News - 2025

സന്യസ്തര്‍ക്കെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ച യൂട്യൂബ് ചാനലിന് എതിരെ കേസ് ഫയൽ ചെയ്തു

പ്രവാചകശബ്ദം 18-09-2022 - Sunday

കൊച്ചി: "മഠത്തിന്റെ മറവിൽ കുഞ്ഞുങ്ങൾക്ക് വിലപേശൽ... കുഞ്ഞിന് രണ്ട് ലക്ഷം വില പറഞ്ഞ് കന്യാസ്ത്രീ... നിലവിളിയുമായി പെറ്റമ്മ..." എന്ന വ്യാജ പ്രചരണവുമായി കത്തോലിക്ക സന്യാസിനികള്‍ക്ക് നേരെ വ്യാജ പ്രചരണം നടത്തിയ യൂട്യൂബ് ചാനലിന് എതിരെ കേസ് ഫയൽ ചെയ്തു. സെപ്റ്റംബർ 12നാണ് മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനിമാർ നടത്തിവരുന്ന എറണാകുളത്തുള്ള നിർമ്മലാ ശിശുഭവനുമായി ബന്ധപ്പെട്ട വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് എബിസി മലയാളം എന്ന യൂട്യൂബ് ചാനല്‍ തെറ്റായ വീഡിയോ പ്രസിദ്ധീകരിച്ചത്. ഇതിനെതിരെയാണ് കത്തോലിക്ക സന്യാസിനികള്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ആഴ്ചകൾക്ക് മുമ്പാണ് ജയലക്ഷ്മി എന്ന സ്ത്രീ ഭർത്താവുമായുണ്ടായ കലഹത്തെ തുടർന്ന്, തനിക്ക് കുട്ടിയെ നോക്കാൻ ബുദ്ധിമുട്ടുണ്ട് എന്ന വാദവുമായി ചൈൽഡ് വെൽഫെയർ കമ്മറ്റി (CWC) ക്ക് മുന്നിൽ എത്തുന്നത്. കുട്ടിയുടെ പരിപാലന ചുമതല ഏറ്റെടുത്ത CWC കുട്ടിയെ ഒരു മാസത്തേയ്ക്ക് നിർമ്മല ശിശുഭവനിൽ സംരക്ഷിക്കാനായി ഓർഡർ നൽകുകയും, അപ്രകാരം നിർമ്മല ശിശുഭവൻ അധികൃതർ കുട്ടിയെ ഏറ്റെടുക്കുകയും ചെയ്തു. തുടർന്ന് ഏതാനും ദിവസങ്ങൾക്ക് ശേഷം കുട്ടിയെ തിരികെ വേണം എന്ന ആവശ്യവുമായി പ്രകാശും ജയലക്ഷ്മിയും നേരിട്ട് ശിശുഭവനിൽ എത്തി. എന്നാൽ, നിയമപ്രകാരം CWC യുടെ ഓർഡർ ഇല്ലാതെ കുട്ടിയെ നൽകാൻ ശിശുഭവൻ അധികൃതർക്ക് കഴിയുമായിരുന്നില്ല.

CWC യുടെ ഓർഡറുമായി വരണമെന്ന് പറഞ്ഞതിനെ തുടർന്ന് അവർ പോയി ഓർഡർ കരസ്ഥമാക്കുകയും വീണ്ടും ശിശുഭവനിൽ എത്തുകയും ചെയ്തു. എന്നാൽ, ശിശുഭവന്റെ ഉത്തരവാദിത്തമുള്ള അധികാരിയായ സന്യാസിനി അപ്പോൾ സ്ഥലത്തുണ്ടായിരുന്നില്ല. അതിനാൽ ഒരുമണിക്കൂർ വെയ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ അവർ പ്രകോപിതരാവുകയും വാസ്തവ വിരുദ്ധമായ ആരോപണങ്ങൾ ഉയർത്തി ആക്രോശിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടത്. ഏറെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ അന്നു എ‌ബി‌സി മലയാളം വീഡിയോ പുറത്തുവിട്ടിരിന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയായില്‍ വ്യാപക പ്രതിഷേധമുണ്ടായിരിന്നു.

യൂട്യൂബ് ചാനലുകാരൻ ചോദിക്കുന്ന അർത്ഥമില്ലാത്ത ജല്പനങ്ങളിൽ പതറുന്നവരല്ല ക്രൈസ്തവ സന്യസ്തരെന്നും രാത്രിയുടെ യാമങ്ങളിൽ ഒരു പോള കണ്ണടയ്ക്കാതെ കാവലിരുന്നാണ് കന്യാസ്ത്രീമാർ തങ്ങളെ ഏല്പിക്കുന്ന കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതെന്നും സിസ്റ്റര്‍ സോണിയ തെരേസ് ഫേസ്ബുക്കില്‍ കുറിച്ചു. ക്രൈസ്തവ സത്യസ്തർക്ക് എതിരെ പ്രചരിപ്പിക്കുന്ന ഇത്തരം വ്യാജപ്രചരണങ്ങൾക്ക് എതിരെ ഇനി സന്യസ്തർ കയ്യുംകെട്ടി നോക്കിയിരിക്കില്ലായെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

More Archives >>

Page 1 of 790