരിയയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിവിധ മെത്രാന്‍മാരും സംസ്ഥാനത്തെ ഗവർണർ ഒലുവാരോടിമി അകേരെഡോലുയും നൂറുകണക്കിന് ആളുകളും എത്തിയിരിന്നു.

യേശുക്രിസ്തുവിന്റെ വേദനയിൽ പങ്കുചേരാനുള്ള വില എത്രയായിരുന്നുവെന്ന് പെന്തക്കുസ്താ ദിനം വിശുദ്ധ ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ എത്തിയവർക്ക് അറിയില്ലായിരുന്നുവെന്ന് ഓവോ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് ഇമ്മാനുവൽ ബഡേജോ പറഞ്ഞു. "നിങ്ങളെ കൊല്ലുന്ന ഏവനും താന്‍ ദൈവത്തിനു ബലിയര്‍പ്പിക്കുന്നു എന്നു കരുതുന്ന സമയം വരുന്നു" എന്ന് യേശു ക്രിസ്തു പറഞ്ഞ വചനം അദ്ദേഹം ഓർമ്മിപ്പിച്ചു. അക്രമത്തിൽ കൊല്ലപ്പെട്ട രണ്ടു വയസ്സുണ്ടായിരുന്ന കുട്ടിയുടേത് ഉൾപ്പെടെ ഏതാനും ആളുകളുടെ പേരുകൾ ബിഷപ്പ് ബഡേജോ എടുത്തുപറഞ്ഞു.

ദേവാലയത്തിൽ കുരിശിന്റെ കീഴിൽ, ബലിപീഠത്തിൽ ബലിയർപ്പിക്കാൻ എത്തിയെന്നതല്ലാതെ മറ്റൊരു തെറ്റും ഇവരാരും ചെയ്തിരുന്നില്ല. മരണമടഞ്ഞ ആളുകളുടെ ശരീരങ്ങൾ സൂക്ഷിച്ചിരിക്കുന്ന പെട്ടികൾ ചൂണ്ടിക്കാട്ടി നൈജീരിയയാണ് അവിടെ കിടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെയും, സഭയുടെയും, കുടുംബാംഗങ്ങളുടെയും, പ്രിയപ്പെട്ടവരുടെയും ആനന്ദവും പ്രതീക്ഷകളുമാണ് നിലത്തു കിടക്കുന്നത്. അവരുടെ കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം ഒട്ടും അംഗീകരിക്കാൻ സാധിക്കാത്ത യുക്തിരഹിതമായ ഒന്നാണെന്ന് ബിഷപ്പ് അഭിപ്രായപ്പെട്ടു.

ഇപ്പോൾ നടന്ന കൂട്ട കൊലപാതകം രാജ്യത്ത് നടന്ന ഒറ്റപ്പെട്ട സംഭവം അല്ലെന്ന് ചിന്തിക്കുമ്പോൾ തങ്ങളുടെ കരുത്തുറ്റ ക്രൈസ്തവ വിശ്വാസം പരീക്ഷിക്കപ്പെടുകയാണ്. ഇത് അവസാനത്തെ ആക്രമണം ആകാനും സാധ്യതയില്ലെന്ന് ബിഷപ്പ് ഇമ്മാനുവൽ ബഡേജോ പറഞ്ഞു. മൃതസംസ്കാര ശുശ്രൂഷ മദ്ധ്യേനിരവധി പേര്‍ പൊട്ടിക്കരയുന്നുണ്ടായിരിന്നു. വർദ്ധിച്ചു വരുന്ന അക്രമ സംഭവങ്ങളും, അരക്ഷിതാവസ്ഥയും ഇല്ലാതാക്കാൻ സർക്കാർ അധികൃതർ ഒന്നും ചെയ്യുന്നില്ലെന്ന് നൈജീരിയയിലെ മെത്രാന്മാർ സംയുക്തമായും, വ്യക്തിപരമായും നിരവധി തവണ പ്രസ്താവനയിറക്കിയിട്ടുണ്ടെങ്കിലും ഭരണകൂടത്തിന്റെ നിസംഗത തുടരുകയാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Posted by Pravachaka Sabdam on 

More Archives >>

Page 1 of 766