News

ലൂർദ്ദിലെ നാലു ചാപ്പലുകൾ അഗ്നിക്കിരയായി

പ്രവാചകശബ്ദം 13-07-2022 - Wednesday

ലൂര്‍ദ് (ഫ്രാന്‍സ്): ലോക പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ ഫ്രാൻസിലെ ലൂർദ്ദിൽ നാല് ചാപ്പലുകൾ അഗ്നിക്കിരയായി. ലോകമെമ്പാടും നിന്നെത്തുന്ന തീർത്ഥാടകർ തിരി തെളിയിക്കുന്ന ചാപ്പലുകൾ ജൂലൈ പത്താം തീയതി രാത്രിയിലാണ് അഗ്നിക്കിരയായത്. ഉടനെ തന്നെ തീ അണക്കാൻ സാധിച്ചത് മൂലം കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ സാധിച്ചു. മരിയൻ പ്രത്യക്ഷീകരണം നടന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഗ്രോട്ടോയ്ക്ക് സമീപമാണ് 2018ൽ ചാപ്പലുകൾ പണിയപ്പെടുന്നത്. പ്രതിവർഷം 350 മെട്രിക് ടൺ തിരികളാണ് ചാപ്പലുകളിൽ ഉപയോഗിക്കപ്പെടുന്നത്. വളരെ ശാന്തമായ അന്തരീക്ഷത്തിൽ ഇവിടെ വിശ്വാസികൾക്ക് പ്രാർത്ഥിക്കാൻ അവസരം ഉള്ള ഇടം കൂടിയായിരിന്നു ഇത്. ചാപ്പലുകൾക്ക് മുഖാഭിമുഖമായി നിന്നിരുന്ന പരിശുദ്ധ കന്യകാമാതാവിന്റെ ഒരു രൂപത്തിനും കേടുപാടുകൾ സംഭവിച്ചു. 1.5 മില്യൻ ഡോളർ നാശനഷ്ടമാണ് കണക്കാക്കപ്പെടുന്നത്.

കോവിഡ് പ്രതിസന്ധിക്ക് മുന്‍പ് 2020ൽ ഇപ്പോൾ എത്തുന്നതിന്റെ പകുതിയിൽ കൂടുതൽ ആളുകളെ തീർത്ഥാടന കേന്ദ്രം സ്വീകരിച്ചിരുന്നു. രോഗികളുമായുള്ള വിവിധ രൂപതകളുടെ തീർത്ഥാടനവും മുൻകരുതലയോടെയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. തീപിടുത്തത്തെ ആഘാതമെന്ന് ലൂർദ്ദ് തീർത്ഥാടന കേന്ദ്രത്തിന്റെ റെക്ടർ പദവി വഹിക്കുന്ന ഫാ. ഒലിവർ റിബാഡു ഡുമാസ് ട്വിറ്ററിൽ വിശേഷിപ്പിച്ചു. ആർക്കും പരിക്കേറ്റില്ല എന്നതാണ് ഏറ്റവും സുപ്രധാനമായ കാര്യമെന്നും, തീർത്ഥാടകർക്ക് നിലവിലുള്ള 4 ചാപ്പലുകളിൽ തിരിതെളിയിച്ച് പ്രാർത്ഥിക്കാമെന്നും അദ്ദേഹം പറഞ്ഞു.

1858-ൽ വിശുദ്ധ ബെര്‍ണാഡെറ്റേക്കാണ് ആദ്യമായി ലൂർദിൽ പരിശുദ്ധ അമ്മയുടെ ദർശനം ലഭിക്കുന്നത്. പിന്നീട് പല തവണ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെടുകയും പാപികൾക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് അവളോട് ആവശ്യപ്പെടുകയും ചെയ്തു. ലൂർദ് മാതാവിന്റെ മധ്യസ്ഥതയാൽ അനേകർക്ക് അത്ഭുതരോഗശാന്തി ലഭിച്ചിട്ടുണ്ടെന്ന് ഇതിനോടകം തന്നെ നിരവധി പേർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇന്ന് അനേകായിരങ്ങൾ സന്ദർശിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മരിയൻ തീർത്ഥാടന കേന്ദ്രമാണ് ലൂർദ്. പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ ലൂര്‍ദ്ദില്‍ നടക്കുന്ന അത്ഭുതങ്ങള്‍ ശാസ്ത്രത്തിന് വിശദീകരിക്കാന്‍ കഴിയാത്തതാണെന്ന്‌ എച്ച്‌ ഐ വി അടക്കം നിരവധി കണ്ടുപിടുത്തങ്ങള്‍ നടത്തിയ പ്രശസ്‌ത ശാസ്‌ത്രജ്ഞനും 2008ലെ നോബല്‍ സമ്മാന ജേതാവുമായ ഡോ. ലൂക്ക്‌ മൊണ്ടഗെനര്‍ അഭിപ്രായപ്പെട്ടിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 774