News

ഉന്നത സ്ഥാനങ്ങളിലെ ഇസ്ലാമികവത്ക്കരണം: നൈജീരിയയിലെ മതരാഷ്ട്രീയത്തിനെതിരെ സംഘടിച്ച് ക്രിസ്ത്യന്‍ നേതാക്കള്‍

പ്രവാചകശബ്ദം 01-08-2022 - Monday

അബൂജ: നൈജീരിയയില്‍ അടുത്ത വര്‍ഷം നടക്കുവാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ പ്രസിഡന്‍ഷ്യല്‍ പദവികളിലേക്ക് മുസ്ലീങ്ങളെ മാത്രം പരിഗണിച്ച ഓള്‍ പ്രോഗസീവ് കോണ്‍ഗ്രസ് പാര്‍ട്ടി (എ.പി.സി)യുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചുക്കൊണ്ട് പാര്‍ട്ടിയിലെ വടക്കന്‍ നൈജീരിയയില്‍ നിന്നുള്ള ക്രൈസ്തവ നേതാക്കള്‍ യോഗം ചേര്‍ന്നു. ക്രൈസ്തവര്‍ക്കും മുസ്ലീങ്ങള്‍ക്കും തുല്യ പ്രാതിനിധ്യം നല്‍കാത്തവര്‍ക്ക് വോട്ട് ചെയ്യരുതെന്ന് യോഗത്തില്‍ പങ്കെടുത്ത ക്രിസ്ത്യന്‍ നേതാക്കള്‍ നൈജീരിയന്‍ ജനതയോട് ആഹ്വാനം ചെയ്തു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികളിലേക്ക് മുസ്ലീങ്ങളെ മാത്രം പരിഗണിച്ചാല്‍ അത് വിഭാഗീയതക്ക് കാരണമാകുമെന്നും അതിനാല്‍ ദേശസ്നേഹികളായ നൈജീരിയക്കാര്‍ അത് തള്ളിക്കളയണമെന്നും ആഹ്വാനത്തില്‍ പറയുന്നു.

ഫെഡറേഷന്‍ ഗവണ്‍മെന്റിന്റെ മുന്‍ സെക്രട്ടറി ബാബാച്ചിര്‍ ലാവല്‍, ജനപ്രതിനിധി സഭയുടെ മുന്‍ സ്പീക്കര്‍ യാകുബു ഡോഗാര, മുന്‍ യുവജനക്ഷേമ വകുപ്പ് മന്ത്രി സോളമന്‍ ഡാലുങ്, സെനറ്റര്‍ ഇഷാകു അബ്ബോ തുടങ്ങി വടക്കന്‍ നൈജീരിയയില്‍ നിന്നുള്ള നിരവധി പ്രമുഖ ക്രിസ്ത്യന്‍ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. 2023-ലെ പൊതുതിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് - വൈസ് പ്രസിഡന്റ് പദവികളിലേക്ക് മുസ്ലീങ്ങളെ മാത്രം പരിഗണിച്ച എ.പി.സി യുടെ തീരുമാനം തങ്ങളെ ഞെട്ടിച്ചുവെന്ന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച ലാവല്‍ പറഞ്ഞു. വടക്കന്‍ മേഖലയിലെ ക്രൈസ്തവര്‍ക്കെതിരെയുള്ള ഒരു വലിയ ഗൂഢലോചനയുടെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ എതിര്‍പ്പിന് ചരിത്രപരമായ അടിത്തറയുണ്ടെന്ന് പറഞ്ഞ ലാവല്‍ കെബ്ബി- നൈജര്‍, കടുണ എന്നീ സംസ്ഥാനങ്ങളില്‍ മുന്‍ കാലങ്ങളില്‍ ഡെപ്യൂട്ടി ഗവര്‍ണര്‍മാര്‍ ക്രൈസ്തവരായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ എല്ലാ പദവികളിലും മുസ്ലീങ്ങള്‍ മാത്രമാണെന്നും ചൂണ്ടിക്കാട്ടി. എ.പി.സിയുടെ നിയന്ത്രണത്തിലുള്ള സംസ്ഥാനങ്ങളിലാണ് ഇതെല്ലാം സംഭവിക്കുന്നതെന്നും ഗോംബെ, കോഗി, അഡമാവ എന്നീ സംസ്ഥാനങ്ങളിലും ഇതാവര്‍ത്തിക്കുമെന്ന് എ.പി.സി ഭീഷണിപ്പെടുത്തിയിരിക്കുകയാണെന്നും, ക്രിസ്ത്യന്‍ ഭരണാധികാരി മരിച്ചാല്‍ പകരക്കാരനായി മുസ്ലീം ഭരണാധികാരിയെ കൊണ്ടുവരുന്നത് പതിവായിരിക്കുകയാണെന്നും ലാവല്‍ പറയുന്നു.

എ.പി.സി പാര്‍ട്ടിയുടെ നാഷണല്‍ വര്‍ക്കിംഗ് കമ്മിറ്റിയില്‍ (എന്‍.ഡബ്ലിയു.സി) നിന്നും, നാഷ്ണല്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും വടക്കന്‍ മേഖലയില്‍ നിന്നുള്ള ക്രൈസ്തവരെ പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുകയാണ്. എ.പി.സി’യുടെ പ്രസിഡന്‍റ് - വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥികള്‍ 'മുസ്ലീം-മുസ്ലീം' ആണെന്നുള്ള തീരുമാനം പെട്ടെന്നുള്ള തീരുമാനമല്ലെന്നും വളരെക്കാലമായുള്ള രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാണെന്നും ആരോപിച്ച ലാവല്‍ വിദ്യാഭ്യാസപരവും, സാമ്പത്തികപരവും, രാഷ്ട്രീയപരവുമായി വടക്കന്‍ മേഖലയിലെ ക്രൈസ്തവരെ പാര്‍ശ്വവല്‍ക്കരിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ചൂണ്ടിക്കാട്ടി.

ഇക്കഴിഞ്ഞ ജൂലൈ 10നാണ് ‘എ.പി.സി’യുടെ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയായി ബോലാ ടിനുബുവിനെയും, സെനറ്റര്‍ കാഷിം ഷെട്ടിമയെ വൈസ്-പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായും പ്രഖ്യാപിച്ചത്. ഇരുവരും ഇസ്ലാം മതസ്ഥരാണ്. പൊതുതിരഞ്ഞെടുപ്പില്‍ ഇസ്ലാം മതസ്ഥര്‍ക്ക് മാത്രം പ്രാതിനിധ്യം നല്‍കിയാല്‍ അത് രാഷ്ട്രത്തിന്റെ ഐക്യത്തെ ബാധിക്കുമെന്ന് നൈജീരിയന്‍ മെത്രാന്‍ സമിതി മുന്നറിയിപ്പ് നല്‍കി ഒരു മാസത്തിനുള്ളിലാണ് ഈ പ്രഖ്യാപനം നടന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 778