News - 2025

നിക്കരാഗ്വേ പുറത്താക്കിയ സന്യാസിനികളെ മുട്ടുകുത്തി കരം ചുംബിച്ച് സ്വീകരിച്ച് കോസ്റ്ററിക്ക ബിഷപ്പ്

പ്രവാചകശബ്ദം 10-07-2022 - Sunday

കോസ്റ്ററിക്ക: മധ്യ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയില്‍ നിന്നും പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടം പുറത്താക്കിയ മിഷ്ണറീസ് ഓഫ് ചാരിറ്റി സമൂഹാംഗങ്ങളായ കത്തോലിക്ക സന്യാസിനികള്‍ക്ക് അയല്‍രാജ്യമായ കോസ്റ്ററിക്കയില്‍ ഊഷ്മള വരവേല്‍പ്പ്. അതിര്‍ത്തിയില്‍ നിന്നും കോസ്റ്ററിക്കയിലേക്ക് കാല്‍നടയായി എത്തിയ സന്യാസിനികളെ കോസ്റ്ററിക്കയിലെ തിലറൻ-ലൈബീരിയ രൂപത ബിഷപ്പ് മാനുവൽ യൂജെനിയോ സലാസർ മോറ മുട്ടിന്‍മേല്‍ നിന്ന് കരങ്ങളില്‍ ചുംബിച്ചാണ് സ്വീകരിച്ചത്. ഇതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരിന്നു.

രാജ്യവുമായി അതിര്‍ത്തി പങ്കിടുന്ന കാനാസ് ഇടവകയില്‍വെച്ച് സന്യാസിനിമാരുടെ സുപ്പീരിയറിന്റെ മുന്നിലെത്തിയ മോണ്‍. സലാസര്‍ അവരുടെ കയ്യില്‍ ചുംബിച്ചതിന് ശേഷം കുശലാന്വേഷണം നടത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സന്യാസിനിമാരെ അഭിസംബോധന ചെയ്തപ്പോള്‍ “നിങ്ങളെ സ്വീകരിക്കുന്നത് വഴി യേശുവിനേയാണ് ഞങ്ങള്‍ സ്വീകരിച്ചത്” എന്ന്‍ അദ്ദേഹം പറഞ്ഞു. മദര്‍ പ്രോവിന്‍ഷ്യലിനോട് മോണ്‍. സലാസര്‍ കാണിച്ച ഈ ബഹുമാനം സന്യാസിനി സമൂഹത്തോടുള്ള തങ്ങളുടെ മനോഭാവത്തിന്റേയും, സേവനത്തിന്റേയും അടയാളമാണെന്നു തിലറൻ-ലൈബീരിയ രൂപത പ്രസ്താവിച്ചു.

പാവങ്ങള്‍ക്കിടയില്‍ നിശബ്ദ സേവനം നടത്തുന്ന സന്യാസിനിമാരെ നിക്കരാഗ്വേയില്‍ നിന്നും പുറത്താക്കിയതിന്റെ കാരണം അറിയില്ലെന്നു ബിഷപ്പ് സലാസര്‍ ജൂലൈ 7-ന് പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു. “ബുദ്ധിമുട്ടേറിയ സമയം കടന്നുപോയി. കോസ്റ്ററിക്കയില്‍ എത്തുന്നത് വരെ അവര്‍ ഭീതിയിലായിരുന്നു. പല രാജ്യങ്ങളില്‍ നിന്നുമുള്ള വിവിധ പ്രായത്തിലുള്ളവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. അവരുടെ ആരോഗ്യത്തേക്കുറിച്ച് ആശങ്കയും ഉണ്ടായിരുന്നു”- മെത്രാന്‍ പറഞ്ഞു. ഈ സന്യാസിനിമാരില്‍ യാതൊരു തെറ്റും താന്‍ കാണുന്നില്ലെന്നും, പാവപ്പെട്ടവരെ സേവിക്കുവാന്‍ ആഗ്രഹിക്കുന്ന ക്രിസ്തുവിന്റെ മണവാട്ടിമാരായ സ്ത്രീകളാണവരെന്നും ക്രൈസ്തവരുടെ ജീവിതം ഇങ്ങനെയാണെന്നും ചൂണ്ടിക്കാട്ടി.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് അഗതികളുടെ അമ്മയായ വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സമൂഹാംഗങ്ങളായ സന്യാസിനിമാരെ നിക്കാരാഗ്വേ പുറത്താക്കിയത്. 18 സന്യാസിനിമാരടങ്ങുന്ന സംഘത്തെ പോലീസ് ബസില്‍ അതിര്‍ത്തിയിലെത്തിച്ച ശേഷം കാല്‍നടയായി കോസ്റ്ററിക്കയിലേക്ക് പറഞ്ഞുവിടുകയായിരുന്നു. ഇന്ത്യയില്‍ നിന്നും 7 പേരും; മെക്സിക്കോ, ഗ്വാട്ടിമാല, ഫിലിപ്പീന്‍സ്, നിക്കരാഗ്വേ എന്നിവിടങ്ങളില്‍ നിന്നും 2 പേര്‍ വീതവും, സ്പെയിന്‍, വിയറ്റ്നാം, ഇക്വഡോര്‍ എന്നിവിടങ്ങളില്‍ നിന്നും ഓരോരുത്തര്‍ വീതവുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. മിഷണറീസ് ഓഫ് ചാരിറ്റി ഉള്‍പ്പെടെയുള്ള 101 സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനം തടയുവാനുള്ള തീരുമാനത്തിന് ജൂണ്‍ 29-നാണ് നിക്കരാഗ്വേ നാഷ്ണല്‍ അസംബ്ലി അംഗീകാരം നല്‍കിയത്.

അഗതി മന്ദിരങ്ങള്‍, നേഴ്സറി സെന്റര്‍, പെണ്‍കുട്ടികള്‍ക്കും പ്രായപൂര്‍ത്തിയായവര്‍ക്കും വേണ്ടിയുള്ള വേണ്ടിയുള്ള അഭയകേന്ദ്രം തുടങ്ങിയവ നടത്തുവാനുള്ള കുടുംബ മന്ത്രാലയത്തിന്റെ അംഗീകാരം മിഷ്ണറീസ് ഓഫ് ചാരിറ്റിയ്ക്കില്ലെന്നാണ് ഏകാധിപതിയ്ക്കു സമമായി പ്രവര്‍ത്തിക്കുന്ന ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള ഭരണകൂടം ആരോപിക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ ഉണ്ടായ പ്രതിഷേധങ്ങളില്‍ കത്തോലിക്ക സഭ പൗരന്‍മാര്‍ക്ക് വേണ്ടി നിലകൊണ്ടതാണ് സര്‍ക്കാരിന്റെ പ്രതികാര നയങ്ങള്‍ക്കു പിന്നിലെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 773