News

ഹാഗിയ സോഫിയയെ മോസ്ക്കാക്കി മാറ്റിയിട്ട് ഇന്നേക്ക് 2 വര്‍ഷം: നീറുന്ന ഓര്‍മ്മയില്‍ ക്രൈസ്തവര്‍

പ്രവാചകശബ്ദം 10-07-2022 - Sunday

ഇസ്താംബൂള്‍: ആഗോള സമൂഹത്തിന്റെയും ഭരണകൂടങ്ങളുടെയും ശക്തമായ എതിര്‍പ്പിനെ വകവെക്കാതെ പുരാതന ക്രൈസ്തവ ദേവാലയമായിരിന്ന ഹാഗിയ സോഫിയയെ മോസ്ക്കാക്കി മാറ്റിയ ഉത്തരവിൽ തുർക്കി പ്രസിഡന്റ് തയിബ് എർദോഗൻ ഒപ്പുവെച്ചിട്ട് ഇന്നേക്ക് രണ്ടുവര്‍ഷം. 2020 ജൂലൈ 10നാണ് ആധുനിക തുർക്കിയുടെ പിതാവായ മുസ്തഫ കമാൽ അതാതുർക്ക് - ഹാഗിയ സോഫിയയെ നിയമവിരുദ്ധമായിട്ടാണ് മ്യൂസിയമാക്കി മാറ്റിയതെന്ന് ഇസ്ളാമിക നിലപാടുകള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന തുർക്കിയിലെ പരമോന്നത കോടതിയായ ദി കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് പ്രഖ്യാപിച്ചതിന് പിന്നാലെ ദേവാലയത്തെ മോസ്ക്കാക്കി മാറ്റാനുള്ള ഉത്തരവില്‍ എർദോഗൻ ഒപ്പുവെച്ചത്.

ആയിരത്തിഅഞ്ഞൂറോളം വർഷം പഴക്കമുള്ള ദേവാലയം മുസ്ലിം പള്ളിയാക്കി മാറ്റരുതെന്ന് അന്താരാഷ്ട്രതലത്തിൽ വലിയ സമ്മർദ്ധം ഉണ്ടായിരുന്നെങ്കിലും തീവ്ര ഇസ്ലാം മത ചിന്താഗതി പുലർത്തുന്ന തുർക്കി പ്രസിഡന്റ് ഇതിനെ പൂര്‍ണ്ണമായി അവഗണിക്കുകയായിരിന്നു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള ദേവാലയത്തെ മ്യൂസിയമായി തന്നെ നിർത്തണമെന്ന് അമേരിക്ക, റഷ്യ, ഗ്രീസ് അടക്കമുള്ള രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ഏര്‍ദ്ദോഗന്റെ ഈ തീരുമാനത്തിന് പിന്നാലെ ഞായറാഴ്ച (2020 ജൂലൈ 12) ഫ്രാന്‍സിസ് പാപ്പ വികാരഭരിതനായി സംസാരിച്ചിരിന്നു. "ഇസ്താംബുൾ ഹാഗിയ സോഫിയായെ ഓർത്ത് ഞാൻ വളരെ ഏറെ വേദനിക്കുന്നു" എന്ന് പറഞ്ഞ ഫ്രാൻസിസ് പാപ്പ സ്വരമിടറി ഏതാനും നിമിഷം നിശബ്ദനായി. ഇത് വലിയ രീതിയില്‍ ചര്‍ച്ചയായി മാറി.

എ.ഡി 537-ല്‍ ജസ്റ്റീനിയൻ ഒന്നാമൻ ചക്രവർത്തിയുടെ കാലത്താണ് ഹാഗിയ സോഫിയ നിർമിച്ചത്. ആദ്യ കാലത്ത് ഒരു കത്തീഡ്രല്‍ ദേവാലയമായിരിന്ന ഹാഗിയ സോഫിയ 'ചർച്ച് ഓഫ് ദ് ഹോളി വിസ്‌ഡം' എന്ന പേരില്‍ അറിയപ്പെട്ടിരിന്നു. ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ പ്രതാപകാലത്ത് പണിതുയര്‍ത്തിയ ഹാഗിയ സോഫിയ ക്രൈസ്തവ ലോകത്തിന്റെ വിശുദ്ധമായ പാരമ്പര്യത്തിന്റെ പ്രതീകവും അനേകം നൂറ്റാണ്ടുകളില്‍ ക്രൈസ്തവ വിശ്വാസികളുടെ ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രവുമായിരുന്നു. 1453 ൽ ഓട്ടോമൻ സാമ്രാജ്യം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതോടെ ഹാഗിയ സോഫിയയെ ഒരു മോസ്‌ക് ആക്കിമാറ്റി. കെട്ടിടത്തിലുണ്ടായിരുന്ന പല ചിത്രപ്പണികളും നശിപ്പിക്കപ്പെട്ടു. ഇതില്‍ അതീവ ദുഃഖിതരായിരിന്നു ക്രൈസ്തവ സമൂഹം. ഇതേ തുടര്‍ന്നാണ് മുസ്തഫ കമാൽ അതാതുർക്കിന്റെ കാലത്ത് ക്രൈസ്തവ വിശ്വാസികളുടെ വികാരം കൂടി കണക്കിലെടുത്തു ഇതിനെ ഒരു മ്യൂസിയമാക്കി മാറ്റിയത്.

1985ൽ യുനെസ്‌കോ പ്രമുഖ ചരിത്രസ്മാരകങ്ങളോടൊപ്പം ഹാഗിയ സോഫിയയെ വേൾഡ് ഹെറിറ്റേജ് സൈറ്റിൽ ഉൾപ്പെടുത്തിയിരിന്നു. എന്നാല്‍ കാലാകാലങ്ങളായി ഹാഗിയ സോഫിയയെ മോസ്ക്ക് ആക്കിമാറ്റാനുള്ള മുറവിളി തീവ്ര ഇസ്ലാമികളുടെ ഭാഗത്തു നിന്നു ഉയര്‍ന്നിരിന്നു. കടുത്ത ഇസ്ളാമിക നിലപാടുള്ള തയിബ് എർദോഗൻ ഭരണത്തിലേറിയതോടെയാണ് നിര്‍മ്മിതിയെ മോസ്ക്ക് ആക്കി മാറ്റാനുള്ള ശ്രമം ഭരണതലത്തില്‍ വീണ്ടും ആരംഭിച്ചത്. ഒടുവില്‍ ഏര്‍ദ്ദോഗന്റെ ഇടപെടലില്‍ 2020 ജൂലൈ 10നു ദേവാലയത്തെ മോസ്ക്കാക്കി മാറ്റുന്ന നടപടിയില്‍ ഒപ്പുവെച്ചു. യുനെസ്കോയുടെയും അനേകം രാജ്യങ്ങളിലെ നയതന്ത്രജ്ഞരുടെയും എതിര്‍പ്പ് വകവെയ്ക്കാതെയായിരിന്നു ഒപ്പുവെയ്ക്കല്‍.

2020 ജൂലൈ 24നു ആദ്യമായി ഈ പുണ്യ പുരാതന ക്രൈസ്തവ ദേവാലയത്തില്‍ ഇസ്ലാമിക നിസ്ക്കാരം നടന്നു. ഹാഗിയ സോഫിയയിലെ ക്രിസ്തീയ ചിത്രങ്ങള്‍ തുണി ഉപയോഗിച്ച് മറച്ചുക്കൊണ്ടായിരിന്നു നിസ്ക്കാരം. (ഇപ്പോഴും അവ തുണി ഉപയോഗിച്ച് മറച്ചിരിക്കുകയാണ്) ഈ ദിവസം ഗ്രീക്ക് സഭയുടെ ആഹ്വാന പ്രകാരം വിലാപ ദിനമായാണ് ആചരിച്ചത്. ഇന്നലെ ജൂലൈ 9നു തുര്‍ക്കിയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ 'ടി‌ആര്‍‌ടി വേള്‍ഡ്' - ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഹാഗിയ സോഫിയയില്‍ നിസ്ക്കരിക്കുന്ന നൂറുകണക്കിന് ഇസ്ലാം മത വിശ്വാസികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 773