News

ഇത് ദണ്ഡ വിമോചനത്തിന്റെ മണിക്കൂറുകള്‍: 'പോര്‍സ്യുങ്കുള ദണ്ഡവിമോചനം' നേടാന്‍ വീണ്ടും അവസരം

പ്രവാചകശബ്ദം 01-08-2024 - Thursday

ഇറ്റലി: ആഗോള സഭയില്‍ മാര്‍പാപ്പ ആദ്യമായി പ്രഖ്യാപിച്ച 'പോര്‍സ്യുങ്കുള ദണ്ഡവിമോചനം' നേടാന്‍ വീണ്ടും അവസരം. ഇന്നു ഓഗസ്റ്റ് 1 സന്ധ്യമുതല്‍ ഓഗസ്റ്റ് 2 സൂര്യാസ്തമയം വരെയാണ് ദണ്ഡവിമോചനം സ്വീകരിക്കുന്നതിനായുള്ള സമയം. ഫ്രാന്‍സിസ്കന്‍ സഭയുടെ സ്ഥാപകനായ വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയാണ് പോര്‍സ്യുങ്കുള ദണ്ഡവിമോചനത്തിന്റെ കാരണക്കാരനായി ചരിത്രം വിശേഷിപ്പിക്കുന്നത്. നിരവധി ദണ്ഡവിമോചന മാര്‍ഗ്ഗങ്ങള്‍ സഭയിലുണ്ടെങ്കിലും കത്തോലിക്ക സഭയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ദണ്ഡവിമോചനമാണ് പോര്‍സ്യുങ്കുള ദണ്ഡവിമോചനം.

ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെ നാമധേയത്തിലുണ്ടായിരുന്ന ഉപേക്ഷിക്കപ്പെട്ട പുരാതന ദേവാലയമായിരുന്നു പോര്‍സ്യുങ്കുള. കന്യകാമാതാവിനോട് അഗാധമായ ഭക്തിയുണ്ടായിരുന്ന വിശുദ്ധന്‍ ദേവാലയം പുനരുദ്ധരിക്കുവാന്‍ അതിനോടു ചേര്‍ന്ന് ദേവാലയത്തില്‍ താമസമാക്കി. ഫ്രാന്‍സിസ് അസീസ്സിയുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമായിരുന്ന ഇവിടെ വെച്ചാണ് വിശുദ്ധന്‍ തന്റെ ആദ്ധ്യാത്മിക ജീവിതം ആരംഭിക്കുന്നതും, സന്യാസ സഭക്ക് രൂപം നല്‍കുന്നതും. ഇക്കാലയളവില്‍ തനിക്ക് വേണ്ടി മാധ്യസ്ഥം വഹിക്കണമെന്ന് വിശുദ്ധന്‍ മാതാവിനോട് കരഞ്ഞപേക്ഷിക്കാറുണ്ടായിരുന്നു.

പിന്നീട് ലഭിച്ച ദര്‍ശനങ്ങളുടെ വെളിച്ചത്തില്‍ പോര്‍സ്യുങ്കുള ദണ്ഡവിമോചനം അംഗീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി ഹോണോറിയൂസ് പാപ്പാക്ക് അപേക്ഷ സമര്‍പ്പിച്ചു. അതുവരെ കേള്‍ക്കാതിരുന്ന സമ്പൂര്‍ണ്ണ ദണ്ഡവിമോചനം അനുവദിക്കുവാന്‍ പാപ്പാ ആദ്യം തയ്യാറായില്ലെങ്കിലും കര്‍ത്താവായ യേശുവും ഇതാഗ്രഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ പാപ്പ പിന്നീട് ദണ്ഠവിമോചനം അനുവദിക്കുകയായിരുന്നു. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥപ്രകാരം 'അപരാധമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയില്‍ നിന്നും ദൈവത്തിന്റെ തിരുമുന്‍പാകെയുള്ള ഇളവ് ചെയ്യലാണ് ദണ്ഡവിമോചനം'.

പാപം മൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂര്‍ണ്ണമായോ ഇളവ് ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂര്‍ണ്ണമോ ആകാമെന്ന് സി‌സി‌സി 1471 ചൂണ്ടിക്കാട്ടുന്നു. പോര്‍സ്യുങ്കുള ദണ്ഡവിമോചനം പൂര്‍ണ്ണമായ ഇളവാണ്. ( പൂര്‍ണ്ണദണ്ഡവിമോചനം എന്നത് നാം ചെയ്യുന്ന എല്ലാ പാപങ്ങളുടെയും കാലികശിക്ഷയില്‍ നിന്നുള്ള മോചനമല്ല. മറിച്ച് ഏതെങ്കിലും ഒരു പാപത്തിന്‍റെ മാത്രം കാലികശിക്ഷയാണ് പൂര്‍ണ്ണമായും മോചിക്കപ്പെടുന്നത്. അതിനാല്‍ ഒരിക്കല്‍ പൂര്‍ണ്ണദണ്ഡവിമോചനത്തിനായുള്ള പരിശ്രമങ്ങള്‍ കേവലം ഒരു പ്രാവശ്യംകൊണ്ട് അവസാനിപ്പിക്കേണ്ടതല്ല താനും. )

നാളെ ആഗസ്റ്റ് 2നു 8 ദിവസങ്ങള്‍ മുന്‍പോ, ശേഷമോ നല്ല കുമ്പസാരം നടത്തുക എന്നതാണ് ദണ്ഡവിമോചനം നേടുന്നതിനുള്ള ഏറ്റവും പ്രധാന കാര്യം. നാളെ (ഓഗസ്റ്റ് 2) വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുകയും അനുതാപം നിറഞ്ഞ ഹൃദയത്തോടു കൂടി വിശുദ്ധ കുര്‍ബാന സ്വീകരിക്കുക എന്നതാണ് അടുത്ത പടി. അനുതാപവും ഭക്തിയും നിറഞ്ഞ ഹൃദയത്തോടെ ഇടവക ദേവാലയത്തില്‍ ഒരു സ്വര്‍ഗ്ഗസ്ഥനായ പിതാവും, വിശ്വാസ പ്രമാണവും ചൊല്ലിയതിനു ശേഷം മാര്‍പാപ്പയുടെ നിയോഗം സമര്‍പ്പിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുകയും വേണം.

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ദണ്ഡവിമോചനത്തിനുള്ള തിയതി തീരുമാനിച്ചതും വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി തന്നെയായിരിന്നുവെന്നാണ് ചരിത്രം. വിശുദ്ധ പത്രോസിന്റെ ചങ്ങലകളുടെ ഓര്‍മ്മദിവസം (തടവറയില്‍ നിന്നും മോചിതനായത്) ഓഗസ്റ്റ് ഒന്ന്‍ എന്ന തീയതിയെ അടിസ്ഥാനപ്പെടുത്തിയാണ് ദിവസം നിജപ്പെടുത്തിയത്. ഈ ദിവസം പാപികള്‍ക്ക് തങ്ങളുടെ പാപമാകുന്ന ചങ്ങലകളില്‍ നിന്നും മോചനം നേടുവാന്‍ കഴിയണമെന്ന് വിശുദ്ധ ഫ്രാന്‍സിസ് ആഗ്രഹിച്ചു. ഇറ്റലിയിലെ അസീസ്സിയില്‍ നിന്നും 5 കിലോമീറ്റര്‍ അകലെയുള്ള സെന്റ്‌ മേരി ഓഫ് ഏഞ്ചല്‍സ് ബസലിക്കയിലാണ് ഇപ്പോള്‍ പോര്‍സ്യുങ്കുള ചാപ്പല്‍ സ്ഥിതി ചെയ്യുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 778